പത്രങ്ങളില്‍ പൊതിഞ്ഞ് ഭക്ഷണം നല്‍കരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി

പത്രങ്ങളിലെ മഷി ആരോഗ്യത്തിന് ഹാനികരം

Update:2023-09-28 17:46 IST

Image courtesy: FSSAI

ഭക്ഷണം പൊതിയുന്നതിനും വിളമ്പുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉപയോക്താക്കളോടും ഭക്ഷണ വിതരണക്കാരോടും നിര്‍ദേശിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ദോഷകരമായ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് എഫ്.എസ്.എസ്.എ.ഐ മുന്നറിയിപ്പ് നല്‍കി.

വലിയ അപകടങ്ങളുണ്ടാക്കും

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പാക്കേജിംഗ്) റെഗുലേഷന്‍സ്, 2018 അനുസരിച്ച് ഭക്ഷണം പാക്കുചെയ്യുന്നതിനും പൊതിയുന്നതിനും പത്രങ്ങളോ സമാന വസ്തുക്കളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഭക്ഷണം മൂടിവെക്കുന്നതിനോ വിളമ്പുന്നതിനോ വറുത്ത ഭക്ഷണത്തില്‍ നിന്ന് അധിക എണ്ണ വലിച്ചെടുക്കുന്നതിനോ പത്രങ്ങള്‍ ഉപയോഗിക്കരുതെന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാം പത്രങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വലിയ അപകടങ്ങളുണ്ടാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ സി.ഇ.ഒ ജി കമല വര്‍ധന റാവു പറഞ്ഞു.

പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയിലെ ദോഷകരമായ ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തെ മലിനമാക്കുകയും കഴിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ പ്രിന്റിംഗ് മഷികളില്‍ ലെഡ്, ഹെവി മെറ്റലുകള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. ഇത് ഭക്ഷണത്തിലേക്ക് അലിയുകയും ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.

പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തും

ഉപയോക്താക്കളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന ഉത്തരവാദിത്വമുള്ള പാക്കേജിംഗ് രീതികള്‍ സ്വീകരിക്കാന്‍ എല്ലാ ഭക്ഷണ വിതരണക്കാരോടും ജി കമല വര്‍ധന റാവു അഭ്യര്‍ത്ഥിച്ചു. ഭക്ഷണ സാധനങ്ങള്‍ പൊതിയുന്നതിനോ വിളമ്പുന്നതിനോ പാക്കുചെയ്യുന്നതിനോ പത്രങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ അവബോധം വളര്‍ത്തുന്നതിനും സംസ്ഥാന ഭക്ഷ്യവകുപ്പ് അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എഫ്.എസ്.എസ്.എ.ഐ പറഞ്ഞു.


Tags:    

Similar News