കോവിഡ് ഹോം ഐസൊലേഷന്‍, പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കാണാം
ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാകുക.
കോവിഡ് ഹോം ഐസൊലേഷന്‍ മാര്‍ഗരേഖയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ഹോം ഐസൊലേഷന്റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കോവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാകുക. തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കോവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം.
നേരത്തെ 10 ദിവസമായിരുന്നു ഐസൊലേഷന്‍ കാലാവധി. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് 93 ശതമാനത്തിലധികം വേണമെന്ന നിബന്ധനയുണ്ട്.
അതീവ രോഗവും രോഗ ലക്ഷമങ്ങളും ക്ഷീണവും ഉള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഹോം ഐസൊലേഷന്‍ അനുവദിക്കില്ല. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ അരലക്ഷം കടന്നിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തില്‍ രണ്ടിരട്ടിയായിട്ടാണ് കോവിഡ് രോഗികള്‍ ഉയര്‍ന്നിട്ടുള്ളത്. പ്രധാന നഗരങ്ങളിലെല്ലാം കോവിഡ് പോസിറ്റീവ് ആയവരില്‍ ധാരാളം ഒമിക്രോണ്‍ കേസുകളുമുണ്ട്. 24 മണിക്കൂറിനിടെ 58,907 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. ഡല്‍ഹിയില്‍ മൂന്നാം തരംഗമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. രോഗവ്യാപനം രൂക്ഷമാകുന്നു.
രാജ്യം കടന്നുപോകുന്നത് അതികഠിനമായ നാളുകളിലൂടെയാണ്. സംസ്ഥാനങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. പ്രതിവാര കേസുകള്‍ ഒന്നരലക്ഷം കടന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി. 24 മണിക്കൂറില്‍ വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത 2135 കേസുകളില്‍ മഹാരാഷ്ട്രയില്‍ 653, ഡല്‍ഹിയില്‍ 464, കേരളത്തില്‍ 185 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.