വില്‍പ്പനക്കാരന്റെ ഭാഷയേക്കാള്‍ ശരീര ഭാഷ പ്രധാനം

കസ്റ്റമറെ അസ്വസ്ഥമാക്കുന്ന, പ്രകോപിപ്പിക്കുന്ന ശരീര ഭാഷ വില്‍പ്പനയെ ബാധിക്കും

Update: 2023-08-21 09:59 GMT

Image courtesy: canva

ഒരിക്കല്‍ എന്റെ ഓഫീസിലേക്ക് ഒരു സെയില്‍സ് എക്‌സിക്യൂട്ടീവ് കടന്നുവന്നു. അയാളുടെ ഉല്‍പ്പന്നത്തെക്കുറിച്ച് അയാള്‍ എന്നോട് വാചാലനായി. അയാളുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാള്‍ക്ക് നല്ല വിവരമുണ്ട്, നന്നായി സംസാരിക്കുന്നുമുണ്ട്. എന്നാല്‍ സംസാരിക്കുന്നതിനിടെ അയാള്‍ ഒരു പേന വിരലുകള്‍ക്കിടയില്‍ കുരുക്കി ആട്ടിക്കൊണ്ടിരുന്നു. ഇത് എന്നെ അസ്വസ്ഥനാക്കി.

അയാള്‍ പറയുന്നതില്‍ നിന്നും എന്റെ ശ്രദ്ധ വ്യതിചലിച്ച് ആ പേനയിലേക്ക് ഞാന്‍ ഇടയ്ക്കിടെ നോക്കി. എങ്ങിനെയെങ്കിലും അയാള്‍ പോയാല്‍ മതി എന്ന നിലയിലേക്ക് എന്റെ ചിന്തകളെത്തി. പേന വിരലുകള്‍ക്കിടയില്‍ ഇറുക്കിപ്പിടിച്ചുകൊണ്ടുള്ള അയാളുടെ പ്രവൃത്തി വളരെ അരോചകമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അയാള്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് എന്റെ മനസ്സ് പറയുന്നു.

ഒരു വില്‍പ്പനക്കാരന്റെ ശരീര ഭാഷയ്ക്ക് (Body Language) അതീവ പ്രാധാന്യമുണ്ട്. മോശമായ അല്ലെങ്കില്‍ കസ്റ്റമറെ അസ്വസ്ഥമാക്കുന്ന, പ്രകോപിപ്പിക്കുന്ന ശരീര ഭാഷ വില്‍പ്പനയെ ബാധിക്കും. എന്തായിരിക്കണം ഒരു വില്‍പ്പനക്കാരന്റെ ശരീര ഭാഷ.

സംസാര ഭാഷയും ശരീര ഭാഷയും

നിങ്ങള്‍ ഒരു വില്‍പ്പനക്കാരനാണെങ്കില്‍ നിങ്ങളുടെ സംസാര ഭാഷയും ശരീര ഭാഷയും ഉപഭോക്താവിനെ സ്വാധീനിക്കുവാന്‍ തക്ക പ്രാപ്തിയുള്ളതായിരിക്കണം. സംസാരത്തിന്റെ ശൈലിക്കും (Tone of the Voice) ഉപയോഗിക്കുന്ന വാക്കുകള്‍ക്കും വില്‍പ്പനയില്‍ വെറും 45% മാത്രം പ്രാധാന്യമേയുള്ളൂ. ബാക്കി 55% നിങ്ങളുടെ ശരീര ഭാഷയിലാണ് അടങ്ങിയിരിക്കുന്നത്. ഒരു വില്‍പ്പനക്കാരന്‍ ആദ്യം തിരിച്ചറിയേണ്ടത് തന്റെ ശരീരവും കസ്റ്റമറോട് സംസാരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ്.

നിങ്ങളുടെ ചുണ്ടുകള്‍ മാത്രമല്ല ശബ്ദിക്കുന്നത് നിങ്ങളുടെ ശരീരവും കൂടിയാണ്. കസ്റ്റമര്‍ നിങ്ങളുടെ ശബ്ദം മാത്രമല്ല കേള്‍ക്കുന്നത്. നിങ്ങളുടെ ശരീരത്തിന്റെ ചലനവും അവരെ സ്വാധീനിക്കുന്നു. അതി സരസമായി, ഭംഗിയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന വില്‍പ്പനക്കാര്‍ പോലും ശരീരഭാഷയുടെ വഴക്കമില്ലായ്മ മൂലം വില്‍പ്പനയില്‍ പരാജയപ്പെടാം. ശരീരത്തെ നിയന്ത്രണത്തില്‍ നിര്‍ത്തി വാക്കുകള്‍ക്കൊപ്പം ചലനവും ഏകീകരിച്ച് മികച്ചൊരു വില്‍പ്പനക്കാരനായി മാറാന്‍ കഴിയും.

