താരതമ്യം ഒഴിവാക്കി സന്തോഷിക്കാനുള്ള വഴികൾ

മറ്റുള്ളവരുമായി താരതമ്യം ചെയ്യാനുള്ള നമ്മുടെ മനസിന്റെ സ്വാഭാവിക പ്രവണതയെ എങ്ങനെ മാറ്റിയെടുക്കാം ?

Update: 2021-03-14 03:46 GMT

നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ണോടിക്കുമ്പോള്‍ എല്ലാവരും അവരുടേതായ ജീവിതം ആസ്വദിക്കുന്നതായി കാണാം. നിങ്ങള്‍ക്ക് അവരോടൊപ്പം സന്തോഷിക്കണം എന്നുണ്ടെങ്കിലും പലപ്പോഴും അവരുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യുകയും നിരാശരാകുകയും ചെയ്യും. അത് നിങ്ങൾക്ക് വളരെ അടുപ്പമുള്ള ആളാണെങ്കില്‍ പോലും അസൂയ തോന്നിയേക്കാം, സ്വയം മോശക്കാരനായി തോന്നുകയും ചെയ്തേക്കാം. അപ്പോള്‍ നിങ്ങള്‍ ഓര്‍ത്തേക്കും തന്റെ സ്വന്തം ജീവിതം കൊണ്ട് താന്‍ എന്താണ് ചെയ്യുന്നതെന്ന് . ഇതൊക്കെ സംഭവിക്കാറില്ലേ ?

