എന്താണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ്?
ബൈജൂസും സ്വിഗ്ഗിയും ഓല കാബ്‌സും എങ്ങനെ യൂണികോണായി?
സംരംഭങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന ഈ കാലത്ത് നിക്ഷേപകരെയും ബിസിനസ് തത്പരരെയും വലിയരീതിയില്‍ ആകര്‍ഷിക്കുന്ന ഒരു വിഭാഗം സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണ്‍ കമ്പനികള്‍. ഒരു ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു സ്വകാര്യസ്റ്റാര്‍ട്ടപ്പ് കമ്പനിയെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് (Unicorn Startups) അപൂര്‍വമായി സംഭവിക്കുന്ന ഇത്തരം കമ്പനികള്‍ക്ക് യൂണികോണ്‍ എന്ന പേര് നല്‍കിയത് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റായ ഐലീന്‍ ലീയാണ്.
സാങ്കേതികവിദ്യ, ഇ-കൊമേഴ്സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ നൂതനമായ ആശയങ്ങള്‍ കാഴ്ചവയ്ക്കുന്ന കമ്പനികളാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍. സാധാരണയായി ദ്രുതഗതിയിലുള്ള വളര്‍ച്ച കൈവരിക്കുകയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നും ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുന്നു. ഈ കമ്പനികള്‍ പലപ്പോഴും നൂതന സാങ്കേതികവിദ്യകള്‍, ബിസിനസ്സ് മോഡലുകള്‍ അല്ലെങ്കില്‍ വിപണി തന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് മത്സരാധിഷ്ഠിത നേട്ടം കൈവരിക്കുകയും വലിയ വിപണി വിഹിതം പിടിച്ചെടുക്കുകയും ചെയ്യുന്നു.
ബൈജൂസും സ്വിഗ്ഗിയും
വിജയത്തിന്റെയും സാധ്യതയുടെയും അളവുകോലായി സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന ആശയം പ്രാധാന്യം നേടിയിട്ടുണ്ട്. ഇന്ത്യയിലെ യൂണികോണുകള്‍ അതത് വ്യവസായ മേഖലകളില്‍ ഒരു ട്രെന്‍ഡ് മേക്കറായി മാറാറുണ്ട്, മാത്രമല്ല വിപണികളെ പുനര്‍നിര്‍മ്മിക്കാനോ പുതിയവ സൃഷ്ടിക്കാനോ ഉള്ള കഴിവുമുണ്ട്.
BYJU's, Swiggy, OYO റൂംസ്, Dream11, Razorpay, Ola Cabs എന്നിവയാണ് അറിയപ്പെടുന്ന യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ ചില ഉദാഹരണങ്ങള്‍.
ഇന്ത്യയിലെ യൂണികോണുകള്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം നേടിയിട്ടുണ്ടെങ്കിലും, എല്ലാം പെട്ടെന്ന് ലാഭകരമാവുകയില്ല. പല യൂണികോണ്‍ കമ്പനികളും ഹ്രസ്വകാല ലാഭത്തേക്കാള്‍
ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും വിപണി ആധിപത്യത്തിനും മുന്‍ഗണന നല്‍കുന്നു. അവര്‍ പലപ്പോഴും തങ്ങളുടെ വരുമാനം സ്‌കെയിലിംഗ് ഓപ്പറേഷന്‍സ്, മാര്‍ക്കറ്റ് റീച്ച്, പുതിയ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വികസിപ്പിക്കല്‍ എന്നിവയിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു.
ആഗോളതലത്തിൽ
2022 മെയ് വരെ, യൂണികോണ്‍ എണ്ണത്തില്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 100 യൂണികോണുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. അതിന്റെ മൊത്തം മൂല്യം 332.7 ബില്യണ്‍ ഡോളര്‍ ആണ്. 2023-ന്റെ ആദ്യ പാദത്തിലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ പുതിയ യൂണികോണുകള്‍ സൃഷ്ടിച്ചിട്ടില്ല. മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ Tracxn ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2022 ലെ ഇതേ കാലയളവില്‍ 14 യൂണികോണുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യൂണികോണുകള്‍ക്കും 2020, 2021, 2022 വര്‍ഷങ്ങളില്‍ വലിയതോതിലുള്ള ഫണ്ടിംഗാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം ഫണ്ടിംഗ് കുറഞ്ഞതോടുകൂടി 55 ല്‍ പരം ഇന്ത്യന്‍
യൂണികോണുകള്‍ 44 കോടിയിലേറെ (5.9 മില്യണ്‍ ഡോളറിന്റെ) നഷ്ടം വരുത്തി. അതില്‍ മുന്‍പന്തിയില്‍ നില്‍കുന്നത് ഇ കോമേഴ്സ് മേഖലയാണ്; പുറകെ ഫിന്‍ടെക് , കസ്റ്റമര്‍ സര്‍വീസ് സ്ഥാപനങ്ങളും ഉണ്ട്. ഏറ്റവും കൂടുതല്‍ നഷ്ടത്തില്‍ മുങ്ങിയ സ്ഥാപനം ബൈജൂസ് ആണ്, 4,588 കോടി രൂപയുടെ നഷ്ടം.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 2023 ന്റെ ആദ്യ പാദത്തില്‍ മൊത്തം 2.8 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചു, മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (11.9 ബില്യണ്‍ ഡോളര്‍) 75 ശതമാനം ഇടിവ്. വർധിച്ചു വരുന്ന പണപ്പെരുപ്പവും പലിശനിരക്കുകളും നിക്ഷേപങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
(unicorn valuation here mentioned are from Tracxn Report not from respective author or dhanam media)
Author :
Siju Rajan
Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299