അറിയാം, അപൂര്‍വ്വതകളുള്ള ഈ മാര്‍ക്കറ്റിംഗ് തന്ത്രം!

നിങ്ങളെ തന്നെ, നിങ്ങളെ മാത്രം കസ്റ്റമര്‍ തേടി വരണോ? ഇതാ അതിനുള്ള ഒരു വഴി

Update:2022-12-12 12:02 IST

നിങ്ങള്‍ ഒരു തയ്യല്‍ക്കാരനെ സങ്കല്‍പ്പിച്ചു നോക്കൂ. അയാള്‍ സാധാരണ ഒരു തയ്യല്‍ക്കാരനല്ല. നിങ്ങളുടെ മനസ്സിലുള്ള വസ്ത്രത്തെക്കുറിച്ച് അയാളോട് സംസാരിക്കൂ. അത് ഡിസൈന്‍ ചെയ്ത്, തയ്ച്ച് അയാള്‍ നിങ്ങള്‍ക്ക് തരും. യഥാര്‍ത്ഥത്തില് ആ വസ്ത്രം ഡിസൈന്‍ ചെയ്യുന്നത് ഉപഭോക്താവായ നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ക്കനുസരിച്ച് വസ്ത്രം തുന്നുക മാത്രമാണ് തയ്യല്‍ക്കാരന്‍ ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന തുണിയില്, നിങ്ങള് സ്വപ്നം കാണുന്ന വസ്ത്രം നിര്മ്മിക്കുവാന് അയാള് നിങ്ങളെ സഹായിക്കുന്നു.


എന്ത് രസമായിരിക്കും ഇത്. ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച്, തീര്‍ത്തും അയാള്‍ക്കായി മാത്രം നിര്‍മ്മിച്ചെടുക്കുന്ന വസ്ത്രം. അതുപോലെ മറ്റൊന്ന് ഉണ്ടാകുക അസാദ്ധ്യം. എന്നാല്‍ സാധാരണ വിലയില്‍ അത് ലഭ്യമാകുകയില്ല. നിങ്ങള്‍ ഉയര്‍ന്ന വില തന്നെ നല്‌കേണ്ടി വരും. അത്തരമൊരു വസ്ത്രം ഒരു ഷോപ്പില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. എന്തെന്നാല്‍ അത് നിങ്ങള്‍ക്കായി മാത്രം നിര്‍മ്മിക്കപ്പെട്ടതാണ്.

ഒരു കമ്പനിക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സോഫ്റ്റ്‌വെയര്‍ ആവശ്യമുണ്ട്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന റെഡിമെയ്ഡ് സോഫറ്റ്‌വെയര്‍ അല്ല അവര്‍ക്കാവശ്യം. തങ്ങളുടെ മാത്രമായ ചില ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തങ്ങള്‍ക്കായി മാത്രം നിര്‍മ്മിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് അവരുടെ ലക്ഷ്യം.

ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് അവര്‍ക്കായി അനന്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന തന്ത്രമാണ് ബിസ്പൗക്ക് (Bespoke). ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ആഴത്തില്‍ പഠിച്ച് പ്രൊഫഷണലുകള്‍ അവര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്മ്മിക്കുന്നു. ഇവിടെ ഉപഭോക്താവാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. അതിനനുസരിച്ചുള്ള ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുക മാത്രമാണ് പ്രൊഫഷണലുകള് ചെയ്യുന്നത്.

നിങ്ങളുടെ കയ്യിലുള്ള പണം നിങ്ങള്‍ക്ക് സുരക്ഷിതമായി നിക്ഷേപിക്കണം. അതിനായൊരു ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ തയ്യാറാക്കാന്‍ നിങ്ങളൊരു സ്ഥാപനത്തെ സമീപിക്കുന്നു. അവര്‍ നിങ്ങളോട് ധാരാളം കാര്യങ്ങള്‍ ചോദിക്കുന്നു. എന്ത് ലക്ഷ്യമാണ് നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേടേണ്ടതെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കുന്നു. ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു നിക്ഷേപ പോര്‍ട്ട്ഫോളിയോ അവര്‍ തയ്യാറാക്കി നല്‍കുന്നു.

ഇതിലൊക്കെ ഉപഭോക്താവ് വിപണിയില്‍ പൊതുവായുള്ള ഒരു ഉല്‍പ്പന്നമോ സേവനമോ അല്ല തേടുന്നത്. സവിശേഷമായ തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നമോ സേവനമോ ആണ് ഉപഭോക്താവ് അന്വേഷിക്കുന്നത്. ഇത് ലഭിക്കുക എളുപ്പമല്ല. ധാരാളം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ബിസിനസുകള്‍ സുലഭമാണ്. എന്നാല്‍ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ രൂപകല്‍പ്പന നടത്തി നിര്‍മ്മിക്കുന്ന ബിസിനസുകള്‍ അപൂര്‍വ്വങ്ങളാണ്. ബിസ്പൗക്ക് (Bespoke) അപൂര്‍വതകളുള്ള തന്ത്രമായി മാറുന്നത് ഈ പ്രത്യേകത കൊണ്ടാണ്.

ഇത്തരം ഉല്‍പ്പന്നങ്ങളുടെ, സേവനങ്ങളുടെ മൂല്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഇവയുടെ വിലയും ഉയര്‍ന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്യുന്നതല്ല ബിസ്പൗക്ക് (Bespoke). ഇവിടെ ഒരേയൊരു ഉല്‍പ്പന്നം ഉപഭോക്താവിനായി പ്രത്യേകം തയ്യാര്‍ ചെയ്യുന്നതാണ്. അത്തരമൊരു ഉല്‍പ്പന്നം സമാനതകളില്ലാത്ത (Unique) ഒന്നാകുന്നു.

നിലവിലുള്ള ഒരു ഉല്‍പ്പന്നത്തില്‍ ഉപഭോക്താവിന്റെ നിര്‍ദ്ദേശാനുസരണം ചില മാറ്റങ്ങള്‍ വരുത്തി കസ്റ്റമൈസേഷന്‍ ചെയ്യുന്നതില്‍ നിന്നും വിഭിന്നമാണ് ഈ തന്ത്രം. ബിസ്പൗക്കില്‍ (Bespoke) ഉല്‍പ്പന്നം മറ്റുള്ളവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്നു. ആ ഒരെണ്ണം ഉപഭോക്താവിനു വേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണ്. മറ്റൊന്നുമായും അതിനെ താരതമ്യം ചെയ്യുവാന് കഴിയുകയില്ല. ഉപഭോക്താവിന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്ക്ക് വിധേയമായാണ് ഉല്‍പ്പന്നം നിര്‍മ്മിക്കപ്പെടുന്നത്. ബിസ്പൗക്കിന്റെ (Bespoke) സൗന്ദര്യവും ഈ നിര്‍മ്മാണ പ്രക്രിയയാണ്.


Tags:    

Similar News