ഹുറൂണ്‍ ടോപ് 500 പട്ടികയിലെ ഇന്ത്യന്‍ വമ്പന്മാര്‍ ഇവരാണ്!

ഇന്ത്യയിലെ 11 വമ്പന്മാര്‍ ഹുറൂണ്‍ ടോപ് 500 പട്ടികയില്‍

Update:2021-01-13 15:39 IST

കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയിലെ 11 സ്വകാര്യ കമ്പനികള്‍ ലോകത്തിലെ ഏറ്റവും മൂല്യവത്തായ 500 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി. ഹുറൂണ്‍ പട്ടിക പ്രകാരം രാജ്യം പത്താം സ്ഥാനത്താണ്. ഈ 11 കമ്പനികളുടെ മൊത്തം മൂല്യം 14 ശതമാനം വര്‍ദ്ധിച്ച് 805 ബില്യണ്‍ ഡോളര്‍ ആയിട്ടുണ്ട്. ഇത് ഏകദേശം ഇന്ത്യയുടെ ജി ഡി പി യുടെ മൂന്നിലൊന്ന് വരും.

2020 ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് ഈ കമ്പനികളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന്റെ വരുമാനം 20.5 ശതമാനം ഉയര്‍ന്ന് 168.8 ബില്യണ്‍ ഡോളറിലെത്തി. ഹുറൂണ്‍ പട്ടിക പ്രകാരം റിലയന്‍സ് ആഗോള തലത്തില്‍ 54ാം സ്ഥാനത്താണ്.

ഹുറൂണ്‍ ഗ്ലോബല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവണ്മെന്റ് ഉടമസ്ഥതയിലല്ലാത്ത ഈ കമ്പനികളെ കോവിഡ്19 ബാധിച്ചിട്ടില്ലെന്ന് 2020 ലെ അവരുടെ വളര്‍ച്ച സൂചിപ്പിക്കുന്നു. ഇതിനപവാദം രണ്ട് കമ്പനികള്‍ മാത്രമാണ്, സിഗരറ്റ് ഉത്പാദകരായ ഐ ടി സി യും സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ യും.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മൂല്യം കഴിഞ്ഞ വര്‍ഷം 30 ശതമാനം വര്‍ധിച്ച് 139 ബില്യണ്‍ ഡോളറിലെത്തി. ആഗോളതലത്തില്‍ ഇവര്‍ 73ാം സ്ഥാനത്താണ്. എച്ച് ഡി എഫ് സി ബാങ്കിന്റെ മൂല്യം 11.5 ശതമാനം വര്‍ധിച്ച് 107.5 ബില്യണ്‍ ഡോളര്‍, ഹിന്ദുസ്ഥാന്‍ ലീവര്‍ (68.2 ബില്യണ്‍ ഡോളര്‍, 3.3 ശതമാനം നേട്ടം), ഇന്‍ഫോസിസ് (66 ബില്യണ്‍ ഡോളര്‍, 56.6 ശതമാനം നേട്ടം), എച്ച് ഡി എഫ് സി ലിമിറ്റഡ് (56.4 ബില്യണ്‍ ഡോളര്‍, 2.1 ശതമാനം നേട്ടം) കൊടാക് മഹീന്ദ്ര ബാങ്ക് (50.6 ബില്യണ്‍ ഡോളര്‍, 16.8 ശതമാനം നേട്ടം) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ നേട്ടം.

ഐ സി ഐ സി ഐ ബാങ്കിന്റെ മൊത്തം മൂല്യം 0.5 ശതമാനം കുറഞ്ഞ് 45.6 ബില്യണ്‍ ഡോളറിലെത്തി. ഇവര്‍ മൊത്തം റാങ്കിംഗില്‍ 316ാം സ്ഥാനത്തായി. ഐ ടി സി യുടെ മൂല്യം 22 ശതമാനം കുറഞ്ഞ് 32.6 ബില്യണ്‍ ഡോളറിലെത്തി. 500 കമ്പനികളുടെ പട്ടികയില്‍ 480ാം സ്ഥാനത്താണ് ഇത്.

ഇന്ത്യയില്‍ ആസ്ഥാനമാക്കിയിട്ടില്ലെങ്കിലും 239 കമ്പനികള്‍ക്ക് രാജ്യത്ത് നല്ല സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അവയില്‍ മിക്ക കമ്പനികള്‍ക്കും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് റീജിയണല്‍ ഓഫീസുകളുണ്ട്.

ഹുറൂണ്‍ പട്ടികയില്‍ ഇടം പിടിച്ച ഏറ്റവും മൂല്യവത്തായ 11 കമ്പനികളില്‍ ഏഴ് എണ്ണത്തിന്റെ ആസ്ഥാനം മുംബൈയിലും ബാക്കി പൂനെ, ബെംഗളൂരു, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളിലുമാണ്. കോവിഡ് വകവയ്ക്കാതെ പ്രാദേശിക ഓഹരി വിപണിയില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2.1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉപഭോക്തൃ സാങ്കേതിക ഭീമനായ ആപ്പിളാണ് 500 കമ്പനികളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. 1.6 ട്രില്യണ്‍ ഡോളര്‍ വരുമാനവുമായി മൈക്രോസോഫ്റ്റും ആമസോണും തൊട്ടു പിറകെയുണ്ട്. മൊത്തം 500 എന്‍ട്രികളില്‍ പകുതിയോളം (242 എണ്ണം) അമേരിക്കന്‍ കമ്പനികളാണ്. ബാക്കിയുള്ളവയില്‍ 51 എണ്ണം ചൈനീസ് കമ്പനികളും 30 എണ്ണം ജപ്പാന്‍ കമ്പനികളുമാണ്. മൂല്യനിര്‍ണ്ണയ നേട്ടങ്ങളുടെ കാര്യത്തില്‍ ചൈനയാണ് മുമ്പില്‍. അവിടത്തെ മുന്‍നിര കമ്പനികള്‍ 73 ശതമാനം വര്‍ദ്ധനവ് നേടി.


Tags:    

Similar News