മനസ്സിന് ഉണര്‍വ് നല്‍കാന്‍ ഈ മാന്ത്രിക മരുന്ന് പരീക്ഷിച്ചു നോക്കൂ!

ധനവാനും ദരിദ്രനും ഒരേ പോലെ ലഭ്യമാണ് ഈ മരുന്ന്

Update: 2021-01-10 03:30 GMT

ഇന്നത്തെ ലോകത്ത്, നിങ്ങളുടെ മാനസികാരോഗ്യവും ശ്രദ്ധയും ഊര്‍ജ നിലയും പ്രചോദനവും വര്‍ധിപ്പിക്കാന്‍ നിരവധി ഗുളികകള്‍ ലഭ്യമാണ്. എന്നാല്‍ ഈ ഗുണങ്ങളൊക്കെയും യാതൊരു ചെലവും പാര്‍ശ്വഫലവുമില്ലാതെ ലഭിക്കുമെങ്കിലോ?

ദൈനംദിന വ്യായാമത്തെ കുറിച്ചാണ് ഞാന്‍ പറയുന്നത്. പ്രസിദ്ധമായ Spark: The Revolutionary New Science of Exercise and the Brain എന്ന പുസ്തകത്തില്‍ ജോണ്‍ റെയ്തി പറയുന്നു; 'നിങ്ങളുടെ തലച്ചോറിനെ മികച്ചതാക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണം വ്യായാമമാണ്്'
വ്യായാമത്തെ കുറിച്ച് സാധാരണ നമ്മള്‍ കരുതുന്നത്, ശരീര ഭംഗി നിലനിര്‍ത്തുന്നതിനും ആരോഗ്യം പരിപാലിക്കുന്നതിനും വേണ്ടിയാണെന്നാണ്. തലച്ചോറില്‍ അത് വരുത്തുന്ന വലിയ മാറ്റങ്ങള്‍ സാധാരണ നമ്മുടെ ശ്രദ്ധയില്‍ പെടാറില്ല.
ശരീരത്തിലെ മറ്റേതൊരു ഭാഗത്തേക്കാളും വ്യായാമം ഗുണം ചെയ്യുക തലച്ചോറിനാണെന്ന് ഈ പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് വിശദീകരിക്കുന്നു.
നിരന്തരമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത് ചലിക്കാനായാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതെന്നും നിവര്‍ന്ന് നില്‍ക്കുമ്പോഴും ചലിക്കുമ്പോഴുമാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതുമെന്നുമാണ്. നമ്മുടെ ഹൃദയവും, രക്തചംക്രമണ വ്യൂഹവും മറ്റ് അവയവങ്ങളും അതു വഴി കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കുന്നു.
കളിക്കാനും ആളുകളുമായി ബന്ധപ്പെടാനും സാധനങ്ങള്‍ വാങ്ങാനും വിനോദത്തിലേര്‍പ്പെടാനും തുടങ്ങി ഏതു കാര്യത്തിനും മേലനങ്ങാതെ തന്നെ സാധ്യമാകുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ അതിന് വലിയ വില നല്‍കേണ്ടി വന്നേക്കാം.
ദീര്‍ഘനേരം ഇരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. നമ്മളില്‍ പലരും ഇന്ന് നയിക്കുന്ന ഉദാസീനമായ ജീവിതശൈലി മൂലം രോഗങ്ങള്‍ അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം ഏറ്റവും വലിയ നാലാമത്തെ മരണകാരണമെന്നാണ് ലോകാരോഗ്യ സംഘടന (WHO) കണ്ടെത്തിയിരിക്കുന്നത്. ഓരോ വര്‍ഷവും 3.2 ദശലക്ഷം മരണങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. (ആകെ മരണത്തിന്റെ ആറ് ശതമാനം)
എന്നാല്‍ ദൈനംദിന ശാരീരിക വ്യായാമത്തിന് പലതരത്തിലുള്ള ഗുണങ്ങളുണ്ടെന്നതാണ് ആശ്വാസം.

എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കുന്നു

ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജമില്ലാത്തതു പോലെ തോന്നുണ്ടെന്നങ്കില്‍, പഠനങ്ങള്‍ വ്യക്തമാക്കുന്നത് ശരീരം ചലിക്കുന്നതും വ്യായാമം ചെയ്യുന്നതും ഊര്‍ജ നില മെച്ചപ്പെടുത്താന്‍ മികച്ച വഴിയെന്നാണ്.
രാവിലെ എഴുന്നേറ്റതിനു ശേഷം എനിക്ക് പൊതുവേ ഒരു ഊര്‍ജക്കുറവ് അനുഭവപ്പെട്ടിരുന്നു. ഇത് പകല്‍ നേരത്തുള്ള എന്റെ മാനസികാവസ്ഥയെ തന്നെ ബാധിക്കുമായിരുന്നു. എന്നാല്‍ ഞാന്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയതു മുതല്‍ എനര്‍ജി ലെവലില്‍ വലിയൊരു മാറ്റമാണ് കാണാനായത്. രാവിലെ മാത്രമല്ല, ദിവസം മുഴുവനും അത് അനുഭവവേദ്യമായി.
രാവിലെ വ്യായാമം ചെയ്യാതിരിക്കുന്നതിനെ കുറിച്ച് എനിക്കിനി ചിന്തിക്കാന്‍ തന്നെ വയ്യെന്നായിരിക്കുന്നു. മാത്രമല്ല, മനസ്സില്‍ തന്നെ ശരീരം ദുര്‍ബലമാണെന്ന ചിന്ത ഉണരുന്നു.
പതിവായി വ്യായാമം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. കാന്‍സര്‍, ഹൃദയരോഗങ്ങള്‍ എന്നിവയുള്ളവരില്‍ പോലും ഇത് വലിയ തോതില്‍ ഊര്‍ജം നിറയ്ക്കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

വ്യായാമത്തിലൂടെ ശരീരത്തില്‍ സെറോടോണിന്‍ (Serotonin), എന്‍ഡോര്‍ഫിന്‍സ് (Endorphins), ഡോപമൈന്‍ (Dopamine), നോറെപിനെഫ്രിന്‍ (Norepinephrine) തുടങ്ങി മാനസികാവസ്ഥയും സൗഖ്യമാണെന്ന തോന്നലും മെച്ചപ്പെടുത്തുന്ന ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്തിന് അനുഭവപ്പെടുന്ന സൗഖ്യം മനസ്സിനും അനുഭവപ്പെടും.
ദിവസവും വ്യായാമം ചെയ്യുന്നതിനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനം ഇതാണ്. അരമണിക്കൂര്‍ വ്യായാമം ചെയ്താല്‍ ലഭിക്കുന്ന സുഖം വലുതാണ്. അതിനാലാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി ദിവസവും വ്യായാമം ചെയ്യുന്നത് എനിക്ക് ഒരു ശീലമായി മാറിയത്.

ശ്രദ്ധ വര്‍ധിപ്പിക്കുന്നു

നമ്മുടെ സ്മാര്‍ട്ട് ഫോണുകളുടെ നിരന്തമായ മൂളലും സാങ്കേതിക വിദ്യയുടെ ഉപയോഗവും നമ്മുടെ ശ്രദ്ധയെ സാരമായി ബാധിക്കുന്നു. കായിക വ്യായാമവും മികച്ച ശ്രദ്ധയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചെറിയ ഒരു വ്യായാമം പോലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിങ്ങളുടെ കഴിവ് ചുരുങ്ങിയത് രണ്ടു മണിക്കൂറിലേക്കെങ്കിലും വര്‍ധിപ്പിക്കുമെന്ന് ന്യൂറോ സയന്റിസ്റ്റായ ഡോ വെന്‍ഡി സുസുകി പറയുന്നു.
സത്യത്തില്‍ വ്യായാമം, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ADD (Attention Deficit Disorder ) പ്രശ്‌നം ഉള്ളവരില്‍ പോലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായാണ് കാണുന്നത്.