ഇനി സോഷ്യല്‍ മീഡിയ അല്ലെന്നിരിക്കട്ടെ, ഒരാള്‍ അവരുടെ ജീവിതത്തില്‍ നടന്ന വലിയ കാര്യത്തെ കുറിച്ച് നിങ്ങളോട് സംസാരിക്കുകയാവാം. അപ്പോഴൊക്കെ യഥാർത്ഥ സന്തോഷത്തിന് പകരം ഒരുപക്ഷേ അസൂയയായിരിക്കാം തോന്നുന്നത്. കാരണം, മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്ന തരത്തില്‍ നമ്മുടെ മനസ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍, മറ്റുള്ളവരെ കുറിച്ച് കേള്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സന്തോഷം തോന്നുന്ന വിധത്തില്‍ മനസ് പ്രോഗ്രാം ചെയ്യാന്‍ പറ്റിയാലോ? അതിന് നിങ്ങളെ സഹായിക്കുന്ന അഞ്ചു കാര്യങ്ങളാണ് ചുവടെ.
മത്സരബുദ്ധി ഉപേക്ഷിക്കുക
ജീവിതമെന്നത് മറ്റുള്ളവരുമായുള്ള ഒരു മത്സരമാണെന്ന ചിന്ത അബോധപൂര്‍വമായിട്ടാണെങ്കില്‍ പോലും രക്ഷിതാക്കളും സമൂഹവും നമ്മില്‍ നിറച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ പ്രത്യേകിച്ചും ഇത്തരമൊരു ചിന്ത ഉപബോധമനസില്‍ ഉണ്ടാക്കുന്നുണ്ട്. ആരാണ് ജീവിതം കൂടുതല്‍ ആസ്വദിക്കുന്നത്, ആരാണ് കൂടുതല്‍ സുഗമമായി ജീവിക്കുന്നത് തുടങ്ങിയ മത്സരബുദ്ധി അത് നമ്മില്‍ നിറയ്ക്കുന്നു.
ഉപേക്ഷിക്കുക എന്നത് ഒരുപാട് നെഗറ്റീവ് അര്‍ത്ഥതലങ്ങളുള്ള പദമാണ്. എന്നാല്‍ ആരുടേതാണ് മികച്ച ജീവിതം എന്ന തലത്തില്‍ മത്സരത്തിന്റെ കാര്യം വരുമ്പോള്‍ ഉപേക്ഷിക്കുക അല്ലെങ്കില്‍ മത്സരിക്കാതിരിക്കുക എന്നത് മികച്ച ഒന്നാണ്.
ഈ മത്സരം ഫോളോവേഴ്സ്, പണം, വലിയ വീട്, മികച്ച കാര്‍, മികച്ച പങ്കാളി, ആരാണ് കൂടുതല്‍ യാത്ര ചെയ്യുന്നത് തുടങ്ങി എന്തു കാര്യത്തിലുമാകാം. എന്നാല്‍ സത്യം എന്തെന്നാല്‍, ജീവിതത്തിന്റെ ചില മേഖലകളില്‍ പലരും നമ്മേക്കാള്‍ മികവ് പുലര്‍ത്തിയേക്കാം. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പരസ്പരം മത്സരിക്കുകയോ താരതമ്യത്തിന് മുതിരുകയോ ചെയ്യുന്നത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. മാത്രമല്ല, പോസിറ്റീവ് കാര്യങ്ങളേക്കാള്‍ നെഗറ്റീവ് ഉയര്‍ന്നു വരികയും ചെയ്യുന്നു.
ജീവിതത്തെ ഒരു മത്സരമായി കാണുന്നത് അവസാനിപ്പിക്കുകയും മറ്റുള്ളവരുമായി മത്സരബുദ്ധി ഉപേക്ഷിക്കുകയും ചെയ്യുന്ന തരത്തില്‍ മനസിനെ മാറ്റിയെടുക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
നിങ്ങളുടെ ജീവിതത്തിലെ മികച്ച കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മറ്റുള്ളവരുടെ കാര്യത്തില്‍ സന്തോഷിക്കാനുള്ള മികച്ച വഴി.
നന്ദി ഉളവാക്കുന്ന കാര്യങ്ങള്‍ എഴുതിയിടുക എന്നതാണ് അതിനു വേണ്ടത്.
ഓരോ ദിവസവും നിങ്ങളില്‍ കൃതജ്ഞതാ മനോഭാവമുണ്ടാക്കുന്ന അഞ്ചു കാര്യങ്ങളും എന്തുകൊണ്ട് അത് കൃതജ്ഞയുളവാക്കുന്നുവെന്നും വിശദീകരിച്ച് എഴുതാം. നല്ലതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ നമ്മുടെ തലച്ചോറിനെ പരിശീലിപ്പിക്കുന്നതിനുള്ള ശക്തമായ മാര്‍ഗമാണിത്.
നമ്മുടെ ജീവിതത്തില്‍ ഉള്ളതിന് മൂല്യം കല്‍പ്പിക്കപ്പെടുമ്പോള്‍ നമ്മില്‍ സന്തോഷം അനുഭവപ്പെടുകയും നമുക്കു ചുറ്റുമുള്ളവരും സന്തോഷത്തോടെയിരിക്കാന്‍ നാം ആഗ്രഹിക്കുകയും ചെയ്യുന്നു.
സമയപരിധി വേണ്ട
എല്ലാറ്റിനും സമൂഹം ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കേണ്ട സമയം, സ്ഥിര ജോലി ലഭിക്കുന്നത്, വിവാഹിതനാകേണ്ടത്, കുട്ടികളുണ്ടാകേണ്ടത് എന്നിങ്ങനെ ഏതിനും കണക്കുകൂട്ടലുകളുണ്ട്. എന്നാല്‍ ജീവിതം എല്ലായ്പ്പോഴും അതിനനുസരിച്ച് തന്നെ പോകുമോ?
