ബിസിനസ് വിജയത്തിനായി സ്റ്റീവ് ജോബ്‌സിന്റെ ഈ വിദ്യ നിങ്ങള്‍ക്കും പ്രയോഗിക്കാം!

മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ലളിതവും ശക്തവുമായ ഒരു മാര്‍ഗം

Update: 2021-07-11 06:08 GMT

ഏകദേശം നാലു വര്‍ഷം മുമ്പ് ഒരു രാത്രിയില്‍ ഞാന്‍ എന്റെയൊരു സുഹൃത്തുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്തൊക്കെയാണ് സംസാരിച്ചിരുന്നതെന്ന് കൃത്യമായി എനിക്കോര്‍മയില്ലെങ്കിലും സുഹൃത്ത് എന്നെ കുറിച്ച് അന്ന് പറഞ്ഞ ഒരു കാര്യം ഞാന്‍ ഒരിക്കലും മറക്കില്ല.

എനിക്ക് എഴുതാന്‍ നല്ല കഴിവുണ്ട് എന്നായിരുന്നു പറഞ്ഞത്.
ആ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി. കാരണം, ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നതെങ്കിലും ഒരിക്കല്‍ പോലും ഞാന്‍ എഴുതുന്നതൊന്നും അവള്‍ കണ്ടിട്ടില്ലായിരുന്നു. അന്നൊന്നും ദിവസേന എഴുതിയിരുന്ന ഡയറി ഒഴികെ മറ്റൊന്നും എഴുതിയിരുന്നുമില്ല.
മറ്റെന്തിനേക്കാളുമേറെ സുഹൃത്തിന്റെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തിയത്, എനിക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് എനിക്ക് തന്നെ തോന്നിയിരുന്നില്ല എന്നതിനാലാണ്.
ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ ചെറിയൊരു ക്ലബിന്റെ സെക്രട്ടറിയായപ്പോള്‍ ആഴ്ച തോറും നടക്കുന്ന മീറ്റിംഗുകളുടെ മിനുട്ട്‌സ് തയാറാക്കേണ്ടതായി വന്നു.
എന്റെ പിതാവ് അത് കണ്ട് എനിക്ക് എഴുതാനുള്ള കഴിവ് ഉണ്ടെന്ന് പറയുമായിരുന്നു. എന്നാല്‍ എന്റെ എഴുത്ത് ലളിതവും സാധാരണവുമാണെന്ന് എനിക്ക് തോന്നിയതു കൊണ്ട് ഞാന്‍ അത് കാര്യമായി എടുത്തില്ല.
എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഒരു ബ്ലോഗ് എഴുതാനുള്ള പ്രേരണ എന്നിലുണ്ടായി.
ബ്ലോഗ് തയാറാക്കുമ്പോള്‍ എന്റെ ചിന്തകളെ വാക്കുകളായി മാറ്റുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഒരു ചെറിയ ലേഖനം തയാറാക്കാന്‍ പോലും ഏറെ സമയമെടുക്കുമായിരുന്നു. നല്ലത് എന്ന് എനിക്കു തന്നെ തോന്നുന്ന ഒരു ലേഖനംഎഴുതാന്‍ ഏറെ ബുദ്ധിമുട്ടി.
ആ സമയത്ത്, എന്റെ സുഹൃത്തും പിതാവും മുമ്പ് പറഞ്ഞ അഭിപ്രായം എന്റെ മനസ്സിലെത്തുമായിരുന്നു. അത് വളരെ പ്രോത്സാഹജനകമായിരുന്നു. അവര്‍ എന്നില്‍ കണ്ടത് ഞാന്‍ വിശ്വസിക്കാന്‍ തീരുമാനിച്ചു.
ഞാന്‍ ബ്ലോഗ് എഴുത്ത് ആരംഭിച്ചതു മുതല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി പലരും എന്റെ എഴുത്തിനെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ക്രെഡിറ്റ് പിതാവിനും സുഹൃത്തിനും കൂടി അവകാശപ്പെട്ടതാണ്. ഞാന്‍ മനസ്സിലാക്കാത്ത കഴിവ് എന്നിലുണ്ടെന്ന് കണ്ടെത്തിയത് അവരാണ്.
ഇതുപോലെ എനിക്ക് ചെയ്യാനാവില്ലെന്ന് ഞാന്‍ കരുതിയിരുന്ന കാര്യങ്ങള്‍, മറ്റൊരാള്‍ എന്നില്‍ വിശ്വസിച്ചതു കൊണ്ടു മാത്രം ചെയ്യാന്‍ കഴിഞ്ഞ സമാനമായ നിരവധി സംഭവങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