പ്രചോദിതരാക്കുന്നു

ഒരാളെ പ്രചോദിതനാക്കാനുപകരിക്കുന്ന ഡോപമിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ശരീരത്തില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ വ്യായാമത്തിലൂടെ സാധിക്കുന്നു. കുറഞ്ഞ അളവിലുള്ള ഡോപമിന്‍ താഴെ പറയുന്നവയ്ക്ക് കാരണമാകുന്നു.
മധുരത്തോടുള്ള ആസക്തി
കുറഞ്ഞ പ്രചോദനം
ക്ഷീണം
ശ്രദ്ധകേന്ദ്രീകരിക്കാനാവാതെ പോകുക
മറവി
മോശം മാനസികാവസ്ഥ
വിഷാദം
കാര്യങ്ങള്‍ നീട്ടിവയ്ക്കല്‍
വ്യായാമത്തിലൂടെ ഡോപമിന്‍ നില ഉയരുമ്പോള്‍ നമ്മള്‍ പ്രചോദിതരാകുകയും അനാരോഗ്യകരമായ പെരുമാറ്റങ്ങള്‍ക്കും നീട്ടിവെയ്ക്കലിനും വഴങ്ങാനുള്ള പ്രവണത കുറയുകയും ചെയ്യുന്നു.
സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ഗുണങ്ങള്‍ ഇവയാണ്;
പുതിയ മസ്തിഷ്‌ക കോശങ്ങളുടെ ഉല്‍പ്പാദനം വര്‍ധിക്കുന്നു
ജീവിതകാലയളവ് കൂടുന്നു
ഉറക്കം മെച്ചപ്പെടുന്നു
വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാവുന്നു
കോശങ്ങള്‍ക്ക് വാര്‍ധക്യം ബാധിക്കുന്നത് മന്ദഗതിയിലാവുന്നു
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുന്നു
പഠനം മെച്ചപ്പെടുന്നു
ഓര്‍മശക്തി വര്‍ധിക്കുന്നു
മാരകരോഗങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു

ചലനത്തെ ജീവിതത്തിന്റെ ഭാഗമാക്കുക

അമിതമായി ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന എല്ലാ ശാരീരിക അസ്വസ്ഥതകളെയും ചെറുക്കാന്‍ വ്യായാമത്തിന് മാത്രം കഴിയില്ലെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടു തന്നെ ചലനം എന്നത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് വേണ്ടത്.
അമിതമായി ഇരിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനോ കുറയ്ക്കാനോ ഉള്ള എളുപ്പവഴി, ഇരിക്കുന്ന ഓരോ മണിക്കൂറിലും അഞ്ചു മിനുട്ട് നേരം നടക്കുക എന്നതാണ്. അതിലൂടെ ക്ഷീണം കുറയ്ക്കാനും മാനസികാവസ്ഥയും ശ്രദ്ധയും മെച്ചപ്പെടുത്താനും കഴിയും.
ജോലി ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍, ഇത് ഉല്‍പ്പാദനക്ഷമത കൂട്ടുമെന്ന് പല പഠനങ്ങളും തെളിയിച്ചതിനാല്‍ ജോലിക്കിടയിലുള്ള നടത്തം നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ കാര്യമാക്കുകയുമില്ല.
ദിവസവും 15 മിനുട്ട് നേരം കഠിനമായി വ്യായാമം ചെയ്യുന്നതിലൂടെ മുകളില്‍ പറഞ്ഞ മിക്ക ഗുണങ്ങളും നേടാനാവുമെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.
എല്ലാറ്റിനുമുപരി, ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്തെങ്കിലുമൊക്കെ ചെയ്യുന്നത്.
വ്യായാമം രാവിലെ ചെയ്യാനാണ് ഞാന്‍ നിര്‍ദ്ദേശിക്കുക. അതിലൂടെ ആ ദിവസം മുഴുവന്‍ അതിന്റെ ഗുണം ആസ്വദിക്കാനാവും.
സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നിങ്ങള്‍ക്കില്ലെങ്കില്‍ ആദ്യത്തെ രണ്ടാഴ്ച അല്‍പം വെല്ലുവിളിയായി തോന്നിയേക്കാം. വ്യായാമം തുടങ്ങിയ ആദ്യ രണ്ടാഴ്ചകളില്‍ ഏറെ ക്ഷീണം അനുഭവപ്പെടുകയും പകല്‍ സമയത്ത് പോലും ഉറക്കം വരികയും ചെയ്തിരുന്നു. എന്നാല്‍ ആ ഘട്ടം തരണം ചെയ്യാനായാല്‍ ഒരു മാസം സ്ഥിരമായി അത് തുടര്‍ന്നാല്‍ വ്യായാമം കൊണ്ടുള്ള ഗുണങ്ങള്‍ നിങ്ങളെ പ്രചോദിതരാക്കുകയും തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

To read more articles from the author click here :

https://www.thesouljam.com/


Tags:    

Similar News