ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം കുറച്ചു; കാരുണ്യ പദ്ധതിയോട് ധനമന്ത്രിയുടെ കാരുണ്യം
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 'സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പ്രോഗ്രാം' എന്ന പുതിയ പദ്ധതി
ആരോഗ്യമേഖലയ്ക്കായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇക്കുറി ബജറ്റില്‍ നീക്കിവെച്ചത് 2,052.23 കോടി രൂപ. കഴിഞ്ഞ ബജറ്റില്‍ 2,828 കോടി രൂപ അനുവദിച്ചിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 'സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പ്രോഗ്രാം' എന്ന പുതിയ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 3.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി വഴി ആയിരക്കണക്കിന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ സാധ്യമായെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഒരു തുക നല്‍കാന്‍ നിരവധിപേര്‍ സന്നദ്ധരാണ്. എന്നാല്‍ ആരോഗ്യമേഖലയില്‍ ഇതിനൊരു സംവിധാനമില്ല. ഇത്തരത്തില്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് തുകകള്‍ നല്‍കാന്‍ തയ്യാറാവുന്നവര്‍ക്കായി 'ആരോഗ്യ സുരക്ഷാഫണ്ട്' എന്നൊരു സര്‍ക്കാര്‍ സംവിധാനം തുടങ്ങുമെന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.
അതേസമയം മെഡിസെപ്പ് പദ്ധതിയില്‍ 30 ലക്ഷത്തോളം പേര്‍ ഗുണഭോക്താക്കളാണെന്നും 2023-24ല്‍ ഇതുവരെ 2,31,772 പേര്‍ക്ക് 435.07 രൂപ ക്ലെയിം നല്‍കിയതായി ധനമന്ത്രി അറിയിച്ചു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി 678.54 കോടി രൂപ വകയിരുത്തി.
- തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ വികസനത്തിനായി 6.60 കോടി രൂപ.
- പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ക്കായി 12 കോടി രൂപ.
- സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികള്‍ക്ക് 11.93 കോടി രൂപ.
- കനിവ് പദ്ധതിക്ക് കീഴില്‍ ആധുനിക ജീവന്‍രക്ഷാ സംവിധാനങ്ങളോട് കൂടിയ 315 ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തിനായി 80 കോടി രൂപ.
- ആര്‍ദ്രം മിഷന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 24.88 കോടി രൂപ.
- പ്രധാന ആശുപത്രികളില്‍ പുതുതായി ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനും ആവശ്യമായ സൗകരങ്ങള്‍ ഒരുക്കുന്നതിനും 9.88 കോടി രൂപ.
- ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 'സ്‌കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പ്രോഗ്രാം' എന്ന പുതിയ പദ്ധതിക്കായി 3.10 കോടി രൂപ വകയിരുത്തി.
- നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പദ്ധതിയുടെ വിഹിതമായി 465.20 കോടി രൂപ.
- പി.എം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്‍ പദ്ധതിയുടെ വിഹിതമായി 25 കോടി രൂപ.
- ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് 5.52 കോടി രൂപ.
ആരോഗ്യ വിദ്യാഭ്യാസം
- ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ ആകെ വികസനത്തിനായി 401.24 കോടി രൂപ.
- റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി തിരുവനന്തപുരം, കോളെജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് സയന്‍സ് തിരുവനന്തപുരം, മെഡിക്കല്‍ കോളെജുകള്‍ എന്നിവയുടെ സമഗ്രവികസനത്തിനായി 217.40 കോടി രൂപ.
- തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കാന്‍ 29 കോടി രൂപ.
- ആറ് ഡെന്റല്‍ കോളെജുകളുടെ വികസനത്തിനായി 22.79 കോടി രൂപ. നഴ്സിംഗ് കോളെജുകള്‍ക്ക് 13.78 കോടി രൂപ.
- മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി രൂപ.
- ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ നിലവാരത്തിനും ശാക്തീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി 21.08 കോടി രൂപ.
- കൊച്ചി കാന്‍സര്‍ സെന്ററിന് 14.50 കോടി. പാലക്കാട്, കാസര്‍ഗോഡ്, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലായി 5 പുതിയ നഴ്‌സിംഗ് കോളേജുകള്‍, ആകെ 401.24 കോടി രൂപ വകയിരുത്തി.