റിലയന്‍സിന്റെ 5ജി ലേലം, മുടക്കിയത് 88,078 കോടി

150,173 കോടി രൂപ സ്‌പെക്ട്രം ലേലത്തിലൂടെ കേന്ദ്രത്തിന് ലഭിക്കും. ഈ തുകയുടെ 58.65 ശതമാനവും ജിയോയില്‍ നിന്ന്

Update:2022-08-02 10:42 IST

ഏഴുദിവസം നീണ്ടുനിന്ന 5ജി സ്‌പെക്ട്രം ലേലം ഇന്നലെ അവസാനിപ്പിച്ചപ്പോള്‍ ലഭിച്ചത് 150,173 കോടി രൂപയുടെ ബിഡുകള്‍. ഏഴാം ദിവസം മൂന്ന് റൗണ്ടുകളിലായി 43 കോടി രൂപയാണ് ലഭിച്ചത്. വില്‍പ്പനയ്ക്ക് വെച്ച 72.09 GHz സ്‌പെക്ട്രത്തില്‍ 71 ശതമാനം മാത്രമാണ് വിറ്റുപോയത്.

4.3 ട്രില്യണ്‍ രൂപയാണ് ഈ സ്‌പെക്ട്രങ്ങളുടെ അടിസ്ഥാന വില. നാല് കമ്പനികള്‍ പങ്കെടുത്ത ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ചെലവഴിച്ചത് റിലയന്‍സ് ജിയോ ആണ്. വിവിധ ബാന്‍ഡുകളിലായി 88,078 കോടി രൂപ മുടക്കി 24,740 MHz സ്‌പെക്ട്രമാണ് ജിയോ നേടിയത്. ആകെ ലഭിച്ച ബിഡിംഗ് തുകയുടെ 58.65 ശതമാനവും ജിയോയില്‍ നിന്നാണ്. 700 MHz, 800 MHz, 1800 MHz, 3300 MHz, 26 GHz ബാന്‍ഡുകളിലുള്ള സ്‌പെക്ട്രമാണ് റിലയന്‍സ് വാങ്ങിയത്.

43,084 കോടി രൂപ മുടക്കി 19,868 mhz സ്‌പെക്ട്രം നേടിയ എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. 900 MHz, 1800 MHz, 2100 MHz, 3300 MHz, 26 GHz ബാന്‍ഡുകള്‍ക്കാണ് എയര്‍ടെല്‍ പണം മുടക്കിയത്. 18,799 കോടി രൂപ മുടക്കിയ വോഡാഫോണ്‍ ഐഡിയ നേടിയത് 6,228 MHz സ്‌പെക്ട്രം മാത്രമാണ്. 1800 MHz, 2100 MHz, 2500 MHz, 26 GHz എന്നീ ബാന്‍ഡുകളില്‍ വോഡാഫോണ്‍ ഐഡിയ സാന്നിധ്യമറിയച്ചു. ആദ്യമായി ടെലികോം രംഗത്തേക്ക് എത്തിയ അദാനി ഗ്രൂപ്പ് 212 കോടി രൂപയുടെ സ്‌പെക്ട്രമാണ് വാങ്ങിയത്. 26 GHz ഫ്രീക്വന്‍സിയില്‍ 400 MHz സ്‌പെക്ട്രം അദാനി നേടി.

സ്‌പെക്ട്രം വിതരണം ഓഗസ്റ്റ് 10ന് പൂര്‍ത്തിയാക്കി ഒക്ടോബറില്‍ 5ജി സേവനം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്‌പെക്ട്രം വില്‍പ്പനയിലൂടെ ആദ്യ വര്‍ഷം 13,365 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. 20 വര്‍ഷത്തെ കാലാവധിയിലാണ് കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിക്കുന്നത്. സ്‌പെക്ടങ്ങളുടെ തുകയും 20 വര്‍ഷത്തെ തുല്യ ഘടുക്കളായി നല്‍കാനുള്ള അവസരം കേന്ദ്രം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്

Tags:    

Similar News