സര്‍ഗ്ഗാത്മകമായി ഉപയോഗിക്കൂ, വിപണിയില്‍ ചലനങ്ങള്‍ ഉണര്‍ത്തൂ; പരീക്ഷിക്കാം 'മീം മാര്‍ക്കറ്റിംഗ്'

മീമുകളുടെ ഉള്ളടക്കങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്

Update:2024-02-06 14:41 IST

Image courtesy: canva

കുറച്ചുപേര്‍ നദിയില്‍ ചൂണ്ടയിടുകയാണ്. ഒരുപാടു നേരമായി അവര്‍ ചൂണ്ടയിട്ട് കാത്തിരിപ്പ് തുടങ്ങിയിട്ട്. എന്നാല്‍ മീനൊന്നും ചൂണ്ടയില്‍ കുരുങ്ങുന്നില്ല. വിയര്‍ത്തു കുളിച്ച് നിരാശരായി അവര്‍ അങ്ങനെ ഇരിക്കുമ്പോഴതാ ഒരാള്‍ ആടിപ്പാടി ഒരു നീളന്‍ വടിയുമായെത്തുന്നു. അയാള്‍ വടിയില്‍ എന്തോ പുരട്ടുന്നു പിന്നീട് അത് വെള്ളത്തിലേക്ക് ഇട്ട് കാത്തിരിക്കുന്നു. ഒരു സെക്കന്റ്, അതാ അയാള്‍ വടി തിരികെ എടുക്കുന്നു. വടിയിലതാ ഒട്ടിപ്പിടിച്ചിരിക്കുന്ന മീനുകള്‍. മറ്റുള്ളവര്‍ അത്ഭുതത്തോടെ വായ പൊളിച്ചിരിക്കുമ്പോള്‍ അയാള്‍ സന്തോഷവാനായി മടങ്ങിപ്പോകുന്നു.

ഫെവിക്കോളിന്റെ ഈ പരസ്യം കണ്ട് രസിക്കാത്തവരായി ആരുമുണ്ടാകില്ല. എത്ര സരസമായിട്ടാണ് തങ്ങളുടെ ഉല്‍പ്പന്നത്തെ അവര്‍ അവതരിപ്പിച്ചിരിക്കുന്നത്. നര്‍മ്മം (Humour) പൊതിഞ്ഞ ഈ പരസ്യം എത്ര വേഗമാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയത്. എത്ര തവണ കണ്ടാലും ബോറടിക്കാത്ത, ചിരി ഉണര്‍ത്തുന്ന പരസ്യം. പശയെന്ന ഉല്‍പ്പന്നത്തെ എത്ര സുന്ദരമായി മാര്‍ക്കറ്റ് ചെയ്തിരിക്കുന്നു.

നര്‍മ്മം ചാലിച്ച പരസ്യങ്ങള്‍

അമുലിന്റെ ബില്‍ബോര്‍ഡുകള്‍ ശ്രദ്ധിച്ചിട്ടില്ലേ? സമകാലിക സംഭവങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന അമുലിന്റെ മാര്‍ക്കറ്റിംഗ് വൈഭവം നമ്മെ ചിന്തിപ്പിച്ചിട്ടുണ്ട്. ഏതൊരാളും വായിച്ച് ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന പരസ്യ വാചകങ്ങള്‍ പ്രേക്ഷകനെ വീണ്ടും വീണ്ടും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കാണാനും അതില്‍ രസിക്കാനും പ്രേരിപ്പിക്കുന്നു.

കാഡ്ബറിയുടെ ''ശുഭകരമായ തുടക്കം'' (Auspicious Beginning) പരസ്യ കാമ്പയിനില്‍ വളരെ വ്യത്യസ്തമായ തരത്തിലുള്ള വിവാഹ ആചാരങ്ങള്‍ കാണിക്കുന്നു. വിവാഹ ആഘോഷങ്ങള്‍ അവസാനം ഹാസ്യം കലര്‍ന്ന വഴിത്തിരിവിലേക്കെത്തുന്നു. ഈ സംഭവങ്ങള്‍ പ്രേക്ഷകനെ രസിപ്പിക്കുന്നു. മറക്കാനാവാത്ത ദൃശ്യങ്ങള്‍ പ്രേക്ഷകന്റെ തലച്ചോറില്‍ പതിയുന്നു. ബ്രാന്‍ഡ് ഇമേജ് ശക്തമായി പതിപ്പിക്കാന്‍ നര്‍മ്മത്തെ സമര്‍ത്ഥമായി ഇവിടെ ഉപയോഗിക്കുന്നു.

