സ്‌കൂളുകളില്‍ നിങ്ങളെ പഠിപ്പിക്കാതെ പോയ മൂന്നു പ്രധാന കാര്യങ്ങള്‍
സ്‌കൂള്‍ കാലത്തു തന്നെ പഠിപ്പിച്ചാല്‍, ആളുകളുടെ ജീവിതത്തില്‍ വളരെ വലിയ വ്യത്യാസം സൃഷ്ടിക്കാവുന്ന മൂന്നു കാര്യങ്ങൾ
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചുള്ള വിയോജിപ്പ് മുമ്പ് പല ലേഖനങ്ങളിലും ഞാന്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ചും 'The Ugly Truth About The Education System You Were Never Told' (https://www.thesouljam.com/post/the-ugly-truth-about-the-education-system-you-were-never-told) എന്ന ലേഖനത്തില്‍. ഞാന്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ വിചിത്രമെന്നും സാമ്പ്രദായികമല്ലാത്തതെന്നും തോന്നാം. ഇതൊന്നും സ്‌കൂളുകളുടെ ഉത്തരവാദിത്തമല്ലെന്ന് വാദിക്കുന്നവരുമുണ്ടാകാം.
എന്നാല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും പലതും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും നമ്മളില്‍ പലരും സമ്മതിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. സ്‌കൂള്‍ കാലത്തു തന്നെ പഠിപ്പിച്ചാല്‍, ആളുകളുടെ ജീവിതത്തില്‍ വളരെ വലിയ വ്യത്യാസം സൃഷ്ടിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്ന മൂന്നു കാര്യങ്ങളാണ് ഇനി പറയുന്നത്.
ആരോഗ്യം നന്നായി പരിപാലിക്കാന്‍ പഠിപ്പിക്കുക
ആരോഗ്യം ഇല്ലാത്തപ്പോഴാണ് നാം അതിനെ കുറിച്ച് ഏറെ ചിന്തിക്കുക. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചെറുപ്പമാണെന്നതു കൊണ്ടു തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ല, അതിനെ കുറിച്ചുള്ള ആശങ്കയുമില്ല. എന്നിരുന്നാലും ആരോഗ്യം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മിക്ക സ്‌കൂളുകളും ആരോഗ്യം നന്നായി പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുകയോ അത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രായോഗിക നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യുന്നില്ല. പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴാണ് മിക്കയാളുകളും ആരോഗ്യത്തിന്റെ മൂല്യം മനസ്സിലാക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ ദശാബ്ദങ്ങളുടെ അവഗണനയ്ക്ക് ശേഷം അത് മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകിയേക്കാം.
ദീര്‍ഘനേരം ഇരിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വൈരുധ്യമെന്നു പറയട്ടെ എന്നിട്ടും സ്‌കൂളുകളില്‍ നമ്മള്‍ പരിശീലിച്ചത് അങ്ങനെയാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്നാല്‍ പോലും കാലില്‍ നിന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം 50 ശതമാനം വരെ കുറയുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.മാത്രമല്ല, ഏറെ നേരം ഇരിക്കുന്ന (Sedentary) ജീവിതശൈലി നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കും, രോഗങ്ങള്‍ക്കും മരണത്തിനും വരെ ഇത് കാരണമാകുന്നു.
ശരീരം അനങ്ങാതെയിരിക്കുന്നത് ഏറ്റവും വലിയ മരണകാരണങ്ങളിലൊന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 32 ലക്ഷം മരണമാണ് ഇക്കാരണം കൊണ്ട് ഉണ്ടാകുന്നത്.
ശാരീരികവും മാനസികവുമായ ക്ഷേമത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണ രീതി, ജീവിത ശൈലി, വ്യായാമം എന്നിവയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുകയാണെങ്കില്‍ അത്തരം കാരണങ്ങളാല്‍ ഉണ്ടാകുന്ന ലക്ഷക്കണക്കിന് മരണങ്ങള്‍ തടയാന്‍ കഴിയും.
വികാരങ്ങളെ (Emotions) ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുക
സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന പല വിഷയങ്ങളും നിത്യജീവിതത്തില്‍ അത്ര പ്രായോഗികമല്ലാത്തവയാണ്.
എന്നാല്‍ ഭയം, ഉത്കണ്ഠ, കോപം, വെറുപ്പ് മുതലായ വികാരങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് എല്ലാവരും പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നിരുന്നാലും ഒരു സ്‌കൂളും അര്‍ത്ഥവത്തായ രീതിയില്‍ ഈ വിഷയം സ്പര്‍ശിക്കുന്നില്ല. വികാരങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്, അത് സ്‌കൂളുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടത് എന്തുകൊണ്ടാണ്?
കാരണം, നമ്മളില്‍ പലര്‍ക്കുമറിയില്ല വികാരങ്ങളെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന്. അതുകൊണ്ടു തന്നെ നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രശ്‌നത്തിലാകുന്നു, ആത്മഹത്യകള്‍ സംഭവിക്കുന്നു, ബന്ധങ്ങളെ ബാധിക്കുന്നു, ലഹരിവസ്തുക്കള്‍ക്ക് അടിമയാകുന്നു, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു.