നമ്മെ കുറിച്ച് മറ്റുള്ളവര്‍ക്കുള്ള പ്രതീക്ഷകള്‍ക്കും വിശ്വാസത്തിനും, നമ്മുടെ ചിന്ത, പ്രവൃത്തി, ശേഷി എന്നിവയില്‍ നല്ല രീതിയിലോ മോശമായോ വലിയ സ്വാധീനം ഉണ്ടാക്കാനാകും. മനഃശാസ്ത്രജ്ഞര്‍ ഇതിന് പിഗ്മാലിയന്‍ എഫക്ട് എന്ന പ്രത്യേക പദം തന്നെ ഉപയോഗിക്കുന്നുണ്ട്.
പിഗ്മാലിയന്‍ പ്രഭാവം
ഫര്‍ണാം സ്ട്രീറ്റ് എന്ന ബ്ലോഗ് ഉദ്ധരിക്കുകയാണെങ്കില്‍, ' പിഗ്മാലിയന്‍ പ്രഭാവം സൂചിപ്പിക്കുന്നത് നമ്മുടെ ജീവിതം ആകസ്മികമായോ ബോധപൂര്‍വമായോ മറ്റൊരാളാല്‍ കൈകാര്യം ചെയ്യാനാവുമെന്നാണ്.
നമ്മള്‍ എന്തു നേടുന്നു, നമ്മള്‍ എന്തു ചിന്തിക്കുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു, നമ്മുടെ കഴിവുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം നമുക്ക് ചുറ്റുമുള്ളവരുടെ പ്രതീക്ഷയ്ക്കും (വിശ്വാസത്തിനും) സ്വാധീനിക്കാനാവും.'
മനഃശാസ്ത്രജ്ഞരായ റോബര്‍ട്ട് റൊസന്തല്‍, ലെനോര്‍ ജേക്കബ്‌സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പിഗ്മാലിയന്‍ പ്രഭാവം എന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ഒരു അധ്യാപകന്റെ പ്രതീക്ഷകള്‍ വിദ്യാര്‍ത്ഥിയുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് തെളിയിച്ചു കൊണ്ടായിരുന്നു അത്.
പോസിറ്റീവായ പ്രതീക്ഷകള്‍ പ്രകടനത്തെ പോസിറ്റീവായും നെഗറ്റീവ് പ്രതീക്ഷകള്‍ നെഗറ്റീവായും സ്വാധീനിക്കും.
ബിസിനസ് ലോകത്ത് മഹത്തായ വിജയം നേടുന്നതിന് പിഗ്മാലിയന്‍ പ്രഭാവം ഫലപ്രദമായി പ്രയോഗിച്ച ഒരാളാണ് ആപ്പ്ള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ്. അദ്ദേഹം ആപ്പ്‌ളിലെ ജോലിക്കാരില്‍ നിന്ന് അവര്‍ ചെയ്യാന്‍ അസാധ്യമെന്ന് കരുതിയിരുന്ന ജോലികള്‍ പ്രതീക്ഷിക്കുമായിരുന്നു. ആ ദൃഡ വിശ്വാസത്തോടെയും തന്റെ വ്യക്തിപ്രഭാവത്തോടെയുമുള്ള പ്രേരണ കൊണ്ട് അവരില്‍ സ്വയം വിശ്വാസം വളരുകയും അസാധ്യമെന്ന് കരുതിയത് ചെയ്യാന്‍ സാധിക്കുകയും ചെയ്തു.
ഈ മാനസിക പ്രതിഭാസം ജീവനക്കാരുടെ പ്രകടനത്തില്‍ ചെലുത്തുന്ന ശക്തമായ സ്വാധീനത്തെ കുറിച്ച് Pygmalion in Management എന്ന പുസ്തകത്തില്‍ സ്റ്റര്‍ലിംഗ് ലിവിംഗ്‌സ്്റ്റണ്‍ വിവരിക്കുന്നു;
' ചില മാനേജര്‍മാര്‍ അവരുടെ കീഴുദ്യോഗസ്ഥരെ മികച്ച പ്രകടനത്തിലേക്ക് നയിക്കും വിധം കൈകാര്യം ചെയ്യുന്നു. എന്നാല്‍ മിക്കവരും മനഃപൂര്‍വമല്ലെങ്കിലും ജീവനക്കാര്‍ക്ക് അവരുടെ ശേഷിക്കനുസരിച്ചുള്ള പ്രകടനം പോലും നടത്താന്‍ സാധ്യമാകാത്ത തരത്തിലാണ് പെരുമാറുന്നത്. മാനേജര്‍മാരുടെ പ്രതീക്ഷകള്‍ വലുതാണെങ്കില്‍ അതനുസരിച്ച് ഉല്‍പ്പാദനക്ഷമതയും ഉയരാനാണ് സാധ്യത. അവരുടെ പ്രതീക്ഷ കുറഞ്ഞതാണെങ്കില്‍ ഉല്‍പ്പാദനക്ഷമതയും അതനുസരിച്ച് കുറഞ്ഞു പോയേക്കാം. മാനേജര്‍മാരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി കീഴുദ്യോഗസ്ഥരുടെ പ്രകടനം ഉയരുകയോ താഴുകയോ ചെയ്യുന്നു എന്ന ഒരു നിയമം ഉള്ളതു പോലെ'.
