4,814 കോടിയുടെ ബാധ്യത, ഈ ബജാജ് കമ്പനിയുടെ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിച്ചു

നിലവില്‍ 12.20 രൂപയാണ് കമ്പനിയുടെ ഓഹരി വില

Update: 2022-07-06 07:30 GMT

രാജ്യത്തെ പ്രമുഖ പഞ്ചസാര നിര്‍മാതാക്കളായ ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ ലിമിറ്റഡിന്റെ (Bajaj Hindusthan Sugar Limited) വായ്പകളെ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിച്ച് ബാങ്കുകള്‍. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 4,814 കോടി രൂപയായിരുന്നു കമ്പനിയുടെ കടം. ബാങ്കുകള്‍ക്കൊപ്പം കരിമ്പ് കര്‍ഷകര്‍ക്കും ബജാജ് ഹിന്ദുസ്ഥാന്‍ പണം നല്‍കാനുണ്ട്.

കമ്പനിയെ പുനക്രമീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വായ്പാ ദാതാക്കള്‍ ചര്‍ച്ച ചെയ്തു വരുകയാണ്. ബജാജ് ഹിന്ദുസ്ഥാന്‍ ബെബ്‌സൈറ്റില്‍, രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര, എഥനോള്‍ ഉല്‍പ്പാദകര്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ദിവസം 136,000 ടണ്‍ കരിമ്പ് സംസ്‌കരിക്കാനും, 8 ലക്ഷം ലിറ്റര്‍ ആല്‍ക്കഹോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഡിസ്റ്റലെറിയും കമ്പനിക്കുണ്ട്.

അതേ സമയം കഴിഞ്ഞ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021-22 കാലയളവില്‍ കമ്പനിയുടെ ആകെ ബാധ്യത 588 കോടി രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. 2,259 കോടി രൂപയാണ് ബജാജ് ഹിന്ദുസ്ഥാന്റെ മൊത്തം മൂല്യം. നിലവില്‍ 12.20 രൂപയാണ് (12.15 PM) ബജാജ് ഹിന്ദുസ്ഥാന്‍ ഓഹരികളുടെ വില. 2006 കാലഘട്ടത്തില്‍ 450 രൂപയ്ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം ഏകദേശം 1,684 കോടി രൂപയാണ്. 1931ല്‍ ജമ്‌നാലാല്‍ ബജാജ് ആണ് കമ്പനി സ്ഥാപിച്ചത്.

Tags:    

Similar News