നമുക്ക് അസുഖകരമായി തോന്നുന്ന വികാരങ്ങളെ അടിച്ചമര്‍ത്താനും അവഗണിക്കാനും ചെറുക്കാനുമാണ് നമ്മളില്‍ പലരും ശ്രമിക്കുന്നത്. താല്‍ക്കാലികമായ ആശ്വാസം ഇതിലൂടെ ലഭിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിതി വഷളാക്കുന്നു. ഇഷ്ട ഭക്ഷണം അമിതമായി കഴിച്ചും, ഷോപ്പിംഗ് നടത്തിയും മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചുമൊക്കെയാണ് പലരും അസുഖകരമായ വികാരങ്ങളെ നേരിടുന്നത്.
വികാരങ്ങള്‍ അടക്കി നിര്‍ത്തുന്നത് ശരീരത്തെയും മനസ്സിനെയും ബാധിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വികാരങ്ങള്‍ അടക്കി നിര്‍ത്തുന്നവരില്‍ പല കാരണങ്ങളാലുമുള്ള അകാലമരണ സാധ്യത 30 ശതമാനം വര്‍ധിക്കുന്നുവെന്ന് ഹാവാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും റോച്ചസ്റ്റര്‍ സര്‍വകലാശാലയും നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കാന്‍സര്‍ രോഗബാധിതരാകാനുള്ള സാധ്യത 70 ശതമാനം വര്‍ധിക്കുകയും ചെയ്യുന്നു.
മുമ്പ് മറ്റൊരു ലേഖനത്തില്‍ ഞാന്‍ വിശദമാക്കിയതു പോലെ, വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള മികച്ച മാര്‍ഗം അവയെ അംഗീകരിക്കുകയും അത് പൂര്‍ണമായി അനുഭവിക്കുകയും ചെയ്യുകയെന്നതാണ്. (അസുഖകരമായ വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പ്രായോഗിക വഴികള്‍ ആ ലേഖനത്തില്‍ https://www.thesouljam.com/post/a-magical-approach-to-free-yourself-of-negative-feelings ഞാന്‍ നല്‍കിയിട്ടുണ്ട്)
ധ്യാനം (Meditation) പലിശീലിപ്പിക്കുക
'ഫോക്കസ്', 'ശ്രദ്ധിക്കുക' എന്നീ വാക്കുകള്‍ സ്‌കൂളുകളില്‍ നിന്ന് പലപ്പോഴും കേട്ടിട്ടുണ്ടാകും. ജീവിതത്തിലുടനീളം ആവശ്യമായൊരു വൈദഗ്ധ്യമാണിതെന്നതില്‍ സംശയമില്ല. എന്നാല്‍ എങ്ങനെ ശ്രദ്ധിക്കണമെന്ന് ആരെങ്കിലും സ്‌കൂളില്‍ പഠിപ്പിച്ചതായി നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?
ധ്യാനം പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ നിലനിര്‍ത്താനും ഏതെങ്കിലും ഒന്നില്‍ ഫോക്കസ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് വളര്‍ത്താനും കഴിയും. യോഗികള്‍, സന്യാസിമാര്‍, സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് മാത്രമല്ല, ധ്യാനം, അത് പരിശീലിക്കുന്ന എല്ലാവര്‍ക്കും ഗുണകരമാണ്.
പാഠ്യപദ്ധതിയില്‍ ചിട്ടയായ ധ്യാനം ഉള്‍പ്പെടുത്തിയിരിക്കുന്ന ലോകമെമ്പാടുമുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ മാറ്റങ്ങള്‍ കണ്ടുവരുന്നുണ്ട്. ഫോക്കസ് ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ മാത്രമല്ല ഇത് സഹായിക്കുന്നത്.
സ്‌കൂളുകളില്‍ നിന്ന് ധ്യാനം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഉയര്‍ന്ന ശുഭാപ്തി വിശ്വാസവും കൂടുതല്‍ ക്രിയാത്മക വികാരങ്ങളും, കരുത്തുള്ള വ്യക്തിത്വവും ഉള്ളതായി കാണുന്നു. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം എന്നിവ കുറയുന്നതായും ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
ധ്യാനം പരിശീലിക്കുന്നവരും അല്ലാത്തവരുമായ സമപ്രായക്കാരെ താരതമ്യം ചെയ്താണ് ഈ കണ്ടെത്തല്‍.
സാമൂഹിക അനുകൂല സ്വഭാവം (മറ്റുള്ളവരെ സഹായിക്കല്‍ പോലുള്ളവ) വര്‍ധിപ്പിച്ചും സാമൂഹിക വിരുദ്ധ സ്വഭാവം (കോപം പോലെ) കുറച്ചും, ധ്യാനം വിദ്യാര്‍ത്ഥികളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുന്നതായും പഠനങ്ങള്‍ വെളിവാക്കുന്നു.
സ്‌കൂളുകളില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ആളുകള്‍ക്ക് ജീവിതത്തിലുടനീളം സഹായകരമാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് മാനസികമായും വൈകാരികമായും ശാരീരികമായുമുള്ള വളര്‍ച്ചയ്ക്കും സഹായിക്കണം.
To Read More Articles by Anoop click on the link below : https://www.thesouljam.com/best-articles