വിവേകത്തോടെ ഉപയോഗപ്പെടുത്തുക
ആളുകളുടെ ജീവിതത്തെ ഗുണപരമായി മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്തെങ്കിലും അസാധാരണമായി ചെയ്യേണ്ടി വരുമെന്ന് നാം കരുതിയേക്കാം. പക്ഷേ ചിലപ്പോള്‍, ആളുകളിലെ നല്ല ശീലങ്ങള്‍ ശ്രദ്ധിക്കുക, അവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുക, അവരില്‍ വിശ്വസിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്ക് അവരുടെ ജീവിതം മാറ്റിമറിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനാകും.
പ്രശസ്ത ശാസ്ത്രജ്ഞനും ബിസിനസുകാരനുമായിരുന്ന തോമസ് ആല്‍വ എഡിസണ്‍ സ്‌കൂളിലെ ഒരു മോശം വിദ്യാര്‍ത്ഥിയായിരുന്നു. ഒരു അധ്യാപകന്‍ എഡിസണെ ചിന്താശേഷിയില്ലാത്തവന്‍ എന്നാണ് വിളിച്ചത്. അത് അവന്റെ അമ്മയെ പ്രകോപിപ്പിക്കുകയും അവനെ സ്‌കൂളില്‍ നിന്ന് മാറ്റി വീട്ടില്‍ വെച്ചു തന്നെ പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.
പതിറ്റാണ്ടുകള്‍ക്ക് ശേഷം എഡിസണ്‍ പറയുമായിരുന്നു, 'എന്റെ അമ്മയാണ് എന്നെ ഞാനാക്കിയത്. എന്നെ കുറിച്ച് അവര്‍ക്ക് വിശ്വാസവും ഉറപ്പും ഉണ്ടായിരുന്നു. ജീവിക്കാനും നിരാശപ്പെടുത്താതിരിക്കാനും എനിക്ക് ഒരാള്‍ ഉണ്ടെന്ന തോന്നല്‍ അത് എന്നില്‍ ഉണ്ടാക്കി'
അതിനാൽ ഇന്നു നിങ്ങളുടെ ശ്രദ്ധയിലേക്ക് ഒരു കാര്യം കൊണ്ടുവരാൻ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളൊരു സംരംഭകനാണെങ്കില്‍ നിങ്ങളുടെ ജീവനക്കാരുടെ പോസിറ്റീവ് വശം ശ്രദ്ധിക്കുകയും അതില്‍ അവരെ അഭിനന്ദിക്കുകയും ചെയ്യുക. നിങ്ങളൊരു രക്ഷകര്‍ത്താവോ അധ്യാപകനോ ആണെങ്കില്‍ നിങ്ങളുടെ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും മനസ്സില്‍ അവര്‍ മികച്ച വ്യക്തികളാണെന്നും അവര്‍ക്ക് മഹത്തായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുണ്ടെന്നും ഉള്ള വിശ്വാസം പതിപ്പിക്കുക.
നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുന്നവരെ, അവരില്‍ നിങ്ങള്‍ മാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഗുണങ്ങളെ കുറിച്ച് അറിയിക്കുക. ഒരു പക്ഷേ അതവര്‍ക്ക് വലിയ അത്ഭുതമായേക്കാം. കാരണം അവരില്‍ അത്തരം കഴിവുകള്‍ ഉണ്ടെന്ന് ഒരിക്കലും അവര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കണമെന്നില്ല.
ചിലപ്പോൾ വാക്കുകള്‍ക്ക് പോലും വലിയ സ്വാധീനം ചെലുത്താനാകും. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ അവരുടെ ശിഷ്ടകാലം മുഴുവന്‍ ഓര്‍ത്തിരിക്കുകയും ചെയ്‌തേക്കും.
അതുകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തില്‍ ഗുണപരമായ സ്വാധീനം ഉണ്ടാക്കുന്നതിനായി ആ ശക്തി വിവേകപൂര്‍വം ഉപയോഗിക്കുക.
To read more articles by Anoop click on the link below:


Tags:    

Similar News