മനസ്സും ശരീരവും ശാന്തമാക്കുക

ഒരിക്കലും അസ്വസ്ഥമായ, കലങ്ങിയ മനസ്സും ശരീരവുമായി കസ്റ്റമറെ സന്ദര്‍ശിക്കരുത്. അത്തരം അവസരങ്ങളില്‍ നിങ്ങളില്‍ നിന്നും പുറപ്പെടുന്നത് നെഗറ്റീവ് ഊര്‍ജ്ജമായിരിക്കും. ഇത് കസ്റ്റമറുടെ മനസ്സികാവസ്ഥയെ ബാധിക്കും. അവരും നിങ്ങള്‍ക്കൊപ്പമിരുന്ന് പെട്ടെന്ന് അസ്വസ്ഥരാകും. കസ്റ്റമറെ സന്ദര്‍ശിക്കാനൊരുങ്ങുമ്പോള്‍ മനസ്സ് പരമാവധി ശാന്തമാക്കുവാന്‍ ശ്രമിക്കുക.

നന്നായി തയ്യാറെടുക്കുക എന്നതാണ് മനസ്സിലെ ഭയത്തെ ഇല്ലായ്മ ചെയ്യുവാനുള്ള നല്ല മാര്‍ഗ്ഗം. ഓരോ സന്ദര്‍ശനത്തിന് മുന്‍പും അല്‍പ്പനേരം കണ്ണുകള്‍ അടച്ചിരുന്ന് മൗനമായി മനസ്സിനെ നിരീക്ഷിക്കുക. ഇതിനെ ധ്യാനമെന്നോ ഏകാഗ്രതയെന്നോ വിളിക്കാം. മനസ്സിലെ തിരകളെ നിയന്ത്രിക്കുവാന്‍ ഇത് സഹായകരമാകും. നാലോ അഞ്ചോ തവണ ദീര്‍ഘ ശ്വാസം എടുത്തു വിടുക. മനസ്സിലെ അസ്വസ്ഥതകളും ഭയവും നീങ്ങട്ടെ. നിങ്ങള്‍ നിങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുക.

കണ്ണുകള്‍

മനസ്സിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നു കണ്ണുകള്‍. നിങ്ങളുടെ മനസ്സിന്റെ അവസ്ഥ നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുന്ന കസ്റ്റമര്‍ക്ക് പെട്ടെന്ന് പിടുത്തം കിട്ടും. ചുണ്ടുകളില്‍ മാത്രം ചിരി പോരായെന്നര്‍ത്ഥം. കണ്ണുകളും ചിരിക്കണം. കണ്ണുകളില്‍ ഊര്‍ജ്ജം നിറയണം.

കസ്റ്റമറുമായി സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. മറ്റെവിടെയെങ്കിലും നോക്കി സംസാരിക്കുകയാണെങ്കില്‍ കസ്റ്റമര്‍ക്ക് നിങ്ങളിലുള്ള താല്‍പ്പര്യം പെട്ടെന്ന് നഷ്ടപ്പെടും. നിങ്ങള്‍ സത്യസന്ധമായല്ല കാര്യങ്ങള്‍ പറയുന്നതെന്ന് അവര്‍ക്ക് തോന്നും. നിങ്ങള്‍ അസ്വസ്ഥനാണെങ്കില്‍ അത് അവര്‍ക്ക് കണ്ണുകളിലൂടെ വായിച്ചെടുക്കാന്‍ സാധിക്കും. ഇതെല്ലാം വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

സംസാരത്തിനിടയില്‍ മനസ്സിലുണ്ടാകുന്ന വികാര വിചാരങ്ങള്‍ സ്വാഭാവികമായും നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കും. കസ്റ്റമര്‍ ഇത് സാകൂതം ശ്രദ്ധിക്കുന്നുണ്ട്. എപ്പോഴും മുഖം ശാന്തവും പിരിമുറുക്കം ഇല്ലാത്തതുമായിരിക്കുവാന്‍ ശ്രദ്ധ പുലര്‍ത്തുക. നിങ്ങളുടെ മനോഹരമായ സംസാരവും ശാന്തമായ മുഖവും ഊര്‍ജ്ജം പ്രസരിക്കുന്ന കണ്ണുകളും വില്‍പ്പനയെ അതിശക്തമായി പിന്തുണയ്ക്കും.

