18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ ബൂസ്റ്റര്‍ഡോസ്
പണം നല്‍കി വേണം സ്വീകരിക്കാന്‍
18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഞായറാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കാം. രണ്ട് വാക്‌സിന്‍ പൂര്‍ത്തിയാക്കി കാത്തിരിപ്പ് കാലാവധി കഴിഞ്ഞവര്‍ക്കും കോവിഡ് വന്ന് മൂന്നു മാസം കഴിഞ്ഞവര്‍ക്കും സുരക്ഷിതമായി കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 600 രൂപയായിരിക്കും വില.
പല രാജ്യങ്ങളിലും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവരെ പ്രവേശിപ്പിക്കുന്നില്ല. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തപക്ഷം വാക്സിനേഷന്‍ പൂര്‍ത്തിയായതായി അംഗീകരിക്കുന്നില്ല.
വിദേശയാത്രയ്ക്കും ഉപരിപഠനം , ജോലി ആവശ്യത്തിനായുള്ള യാത്രകള്‍ക്കും വിസ കാര്യങ്ങളില്‍ ഇത് ഏറെ ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ബൂസ്റ്റര്‍ ഡോസിനായി പണം നല്‍കണം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ എന്നിവര്‍ക്കു മാത്രമാണ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി ലഭിക്കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉള്‍പ്പെടുന്ന മുന്‍നിര പോരാളികള്‍, അറുപതു വയസ്സുകഴിഞ്ഞവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റര്‍ ഡോസ് വിതരണങ്ങള്‍ തുടരുകയും വേഗംകൂട്ടുകയും ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പതിനഞ്ചിനും അതിനു മുകളിലും പ്രായമുള്ള 96 ശതമാനം പേര്‍ക്കും കുറഞ്ഞത് കോവിഡിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.