നര്‍മ്മത്തെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായി ഉപയോഗിക്കുന്ന ഇത്തരം പരസ്യങ്ങളുടെ ലക്ഷ്യം പ്രേക്ഷകനെ രസിപ്പിക്കുക എന്നതു മാത്രമല്ല മറിച്ച് ആ രസത്തിലൂടെ ഉല്‍പ്പന്നത്തെ, ബ്രാന്‍ഡിനെ മറക്കാനാവാത്ത അനുഭവമാക്കി പ്രേക്ഷകന്റെ മനസ്സില്‍ അടിച്ചുറപ്പിക്കുക എന്നതു കൂടിയാണ്.

മീം മാര്‍ക്കറ്റിംഗ് (Meme Marketing)

ആളുകളെ രസിപ്പിക്കുന്ന പരസ്യങ്ങള്‍ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്നു. ആളുകള്‍ അവ കൂടുതലായി ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇത്തരം പരസ്യങ്ങള്‍ എളുപ്പം വൈറലാകുന്നു. ഇങ്ങനെ നര്‍മ്മം ഉപയോഗിച്ച് ഉല്‍പ്പന്നത്തെ അല്ലെങ്കില്‍ ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യാന്‍ മീം മാര്‍ക്കറ്റിംഗ് (Meme Marketing) ഉപയോഗിക്കാം.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൂടുതല്‍ ശക്തി പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ ബ്രാന്‍ഡുകള്‍ വ്യത്യസ്തതയാര്‍ന്ന, പുതുമയുള്ള പരസ്യ രീതികള്‍ തേടുകയാണ്. അതില്‍ നിന്നുമുള്ള കണ്ടെത്തലാണ് മീം മാര്‍ക്കറ്റിംഗെന്ന് പറയാം. പ്രേക്ഷകനെ എങ്ങനെ പിടിച്ചിരുത്തും? അവരുടെ ശ്രദ്ധ ലഭിക്കാന്‍ എന്ത് ചെയ്യണം? മറക്കാനാവാത്ത ദൃശ്യങ്ങള്‍ അവരുടെ മനസ്സില്‍ എങ്ങനെ കയറ്റി വിടാം? ഈ ചിന്തകളില്‍ നിന്നാണ് മീം മാര്‍ക്കറ്റിംഗിന്റെ പിറവി.

പരമ്പരാഗതമായ ഒരു പരസ്യ ശൈലിയല്ല മീം മാര്‍ക്കറ്റിംഗ് കൈക്കൊണ്ടിട്ടുള്ളത്. പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പറപറക്കണം. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പ്രേക്ഷകരിലേക്ക് എത്തിച്ചേരണം. പെട്ടെന്ന് വൈറലാകണം. ഗൗരവമാര്‍ന്ന പരസ്യങ്ങള്‍ ഇത്തരത്തില്‍ പടര്‍ന്നു കയറാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടാണ് ഇവിടെ നര്‍മ്മത്തെ (Humour) കൂട്ടുപിടിക്കുന്നത്.

മീമുകള്‍ (Memes) പ്രേക്ഷകര്‍ക്ക് ദഹിക്കാന്‍ എളുപ്പമാണ്. ചിന്തിച്ചു തലപുണ്ണാക്കേണ്ട ആവശ്യമൊന്നുമില്ല. അത് പ്രേക്ഷകനെ ചിരിപ്പിക്കുന്നു, സന്തോഷിപ്പിക്കുന്നു. ഹാസ്യം അവര്‍ക്ക് വിനോദം നല്‍കുന്നു. പൂര്‍ണ്ണമായ ശാന്തതയോടെ അവര്‍ അത് കാണുന്നു. മറ്റുള്ളവരെ രസിപ്പിക്കാന്‍ അവരത് ഷെയര്‍ ചെയ്യുന്നു. വൈയക്തിക തലത്തില്‍ (Personal Level) പ്രേക്ഷകനെ ബ്രാന്‍ഡുമായി ബന്ധപ്പെടുത്താന്‍ മീമുകള്‍ക്ക് സാധിക്കുന്നു.

മീം മാര്‍ക്കറ്റിംഗ് വിജയിക്കുവാന്‍ ചെയ്യേണ്ടത്

1.ആര്‍ക്ക് വേണ്ടിയാണ് മീം

ഏത് പ്രേക്ഷകവിഭാഗത്തെയാണ് ബ്രാന്‍ഡ് ലക്ഷ്യം വെക്കുന്നതെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാവണം മീം തയ്യാറാക്കേണ്ടത്. കസ്റ്റമേഴ്‌സിനെ കൃത്യമായി മനസ്സിലാക്കിയിരുന്നാല്‍ മാത്രമേ ഇത് സാധ്യമാകൂ. തങ്ങളുടെ പ്രേക്ഷകര്‍ ആരാണെന്നും അവര്‍ക്ക് എന്താണിഷ്ടപ്പെടുകയെന്നും നല്ല ധാരണ ഉണ്ടായിരിക്കണം.

