കോവിഡ് ചെറിയ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുന്നു; മുന്നറിയിപ്പുമായി WHO
ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലും ഉടന്‍ തന്നെ രോഗവ്യാപനത്തിന് ഒരു കുതിച്ചു ചാട്ടത്തിന് സാധ്യത.
രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമാകുകയാണ്. ഗ്രാമങ്ങളിലും ചെറിയ പ്രദേശങ്ങളിലും കോവിഡ് അതിദ്രുതമായി പെരുകുന്നു. ചെറിയ ടൗണുകളിലും പെരിഫറല്‍ പ്രദേശങ്ങളും ഉടന്‍ തന്നെ കോവിഡ് കേസുകളില്‍ ഒരു കുതിച്ചുചാട്ടം കാണാമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇത് മൂന്നാം തരംഗത്തിന്റെ അവസാനമല്ലെന്നും പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നു.
കേസുകള്‍ അതിവേഗം കുതിച്ചുയരുകയും വേഗത്തില്‍ കുറയുകയും ചെയ്യുമെന്നും രോഗ ലക്ഷണങ്ങള്‍ അതിതീവ്രമാകില്ലെന്നുമാണ് സാര്‍സ്-കോവിഡ് -2 വൈറസ് പരിണാമത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സാങ്കേതിക ഉപദേശക ഗ്രൂപ്പിന്റെ ചെയര്‍ അനുരാഗ് അഗര്‍വാള്‍ പറയുന്നത്.
'മെട്രോകളിലെ കേസുകള്‍ പെട്ടെന്ന് കുറയുമെന്നും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യപ്പെടുമെന്നും' അദ്ദേഹം പ്രതീക്ഷിക്കുന്നു. 'ചെറിയ സ്ഥലങ്ങള്‍, പെരിഫറല്‍ പ്രദേശങ്ങള്‍, ഉദാഹരണത്തിന്, രാജ്യത്തിന്റെ വടക്കുകിഴക്ക് മേഖല പോലെയുള്ളിടങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. വിദഗ്ധ ഉപദേശം ഇങ്ങനെ.
ജനുവരി 14 വരെ, ഡല്‍ഹിയിലെ ടിപിആര്‍ 30% ആണ്, മഹാരാഷ്ട്രയില്‍ ഇത് 22% ആണ്. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ടിപിആര്‍ നിരക്ക് ഉയരുകയാണ്. 37.17 ആണ് കേരളത്തിന്റെ ടിപിആര്‍. സംസ്ഥാനത്ത് ബുധനാഴ്ച 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8193 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,160 ആയി.