ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാമനാകുന്നു
യുബിഎസ് ഫണ്ടിംഗ് കൂടെ ലഭിക്കുമ്പോള്‍ പേടിഎമ്മിനെയും പിന്നിലാക്കി ബൈജൂസ് ഒന്നാമനായതെങ്ങനെ, അറിയാം.
ടൈം മാഗസിന്റെ 100 'മോസ്റ്റ് ഇന്‍ഫ്‌ളുവന്‍ഷ്യല്‍' കമ്പനികളുടെ പട്ടികയില്‍ ആദ്യമായി ഇടം നേടിയ ശേഷം, എഡ്-ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി മാറാന്‍ ഒരുങ്ങുന്നു. യുബിഎസ് ഗ്രൂപ്പില്‍ നിന്നും 150 മില്യണ്‍ ഡോളര്‍ കൂടെ സമാഹരിക്കുകയാണ് മലയാളി ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബംഗളുരു ആസ്ഥാനമായ ഈ കമ്പനി. യുബിഎസ് അസറ്റ് മാനേജ്മെന്റിന്റെ ഭാഗമായ ഒരു എന്റിറ്റിയാണ് നിക്ഷേപം നടത്തുക.
കോവിഡ് കാലത്ത് ഏറ്റവും വലിയ ഫണ്ടിംഗ് സ്വന്തമാക്കിയ കമ്പനികളില്‍ റിലയന്‍സ് പോലെ തന്നെ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ് ബൈജൂസും. യുബിഎസിന്റെ മുഴുവന്‍ നിക്ഷേപം ഏകദേശം 300 മില്യണ്‍ ഡോളര്‍ ആയിരിക്കുമെന്നും വാര്‍ത്തകള്‍ പറയുന്നു. യുബിഎസ് നിക്ഷേപമെത്തുന്നതോടുകൂടി രാജ്യത്തെ നിലവിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായ പേടിഎമ്മിന് മുകളിലെത്തും ബൈജൂസ്. നിലവില്‍ 16 ബില്യണ്‍ ഡോളറാണ് പേടിഎമ്മിന്റെ മൂല്യം.
യുബിഎസും ബൈജുവും തമ്മിലുള്ള ഇടപാട് സംബന്ധിച്ച ചര്‍ച്ച യുബിഎസിലെ മണി മാനേജര്‍ മുസാബ് ജാവേദ് കമ്പനിയുമായി ചര്‍ച്ച നടത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈജൂസിന്റെ കെ -12 ആപ്പിന് ഇന്ത്യയില്‍ 80 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടെന്നും കോവിഡ് കാലത്താണ് ഇത്രയധികം ഉപയോക്താക്കളെ ഓണ്‍ലൈന്‍ ലേണിംഗിലേക്ക് നയിക്കാനായതെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.
ഫേസ്ബുക്ക് ഇന്‍കോര്‍പ്പറേറ്റ് സഹസ്ഥാപകന്‍ എഡ്വേര്‍ഡോ സാവെറിന്റെ ബി ക്യാപിറ്റല്‍ ഗ്രൂപ്പ്, ബാരന്‍ ഫണ്ട്‌സ്, എക്‌സ്എന്‍ എന്നിവയില്‍ നിന്ന് ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ഈ കോവിഡ് കാലത്ത് ബൈജൂസ് സമാഹരിച്ചിരുന്നു. ഈ കോവിഡ് കാലത്ത് മാത്രം ബൈജു തങ്ങളുടെ നിക്ഷേപക ലിസ്റ്റിലേക്ക് വലിയ ഒരു വമ്പന്മാരുടെ നിര തന്നെയാണ് ചേര്‍ത്തത്. സില്‍വര്‍ ലേക്ക് മാനേജ്‌മെന്റ്, ഔള്‍ വെഞ്ചേഴ്‌സ്, ടൈഗര്‍ ക്യാപിറ്റല്‍ എന്നിവരുള്‍പ്പെടുന്ന ലിസ്റ്റാണ് ഇത്.