5G ലേലം; ആദ്യ ദിനം കടന്നത് 1.45 ലക്ഷം കോടി രൂപ
2015ലെ സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക
5ജി ലേലത്തിന്റെ (5G auction) ആദ്യ ദിനം നാല് റൗണ്ടുകളിലായി കമ്പനികള്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് നിരക്കായ 1.45 ലക്ഷം കോടിയുടെ സ്‌പെക്ട്രം. 80,000-90,000 കോടി രൂപവരെ പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2015ലെ സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച 1.13 ലക്ഷം കോടി രൂപ ലഭിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുത്തുന്നത്. 4.4 ലക്ഷം കോടി രൂപ വിലവരുന്ന 725 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് കേന്ദ്രസര്‍ക്കാര്‍ ലേലത്തിലൂടെ നല്‍കുന്നത്. 3300 മെഗാഹെര്‍ട്‌സ്, 26 ജിഗാഹെര്‍ട്‌സ്, ബാന്‍ഡുകള്‍ക്കായാണ് ആദ്യദിനം മത്സരം നടന്നത്. 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള സ്‌പെക്ട്ത്തിനും ബിഡിംഗ് ലഭിച്ചു. നാല് റൗണ്ട് ലേലമാണ് ഇന്നലെ പൂര്‍ത്തിയായത്.
ഏറ്റവും ചെലവേറിയതും 5ജി സേവനങ്ങളില്‍ പ്രധാനപ്പെട്ടതുമായ 700 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിനും ആവശ്യക്കാരെത്തി. 700 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം രാജ്യത്തുടനീളം 22 സര്‍ക്കിളുകളില്‍ റിലയന്‍സ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്. 39,270 കോടിയോളം ഇതിന് ചെലവാകും എന്നാണ് വിലയിരുത്തല്‍. ലേലം പൂര്‍ത്തിയായ ശേഷമായിരിക്കും വിശദാംശങ്ങള്‍ ലഭ്യമാവുക
ഓഗസ്റ്റ് 14ന് മുമ്പ് സ്‌പെക്ട്രം വിതരണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 4ജിയെക്കാള്‍ 10 ഇരട്ടി വേഗതായിയിരിക്കും 5ജി സേവനത്തിലൂടെ ലഭിക്കുക. ഈ വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തോടെ പ്രധാന നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ശ്രമമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
14,000 കോടി രൂപ വകയിരുത്തിയ റിലയന്‍സ് ജിയോ ആണ് ഏറ്റവും ഉയര്‍ന്ന തുക ഇഎംഡിയായി (Earnest Money Deposit-EMD) നല്‍കിയ കമ്പനി. ഭാരതി എയര്‍ടെല്‍ 5,500 കോടി രൂപയും വൊഡാഫോണ്‍ ഐഡിയ 2,200 കോടി രൂപയുമാണ് നീക്കിവെച്ചത്. കമ്പനികള്‍ എത്ര രൂപയാണ് സ്പെക്ട്രം ലേലത്തില്‍ വിനിയോഗിക്കുന്ന എന്നതിന്റെ സൂചനയാണ് ഇഎംഡി. അതായത് ഇഎംഡിയുടെ എട്ട് മുതല്‍ പത്ത് ഇരട്ടിവരെ ആയിരിക്കും ലേലത്തില്‍ കമ്പനികള്‍ ചെലവാക്കുക. അദാനി ഗ്രൂപ്പാണ് ഏറ്റവും കുറഞ്ഞ തുക ഇഎംഡിയായി സമര്‍പ്പിച്ചത്. ഇഎംഡിയായി കമ്പനി വകയിരുത്തിയത് 100 കോടി രൂപയാണ്.