നിങ്ങളുടെ ബിസിനസില്‍ ഈ പ്രശ്‌നമുണ്ടോ? പരിഹരിക്കാന്‍ വഴിയുണ്ട്
ബിസിനസില്‍ നല്ല ലാഭത്തില്‍ പോയിട്ടും പണമില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അത് മാറ്റാനുള്ള വഴിയിതാ
രാമാനന്ദ് തന്റെ ബിസിനസിന്റെ പ്രോഫിറ്റ് ആന്‍ഡ് ലോസ് അക്കൗണ്ട് പരിശോധിക്കുകയാണ്. വില്‍പ്പന കുതിച്ചുയരുന്നുണ്ട്. ബിസിനസ് നല്ല ലാഭം കാണിക്കുന്നു. ഓരോ വര്‍ഷവും ലാഭം കൂടുകയും ചെയ്യുന്നു.
എന്നാല്‍ ഈ ലാഭമെല്ലാം എവിടെ പോകുന്നു? വലിയ ലാഭമുണ്ടെങ്കിലും ബിസിനസില്‍ ഇത് പണമായി കാണപ്പെടുന്നില്ല. എപ്പോള്‍ നോക്കിയാലും പണത്തിന് ഞെരുക്കമാണ്. എന്താണ് ബിസിനസില്‍ സംഭവിക്കുന്നത്?
ഇത് രാമാനന്ദിന്റെ മാത്രം പ്രശ്‌നമല്ല. ബിസിനസ് നല്ല രീതിയില്‍, വര്‍ദ്ധിച്ച ലാഭത്തില്‍ മുന്നോട്ട് പോകുമ്പോഴും ഒന്നിനും പണം തികയാത്ത അവസ്ഥ. ബിസിനസിന്റെ ദൈനംദിന ചെലവുകള്‍ക്കോ വിപുലീകരണത്തിനോ ആവശ്യത്തിനുള്ള പണം ലഭ്യമാകുന്നില്ല.
എന്നാല്‍ അതേസമയം ഇത്രയും വില്‍പ്പനയില്ലാത്ത, വലിയ ലാഭമില്ലാത്ത ചില ബിസിനസുകളില്‍ പണം ആവശ്യത്തിന് കാണുകയും ചെയ്യാം. വലിയ ബിസിനസുകളെക്കാള്‍ കൂടുതല്‍ കാര്യക്ഷമത ചിലപ്പോള്‍ ഇത്തരം ചെറിയ ബിസിനസുകളില്‍ പ്രകടമാകാം.
പണം വീണ്ടും പണമായി മാറുവാനെടുക്കുന്ന കാലയളവാണ് ബിസിനസില്‍ പണത്തിന്റെ ലഭ്യത നിശ്ചയിക്കുന്നത്. പണം അസംസ്‌കൃത വസ്തുക്കളായി മാറുന്നു പിന്നീടത് ഉല്‍പ്പന്നമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഈ ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നു. ഉപഭോക്താക്കള്‍ പണം നല്‍കുന്നു. ഈ പ്രക്രിയയുടെ കാലയളവ് കൂടുതലെങ്കില്‍ പണം ബിസിനസിലേക്ക് തിരികെയെത്തുവാന്‍ സമയം കൂടുതലെടുക്കും.
കാഷ് ആന്‍ഡ് കാരി (Cash & Carry) ബിസിനസില്‍ പണത്തിന്റെ ലഭ്യതയ്ക്ക് യാതൊരു കുറവും ഉണ്ടാകുകയില്ല. അവിടെ ഉല്‍പ്പന്നം വില്‍ക്കുകയും അപ്പോള്‍ തന്നെ പണം ഉപഭോക്താവില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് നല്‍കുന്ന ഒരു ബിസിനസില്‍ ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്ന പണം തിരികെയെത്താന്‍ കാലതാമസമെടുക്കും.
ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉടന്‍ തന്നെ പണം നല്‍കിയോ അല്ലെങ്കില്‍ കുറഞ്ഞ ക്രെഡിറ്റ് പിരീഡിലോ ആണ് വാങ്ങുന്നതെങ്കില്‍ വില്‍പ്പന നടത്തി പണം ബിസിനസിലേക്ക് വരുന്നതിന് മുന്‍പേതന്നെ ക്രെഡിറ്റേഴ്‌സിന് പണം നല്‍കേണ്ടി വരുന്നു. കൂടുതല്‍ പണം അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോക്ക് ചെയ്യാന്‍ വിനിയോഗിക്കുമ്പോള്‍ ഇത് ഉല്‍പ്പന്നമായി മാറി വില്‍പ്പന നടന്ന് പണം തിരികെ ലഭിക്കുവാന്‍ കാലതാമസമെടുക്കുന്നു.
കുറഞ്ഞ കാഷ് സൈക്കിള്‍ (Short Cash Cycle) പ്രസക്തമാകുന്നത് ഇവിടെയാണ്. ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്ന പണം എത്രയും വേഗം ബിസിനസിലേക്ക് തിരികെയെത്തണം. ബിസിനസിന്റെ പുരോഗതിക്ക് ഇത് അനിവാര്യമാണ്. ക്രെഡിറ്റ് പിരീഡ് കൂടുതല്‍ നല്‍കി വില്‍പ്പന ഉയര്‍ത്തുമ്പോള്‍ ബിസിനസില്‍ ലാഭം കൂടാം പക്ഷേ പണത്തിന്റെ വരവിന് കാലതാമസം വരുന്നു. എന്നാല് കുറഞ്ഞ ക്രെഡിറ്റ് പിരീഡ് ഉപഭോക്താക്കള്‍ക്ക് അനുവദിക്കുമ്പോള്‍ പണം വേഗത്തില്‍ തിരികെയെത്തും. ബിസിനസിലെ ക്രെഡിറ്റ് പോളിസിയുടെ ശക്തിയാണ് ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്കിനെ സഹായിക്കുന്നത്.
അനാവശ്യമായി കൂടുതല്‍ പണം സ്റ്റോക്കില്‍ നിക്ഷേപിക്കുക, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്രെഡിറ്റ് പിരീഡ് അനുവദിക്കുക, രൊക്കം പണം നല്‍കിയോ കുറഞ്ഞ ക്രെഡിറ്റ് പിരീഡിലോ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുക, ഉപഭോക്താക്കളില്‍ നിന്നും കൃത്യമായി പണം കളക്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുക എന്നിവയൊക്കെയും കാഷ് സൈക്കിള്‍ വലുതാവാന്‍ ഇടവരുത്തും. പ്രവര്‍ത്തന മൂലധനത്തിനായി ബിസിനസ് ഏതു നേരവും ബുദ്ധിമുട്ടിക്കൊണ്ടിരിക്കും.
ബിസിനസില്‍ കുറഞ്ഞ കാഷ് സൈക്കിള്‍ (Short Cash Cycle) നടപ്പില്‍ വരുത്തുക വ്യത്യസ്ത തന്ത്രങ്ങളുടെ ഒരു സങ്കലനമാണ്. സ്റ്റോക്കിലുള്ള നിക്ഷേപം മുതല്‍ ഉപഭോക്താക്കളില്‍ നിന്നും പണം കളക്റ്റ് ചെയ്യുന്നത് വരെയുള്ള വിവിധ പ്രക്രിയകള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്തുമ്പോള്‍ അത് സാധ്യമാകുന്നു.