മുഖഭാവം

നിങ്ങളുടെ മുഖത്തെ കണ്ണുകള്‍ മാത്രമല്ല കസ്റ്റമറോട് സംസാരിക്കുന്നത്. താഴെ പറയുന്നവ കൂടി ഒന്ന് ശ്രദ്ധിക്കൂ.

• ചുണ്ടുകളുടെ ചലനം

• മൂക്കിന്റെ ചലനങ്ങള്‍

• നെറ്റിയില്‍ ഉണ്ടാകുന്ന ചുളിവുകള്‍/നിവര്‍ത്തലുകള്‍

• കഴുത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷം

ചുണ്ടുകള്‍ ശാന്തമായിരിക്കട്ടെ. അവിടെ വിറയലോ സംഘര്‍ഷമോ ഉണ്ടാകുവാന്‍ പാടില്ല. നല്ലൊരു പുഞ്ചിരി ഇതിനായി സഹായിക്കും. മുഖത്തെ ഭാവങ്ങള്‍ പോസിറ്റീവായിരിക്കാന്‍ സദാ ശ്രദ്ധിക്കുക. അനാവശ്യ നെറ്റി ചുളിക്കലുകളോ മൂക്ക് വിടര്‍ത്തലുകളോ ഒഴിവാക്കാം. കഴുത്ത് പിരിമുറുക്കമില്ലാതെ അയഞ്ഞിരിക്കട്ടെ. വില്‍പ്പനയുടെ ഗതി എന്തുമാവട്ടെ ശാന്തമായ മുഖഭാവം എപ്പോഴും സൂക്ഷിക്കുക.

കൈകള്‍

സംസാരിക്കുമ്പോള്‍ നാം കൈകള്‍ ഉപയോഗിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. ഞാന്‍ ആദ്യം സൂചിപ്പിച്ച വില്‍പ്പനക്കാരനെപ്പോലെ. കൈകളുടെ, വിരലുകളുടെ ചലനങ്ങള്‍ പെട്ടെന്ന് സംസാരത്തിന്റെ ദിശ മാറ്റും. കസ്റ്റമറെ അസ്വസ്ഥമാക്കുന്ന കരചലനങ്ങള്‍ വില്‍പ്പനയെ ആപത്തിലാക്കും.

കൈകള്‍ കെട്ടി കസ്റ്റമര്‍ക്ക് മുന്നില്‍ ഇരിക്കരുത്. അങ്ങിനെയൊരു സ്വഭാവമുണ്ടെങ്കില്‍ കൈകള്‍ മടിയില്‍ ചേര്‍ത്തു വെക്കുക. അല്‍പ്പം മുന്നോട്ട് ചാഞ്ഞ് കസ്റ്റമര്‍ പറയുന്നത് സശ്രദ്ധം കേള്‍ക്കുക. വില്‍പ്പനക്കാരന്‍ തന്റെ വാക്കുകള്‍ അതീവ താല്‍പ്പര്യത്തോടെ ശ്രദ്ധിക്കുന്നുവെന്ന തോന്നലുളവാക്കുവാന്‍ ഇതിന് സാധിക്കും. കൈകള്‍ അനാവശ്യമായി ചലിപ്പിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ചെയ്യരുത്. കസ്റ്റമറില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തുക.

കാലുകള്‍

പാദങ്ങള്‍ ആട്ടുകയോ കാലുകള്‍ അനാവശ്യമായി ചലിപ്പിക്കുകയോ ചെയ്യരുത്. നിങ്ങള്‍ രണ്ടുപേരും സംസാരിക്കുമ്പോള്‍ കാലുകളുടെ ചലനങ്ങള്‍ ശ്രദ്ധ പതറിക്കുവാന്‍ ഇടയാക്കരുത്. കാലുകള്‍ കുലുക്കുകയോ പാദങ്ങള്‍ തട്ടി ശബ്ദം ഉയര്‍ത്തുകയോ ചെയ്യരുത്. കാലുകള്‍ കൊണ്ട് കസ്റ്റമറുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം.

സംസാരവും ശരീരവും ഏകരൂപത്തില്‍ കസ്റ്റമറോട് സംവദിക്കുമ്പോഴാണ് പോസിറ്റീവായ ഊര്‍ജ്ജം ഉടലെടുക്കുന്നത്. ശരീരത്തിന്റെ ഓരോ ചലനവും ശ്രദ്ധിക്കുക. ശരീര ഭാഷ പരിശീലിക്കുക. ഒപ്പമുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുക, ആവശ്യമായ തിരുത്തലുകള്‍ വരുത്തുക. ശരീരവും സംസാരിക്കുന്നുണ്ടെന്ന് ഒരിക്കലും മറക്കാതിരിക്കുക.

Tags:    

Similar News