ജിയോയും ഇന്‍ഡിഗോയും വിപണി പിടിച്ച തന്ത്രം അറിയണ്ടേ?
ഈ രണ്ടുകമ്പനികളുടെ ബിസിനസ് സ്ട്രാറ്റജി സംരംഭകരെ പഠിപ്പിക്കുന്ന ഒരു കാര്യം ഇതാണ്
നിങ്ങള്‍ വളരെക്കാലമായി മൊബൈല്‍ ഉപയോഗിക്കുന്നു. ഫോണ്‍ വിളികള്‍ക്കും മൊബൈല്‍ ഡാറ്റയ്ക്കുമായി മാസത്തില്‍ നല്ലൊരു തുക ചെലവാകുന്നുണ്ട്. ഇന്റര്‍നെറ്റ് ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മൊബൈല്‍ ഡാറ്റ ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങാന്‍ പറ്റാത്ത അവസ്ഥയായി. അതുകൊണ്ട് ഈ ചെലവ് നിങ്ങള്‍ സഹിക്കുന്നു.
അപ്പോള്‍ അതാ പുതിയൊരു മൊബൈല്‍ കമ്പനി ഉദയം ചെയ്യുന്നു. നിങ്ങള്‍ കടന്നു വരൂ, ഫ്രീയായി എത്ര വേണമെങ്കിലും ഫോണ്‍ വിളിക്കൂ, ഇന്റര്‍നെറ്റ് ഉപയോഗിക്കൂ. അഞ്ചു പൈസ തരേണ്ടതില്ല, അടിപൊളി. നിലവിലെ സേവനദാതാവിനെ നിങ്ങള്‍ പുല്ലുപോലെ വലിച്ചെറിയുന്നു. പുതിയ കമ്പനിയെ സ്വീകരിക്കുന്നു. എല്ലാം പൂര്‍ണ്ണമായും ഫ്രീ. ആനന്ദലബ്ധിക്കിനിയെന്തു വേണം.
കുറച്ച് മാസങ്ങള്‍ കടന്നു പോകുന്നു. നിങ്ങളുടെ പുതിയ മൊബൈല്‍ സേവനദാതാവ് പറയുന്നു ഇതാ, ഞങ്ങള് ഇനി നിങ്ങളുടെ കയ്യില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കാന് തുടങ്ങുന്നു. ഇനിയൊന്നും സൗജന്യമല്ല. നിങ്ങള്‍ അന്തംവിടുന്നു. കാരണം നിങ്ങളത് പ്രതീക്ഷിച്ചതേയില്ല. ഇതെന്നും എക്കാലവും സൗജന്യമായി മുന്നോട്ടു പോകും എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു പോയി. ഇനി രക്ഷയില്ല. നിങ്ങള്‍ പണം നല്‍കി സേവനം ഉപയോഗിച്ചു തുടങ്ങുന്നു.
റിലയന്‍സ് ജിയോ ഇങ്ങിനെയാണ് വിപണിയിലേക്ക് ആഴ്ന്നിറങ്ങിയത്. ആദ്യം സൗജന്യമായി സേവനങ്ങള്‍ നല്‍കി. പിന്നീട് അവയ്ക്ക് പണം ഈടാക്കി. വിപണിയുടെ വലിയൊരു ഭാഗം പിടിച്ചെടുത്തതിന് ശേഷമാണ് അവര്‍ സൗജന്യ സേവനം അവസാനിപ്പിച്ചത്. മറ്റ് കമ്പനികള്‍ക്ക് അവരുടെ പ്രൈസ് പിന്തുടരാതെ നിവൃത്തിയില്ലാതെ വന്നു. ടെലികോം രംഗത്തെ പ്രൈസ് ലീഡര്‍ ജിയോ ആയി മാറി.