ഈ സമയ പരിധികള്‍ക്കൊത്ത് പോകുന്നതിന് പ്രാധാന്യം നല്‍കുന്നതിലൂടെ ഒരുപാട് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നു. മറ്റുള്ളവര്‍ ഇതിലെ ഓരോ നാഴികക്കല്ലുകള്‍ പിന്നിടുകയും നമുക്കതിന് കഴിയാതിരിക്കുകയും ചെയ്യുമ്പോള്‍, അത് നമ്മില്‍ അസൂയ ജനിപ്പിച്ചേക്കാം.
ഈ സമയപരിധികളില്‍ നിന്ന് സ്വയം മുക്തരാകുന്നത് ജീവിതത്തില്‍ സന്തോഷമായിരിക്കാന്‍ സഹായിക്കും. മാത്രമല്ല, ഈ സമയപരിധിക്കനുസരിച്ച് തടസമില്ലാതെ സഞ്ചരിക്കുന്ന മറ്റുള്ളവരുടെ കാര്യത്തില്‍ സന്തോഷം അനുഭവപ്പെടുകയും ചെയ്യും.
നല്ല കാര്യങ്ങള്‍ വരുമെന്ന് വിശ്വസിക്കുക
മറ്റുള്ളവരുടെ വിജയമോ അവരില്‍ സന്തോഷമുണ്ടാക്കുന്ന കാര്യമോ ഒരു പ്രചോദനമായെടുക്കുന്നതും സന്തോഷമുളവാക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. നിങ്ങള്‍ക്കും അത് നേടാം എന്നതിനുള്ള ഒരു കാരണമായി അതിനെ വ്യാഖ്യാനിക്കുക. അതിനെല്ലാമുപരി, നിങ്ങള്‍ക്കായും നല്ല കാര്യങ്ങള്‍ ഭാവിയില്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്ന് വിശ്വസിക്കുക. അങ്ങനെ ചിന്തിക്കുന്നത് ഇപ്പോള്‍ അര്‍ത്ഥശൂന്യമായി തോന്നിയേക്കാം. എന്നാല്‍ 'ദൈവമേ എന്റെ ജീവിതം ഒരിക്കലും അത്തരത്തിലാകില്ല' എന്ന് ചിന്തിക്കുന്നത് എന്ത് പ്രയോജനമാണുണ്ടാക്കുക ?.
അന്തരിച്ച ഇതിഹാസം സ്റ്റീവ് ജോബ്സ് വിശ്വാസം ഉണ്ടായിരിക്കുന്നതിലെ ശക്തിയെ കുറിച്ച് സ്റ്റാന്‍ഫോര്‍ഡിലെ തന്റെ ആമുഖപ്രഭാഷണത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്;
"നിങ്ങളുടെ ജീവിതത്തില്‍ മുന്നോട്ട് നോക്കി നിങ്ങള്‍ക്ക് ഡോട്ടുകളെ യോജിപ്പിക്കാനാവില്ല, പിന്തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമേ അവയെ ബന്ധിപ്പിക്കാനാവൂ. അതുകൊണ്ട് ഭാവിയില്‍ ആ ഡോട്ടുകളെ എങ്ങനെയെങ്കിലും ബന്ധിപ്പിക്കാനാകുമെന്ന് നിങ്ങള്‍ വിശ്വസിക്കണം. നിങ്ങളുടെ മനക്കരുത്ത്, വിധി, ജീവിതം, കര്‍മം ഇങ്ങനെ എന്തിലെങ്കിലും നിങ്ങള്‍ വിശ്വസിക്കണം. ഈ സമീപനം ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല, മറിച്ച് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്."
സന്നദ്ധനായിരിക്കുക
ഒരു സന്നദ്ധത അല്ലെങ്കില്‍ ആഗ്രഹമാണ് തീര്‍ച്ചയായും മറ്റുള്ളവരുടെ കാര്യങ്ങളില്‍ സന്തോഷമുണ്ടാകാന്‍ ആവശ്യമായ ഒരു പടി. അതില്ലാതെ ഒന്നും നടക്കില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ സന്തോഷവാനായിരിക്കുക എന്നത് ഒറ്റ രാത്രികൊണ്ട് നടക്കുന്ന അത്ഭുതമല്ല, മാത്രമല്ല, ആദ്യമൊന്നും അത് സ്വാഭാവികമാണെന്ന് പോലും തോന്നിയേക്കില്ല. എന്നാല്‍ മിക്ക കാര്യങ്ങളിലും എന്ന പോലെ നിങ്ങള്‍ അതിനായി കൂടുതല്‍ ശ്രമം നടത്തിയാല്‍ അത് എളുപ്പത്തില്‍ സാധ്യമാക്കുകയും ചെയ്യാം.
ഇത്തരത്തില്‍ സന്നദ്ധതയുണ്ടാകാന്‍ ഈ ചോദ്യം സ്വയം ചോദിക്കുന്നത് സഹായിക്കും; 'എന്റെ വിജയങ്ങളില്‍ മറ്റുള്ളവര്‍ സന്തോഷിക്കാന്‍ എനിക്ക് ആഗ്രഹമില്ലേ, മറിച്ച് അവര്‍ അസൂയാലുക്കളാകണോ? '
മറ്റുള്ളവരുടെ നല്ല കാര്യത്തില്‍ സന്തോഷിക്കുക എന്നത് നമ്മെ നല്ല മനുഷ്യനാക്കി മാറ്റും എന്നു മാത്രമല്ല, നമ്മുടെ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. ആളുകള്‍ അവരുടെ വിജയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ പ്രത്യേകിച്ചും.

To read more articles from Anoop


Tags:    

Similar News