വില്‍പ്പനയില്‍ 20 ശതമാനം ഇടിവ്, രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതി കുറയുന്നു
സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി, ഓപ്പോയും വിവോയും തൊട്ടു പിന്നില്‍
ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 2023 ന്റെ ആദ്യപാദത്തില്‍ കുറഞ്ഞതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ക്യാനാലിസ്. മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 20 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തി വരികയാണ്. ഇതു മൂലം ഇറക്കുമതിയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
ഒപ്പോ ഒഴികെയുള്ള എല്ലാ ബ്രാന്‍ഡുകളുടേയും ഇറക്കുമതി ആദ്യ പാദത്തില്‍ താഴേക്ക് പോയി. റിയല്‍മിയുടെ ഇറക്കുമതിയില്‍ 51 ശതമാനത്തിന്റെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ ഷവോമി 38 ശതമാനവും സാംസംഗ് 11 ശതമാനവും ഇറക്കതി കുറവ് രേഖപ്പെടുത്തി.
വില്‍പ്പനയില്‍ സാംസംഗ് മുന്നില്‍
സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ സാംസംഗ് തന്നെയാണ് മുന്നില്‍ തുടരുന്നത്. 21 ശതമാനം വിപണി പങ്കാളിത്തമുള്ള സാംസംഗ് ആദ്യപാദത്തില്‍ 63 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചു. ചൈനീസ് കമ്പനിയായ ഓപ്പോയാണ് രണ്ടാം സ്ഥാനത്ത്. 55 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച ഓപ്പോയുടെ വിപണി വിഹിതം 18 ശതമാനമാണ്.
ഓപ്പോയ്‌ക്കൊപ്പം 18 ശതമാനം വിപണി പങ്കാളിത്തമുണ്ടെങ്കിലും വില്‍പ്പനയിലെ ചെറിയ കുറവു മൂലം മൂന്നാം സ്ഥാനത്താണ് വിവോ. 54 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് വിവോ വിറ്റഴിച്ചത്. 50 ലക്ഷം ഫോണുകള്‍ വിറ്റ ഷവോമി 16 ശതമാനം വിപണി പങ്കാളിത്തവുമായി നാലാം സ്ഥാനത്താണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
മറ്റൊരു ചൈനീസ് കമ്പനിയായ റിയല്‍മി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 29 ലക്ഷം ഫോണുകളാണ് വിറ്റഴിച്ചത്. ഓണ്‍ലൈന്‍ വില്‍പ്പന ഉയരാതിരുന്നതാണ് റിയല്‍മിയെ ബാധിച്ചത്.
വില്‍പ്പന ഉയര്‍ന്നേക്കും
എല്ലാ കമ്പനികളും കൂടി 306 ലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. വര്‍ഷാരംഭത്തില്‍ ചെറിയ കുറവുകളുണ്ടെങ്കിലും വരും നാളുകളില്‍ കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നതായാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ആപ്പിള്‍ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറന്നുകൊണ്ട് കൂടുതല്‍ വില്‍പ്പന ലക്ഷ്യമിടുന്ന സമയത്താണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഈ ഇടിവ് പ്രകടമായിരിക്കുന്നത്. എന്നാല്‍ വില്‍പ്പന തിരിച്ചു വരാന്‍ ആപ്പിളിന്റെ സാന്നിധ്യം ഗുണമാകുമെന്ന് കരുതപ്പെടുന്നു.
വിപണിയില്‍ ദീര്‍ഘകാലം പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി ചില്ലറ വില്‍പ്പന, മാനുഫാക്ചറിംഗ്, പ്രാദേശിക സംഭരണം, റിസര്‍ച്ച് ആന്റ് ഡവലപ്മന്റ് എന്നിവയില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തുകയാണ് ഇപ്പോള്‍ കമ്പനികള്‍. ഓഫ്‌ലൈനിലും ഓണ്‍ലൈനിലും ഒരു പോലെ സാന്നിധ്യം മെച്ചപ്പെടുത്താനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.