ഇത്തവണ വലിയ കളികള്‍ക്ക് അദാനി ഇല്ല, 5ജിയില്‍ നേട്ടമുണ്ടാക്കാന്‍ റിലയന്‍സ്
സ്‌പെക്ട്രം ലേലത്തിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി നല്‍കി റിലയന്‍സ് ജിയോ
5ജി സ്‌പെക്ട്രം ലേലത്തിനായി പ്രാരംഭ നിക്ഷേപം (Earnest Money Deposit-EMD) നടത്തി അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സ് അടക്കമുള്ള കമ്പനികള്‍. അദാനി ഗ്രൂപ്പാണ് (Adani) ഏറ്റവും കുറഞ്ഞ തുക ഇഎംഡിയായി സമര്‍പ്പിച്ചത്. ഇഎംഡിയായി കമ്പനി വകയിരുത്തിയത് 100 കോടി രൂപയാണ്.
14,000 കോടി രൂപ വകയിരുത്തിയ റിലയന്‍സ് ജിയോ (Reliance Jio) ആണ് ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി നല്‍കുന്ന കമ്പനി. ഭാരതി എയര്‍ടെല്‍ 5,500 കോടി രൂപയും വൊഡാഫോണ്‍ ഐഡിയ 2,200 കോടി രൂപയുമാണ് നീക്കിവെച്ചത്. കമ്പനികള്‍ എത്ര രൂപയാണ് സ്‌പെക്ട്രം ലേലത്തില്‍ വിനിയോഗിക്കുന്ന എന്നതിന്റെ സൂചനയാണ് ഇഎംഡി. അതായത് ഇഎംഡിയുടെ എട്ട് മുതല്‍ പത്ത് ഇരട്ടിവരെ ആയിരിക്കും ലേലത്തില്‍ കമ്പനികള്‍ ചെലവാക്കുക.
അതേ സമയം അത്രയും തുക ചെലവാക്കണം എന്ന് നിര്‍ബന്ധമില്ല. അതുകൊണ്ട് തന്നെ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കാന്‍ ആണ് റിലയന്‍സ് ഉയര്‍ന്ന തുക ഇഎംഡിയായി നല്‍കുന്നത് എന്ന വിലയിരുത്തലും ഉണ്ട്. ലേലത്തില്‍ പങ്കെടുക്കുന്ന നാല് കമ്പനികളും ചേര്‍ന്ന്‌ന 21,800 കോടി രൂപയാണ് ഇഎംഡിയായി നല്‍കുന്നത്.
ഇഎംഡി പ്രകാരം 900 കോടി രൂപ വരെ അദാനി ഗ്രൂപ്പിന് ലേലത്തില്‍ വിനിയോഗിക്കാം. സ്വകാര്യ നെറ്റ്‌വര്‍ക്ക് ആരംഭിക്കാനാണ് അദാനി ഗ്രൂപ്പ് 5ജി സ്‌പെക്ട്രം സ്വന്തമാക്കുന്നത്. ഗുജറാത്തില്‍ ടെലികോം സേവനങ്ങള്‍ നല്‍കാനുള്ള അനുമതിയും കമ്പനി നേടിയിരുന്നു.400 Mhz ന്റെ ഓള്‍ ഇന്ത്യ മില്ലിമീറ്റര്‍ ബാന്‍ഡ് സ്‌പെക്ട്രത്തിന് ഏകദേശം 28,000 കോടിയോളം ചെലവാകും. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കിളുകളില്‍ മാത്രമാവും അദാനി സാന്നിധ്യം അറിയിക്കുക എന്നാണ് വിലയിരുത്തല്‍.