പ്രൈസ് ലീഡര്‍ഷിപ്പ് (Price Leadership) തന്ത്രത്തിലൂടെ വിപണിയിലെ മറ്റു കമ്പനികളെ തങ്ങളെ പിന്തുടരാന്‍ ജിയോ നിര്ബന്ധിതരാക്കി. വിപണിയുടെ പ്രധാനപ്പെട്ട ഷെയര്‍ കരസ്ഥമാക്കുവാന്‍ അവര്‍ ആദ്യം ശ്രമിച്ചു. അത് കൈപ്പിടിയില്‍ ഒതുങ്ങിയപ്പോള്‍ സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ചുമത്തി. വിപണിയിലെ നേതാവിനെ പിന്തുടരേണ്ട അവസ്ഥയിലായി മറ്റെല്ലാ കമ്പനികളും. ജിയോയുടെ നിരക്കുകള്‍ക്കനുസരിച്ചായി മറ്റ് കമ്പനികളുടെ നിരക്ക് മാറ്റങ്ങള്‍. ടെലികോം വ്യവസായത്തിലെ പ്രൈസ് ലീഡറായി ജിയോ മാറി.
എയര്‍ലൈന്‍സുകള്‍ വലിയ നിരക്കുകള്‍ ഈടാക്കുന്ന സമയം. നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള, മേന്മയുള്ള സേവനങ്ങള്‍ നല്‍കുന്ന വിമാനത്തില്‍ സഞ്ചരിക്കണോ? അത്തരമൊരു യാത്ര വളരെ ചെലവേറിയതായിരുന്നു. എന്നാല്‍ നിരക്ക് കുറഞ്ഞ വിമാനത്തില്‍ പറക്കാന്‍ തീരുമാനിച്ചാല്‍ അതിലെ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തവും. സേവനത്തിന്റെ മേന്മയോ മഹാ മോശവും. ഇത്തരമൊരു സാഹചര്യത്തിലേക്കായിരുന്നു ഇന്‍ഡിഗോ ലാന്‍ഡ് ചെയ്തത്.
ഇന്‍ഡിഗോയുടെ നിരക്കുകള്‍ പ്രീമിയം ഫ്‌ളൈറ്റുകളെക്കാള്‍ കുറവായിരുന്നു. അതേസമയം തന്നെ നിലവിലെ സൗകര്യങ്ങള്‍ കുറഞ്ഞ മറ്റ് ഫ്‌ളൈറ്റുകളെക്കാള്‍ കൂടുതലും. യാത്രക്കാര്‍ക്ക് അവര്‍ നിലവില്‍ നിരക്ക് കുറഞ്ഞ മറ്റ് വിമാനങ്ങളിലെക്കാളും മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്‍കി. യാത്രക്കാര്‍ ഇന്‍ഡിഗോയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇന്‍ഡിഗോ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിലെ പ്രൈസ് ലീഡര്‍ അവരായി മാറി. മറ്റ് കമ്പനികള്‍ യാത്രികരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ സൗകര്യങ്ങളിലും സേവനങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരായി. മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്താന്‍ അതല്ലാതെ മാര്‍ഗ്ഗമില്ലെന്നായി.
വിപണിയിലെ ശക്തരായ ബിസിനസുകളാണ് സാധാരണ പ്രൈസ് ലീഡര്‍ഷിപ്പ് (Price Leadership) തന്ത്രം പ്രയോഗിക്കുന്നത്. വിപണിയിലെ തങ്ങളുടെ മേല്‍ക്കോയ്മയും സാന്നിധ്യവും പ്രകടമാക്കുവാന് അവര്‍ ഈ തന്ത്രത്തെ ഉപയോഗിക്കുന്നു. പ്രൈസ് ലീഡറെ മറ്റ് കമ്പനികള്‍ ശ്രദ്ധയോടെ പിന്തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും വില നിശ്ചയിക്കുവാനുള്ള ശക്തി പ്രൈസ് ലീഡര്‍ കൈവശം സൂക്ഷിക്കുന്നു.