2.സമയവും പ്രസക്തിയും

മീമുകള്‍ക്ക് ആയുസ്സ് കുറവാണ്. അവ വേഗത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അതുപോലെതന്നെ അപ്രത്യക്ഷമാവുകയും ചെയ്യും. അതുകൊണ്ടു തന്നെ സമകാലിക വിഷയങ്ങളും ഇന്റര്‍നെറ്റിലെ ട്രെന്‍ഡുകളും കണക്കിലെടുക്കണം. പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക, സമയത്ത് തന്നെ അത് പ്രേക്ഷകന്റെ മുന്നില്‍ എത്തിക്കുക. ഇതു രണ്ടും പ്രധാന്യമുള്ളതാണ്

3.ബ്രാന്‍ഡിന്റെ മൂല്യം കാത്തുസൂക്ഷിക്കുക

നര്‍മ്മത്തിന് ഒരു പ്രശ്‌നമുണ്ട്. അത് വളരെ സരളമാണ്. സാധാരണ രീതിയിലുള്ള ലളിതമായ അവതരണമാണ് മീമുകളുടെ പ്രത്യേകത. ഇത് ബ്രാന്‍ഡിന്റെ മൂല്യത്തിന് ഇടിവു പറ്റാത്ത രീതിയില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഫെവിക്കോളിന്റെ പരസ്യം കാണുമ്പോള്‍ അത് രസകരമാണ്, ലളിതമാണ് എന്നാല്‍ ബ്രാന്‍ഡിന്റെ മൂല്യത്തിന് യാതൊരു തകരാറും സംഭവിക്കുന്നില്ല. ഉല്‍പ്പന്നത്തിന്റെ മേന്മയെ എത്ര സരളമായാണ് അവതരിപ്പിക്കുന്നത്. ബ്രാന്‍ഡിനെ വിശ്വസിക്കാമെന്നത് എത്ര ശക്തമായാണ് പറഞ്ഞുവെക്കുന്നത്.

മീം മാര്‍ക്കറ്റിംഗിലെ വെല്ലുവിളികള്‍

മീമുകള്‍ (Memes) പ്രവചനാതീതങ്ങളാണ് (Unpredictable). മീമുകള്‍ നിര്‍മ്മിക്കുന്ന എല്ലാ പരിശ്രമങ്ങളും വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. അവ പ്രേക്ഷകരെ ആകര്‍ഷിക്കാം ആകര്‍ഷിക്കാതിരിക്കാം. യാതൊരു ഗ്യാരണ്ടിയുമില്ല. മീമുകളുടെ ഉള്ളടക്കങ്ങള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. അമുലിന്റെ പരിശ്രമങ്ങള്‍ വിജയിക്കുന്നതിന്റെ കാരണം തിരഞ്ഞാല്‍ അവയുടെ സമകാലീനതയാണ് അതെന്ന് കണ്ടെത്താം. മീമും പ്രേക്ഷകനും തമ്മില്‍ ഉരുത്തിരിയുന്ന വൈകാരിക ബന്ധം പ്രസക്തമാണ്. അവയെ കൂട്ടിയിണക്കാന്‍ വിഷയത്തിന് കഴിയേണ്ടതുണ്ട്.

സൂക്ഷിച്ച്, ബുദ്ധിപരമായി, സര്‍ഗ്ഗാത്മകമായി ഉപയോഗിച്ചാല്‍ വിപണിയില്‍ ചലനങ്ങള്‍ ഉണര്‍ത്താന്‍ മീം മാര്‍ക്കറ്റിംഗിന് സാധിക്കും. മനുഷ്യമനസ്സിലേക്കുള്ള വാതില്‍ തള്ളിത്തുറക്കാന്‍ നര്‍മ്മത്തിന് സാധ്യമാകും. മനുഷ്യന്‍ സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ലളിതമായ തത്വം മീം മാര്‍ക്കറ്റിംഗില്‍ പ്രയോഗിക്കുന്നു, പ്രാവര്‍ത്തികമാക്കുന്നു. ബ്രാന്‍ഡിന് പരുക്കേല്‍പ്പിക്കാതെ നര്‍മ്മത്തെ കുത്തിവെക്കാന്‍ കഴിഞ്ഞാല്‍ ചെലവു കുറഞ്ഞതും അത്യന്തം ഫലപ്രദമായതുമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് മീം മാര്‍ക്കറ്റിംഗ് (Meme Marketing).


Tags:    

Similar News