തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങൾ ഏറ്റെടുത്ത വകയിൽ അദാനി ഇനിയും നൽകണം, ₹2800 കോടി

കോവിഡ് കാലത്ത് വരുമാനം ഇടിഞ്ഞതാണ് ബാധ്യതയായത്

Update:2024-09-27 20:15 IST

വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് അദാനി ഗ്രൂപ്പ് നല്‍കാനുള്ളത് 2,800 കോടി രൂപ കൂടിയെന്ന് റിപ്പോര്‍ട്ട്.

2021ല്‍ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി മൂന്ന് എയര്‍പോര്‍ട്ടുകളെ ഏറ്റെടുത്ത വകയിലാണ് ഈ തുക കുടിശികയായി കിടക്കുന്നത്. രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകളെയാണ് പൊതു സ്വകാര്യ പങ്കാളിത്ത മോഡലിലേക്ക് മാറ്റിയത്. അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സാണ് ഈ എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുത്തത്.
അഹമ്മദാബാദ്, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം, ലക്‌നൗ, മംഗളൂരു എയര്‍പോര്‍ട്ടുകളെ ഏറ്റെടുക്കാന്‍ 2021 നവംബറില്‍ അദാനി 2,440 കോടി രൂപ നല്‍കുകയും ചെയ്തു. ജയ്പൂര്‍, തിരുവനന്തപുരം, ഗുവാഹത്തി എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കുടിശിക വന്നിരിക്കുന്നത്.
2019ലാണ് എയര്‍പോര്‍ട്ടിനായി ബിഡ് സമര്‍പ്പിച്ചതെങ്കിലും കൈമാറിയത് 2021ലാണ്. ഈ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം കൈകാര്യം ചെയ്തത് എയര്‍പോര്‍ട്ട് അതോറിറ്റിയാണ്. ആ കാലയളവില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി അതോറിറ്റിക്ക് ലഭിക്കേണ്ട തുകയാണ് ഇപ്പോള്‍ അദാനി തിരിച്ചു നല്‍കേണ്ടത്.
എയര്‍പോര്‍ട്ട് നടത്തുന്ന കമ്പനികളുടെ വരുമാനത്തിന്, അതായത് എയര്‍പോര്‍ട്ട് ഈടാക്കുന്ന നിരക്കുകള്‍ക്ക് മുന്‍കൂട്ടി ഒരുപരിധി വച്ചിട്ടുണ്ട്. കണ്‍ട്രോളിംഗ് പിരീയഡ് എന്നറിയപ്പെടുന്ന അഞ്ച് വര്‍ഷത്തേക്ക് ഇതില്‍ മാറ്റമുണ്ടാകില്ല. എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി (AERA)യാണ് ഈ നിരക്ക് അംഗീകരിക്കുന്നത്. ഇതുകൂടാതെ ലാന്‍ഡിംഗ് ചാര്‍ജുകള്‍, പാര്‍ക്കിംഗ് ചാര്‍ജ്, യൂസര്‍ ഡവലപ്‌മെന്റ് ഫീസ് തുടങ്ങിയവ മറ്റു ചാര്‍ജുകളും എയര്‍പോര്‍ട്ടുകള്‍ക്ക് ഈടാക്കാം.
ഈ അഞ്ച് വര്‍ഷക്കാലാവധിയില്‍ എയര്‍പോര്‍ട്ടുകള്‍ക്ക് എ.ഇ.ആര്‍.എ നിശ്ചയിച്ച ഈ വരുമാനം നേടാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള അഞ്ച് വര്‍ഷ കാലയളവില്‍ നിരക്ക് വര്‍ധിപ്പിച്ച് മുന്‍കാലയളവിലെ കുറവ് പരിഹരിക്കാന്‍ അനുമതിയുണ്ട്. പരിധിക്ക് മുകളില്‍ വരുമാനം നേടിയിട്ടുണ്ടെങ്കില്‍ താരിഫ് ക്രമീകരിക്കാനുമാകും.

കോവിഡ് തിരിച്ചടി 

2017 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഈ വിമാനത്താവളങ്ങള്‍ നടത്തിയിരുന്നത്. കൊവിഡ് വന്നതോടെ ഇക്കാലയളവില്‍ വരുമാനമുണ്ടായില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വിമാത്താവളങ്ങളുടെ പ്രവര്‍ത്തന ചുമതല വഹിച്ചിരുന്നതെങ്കില്‍ നിരക്ക് വര്‍ധിപ്പിച്ച് ഈ നഷ്ടം നികത്താമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ 2021ല്‍ അദാനിക്ക് എയര്‍പോര്‍ട്ട് കൈമാറിയതിനാല്‍ ഈ കാലയളവിലേക്ക് എ.ഇ.ആര്‍.എ നിശ്ചയിച്ചിരുന്ന തുകയില്‍ വന്ന കുറവ് പിരിച്ചടക്കേണ്ടത് അദാനിയാണ്. ഇത് എയര്‍പോര്‍ട്ട് അതോറ്റിക്ക് നല്‍കുകയും ചെയ്യണം. അദാനിക്ക് ഈ കാലയളവില്‍ നിരക്ക് വര്‍ധിപ്പിക്കാനും നഷ്ടം വന്ന തുക തിരിച്ചു പിടിക്കാനും അനുമതി നല്‍കുകയും ചെയ്തിരുന്നു.
ജൂണില്‍ എ.ഇ.ആര്‍.എയുടെ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പ്രസിദ്ധീകരിച്ചതനുസരിച്ച് 2022-27 സാമ്പത്തിക വര്‍ഷങ്ങളില്‍ (അദാനിയുടെ ആദ്യ കണ്‍ട്രോളിംഗ് പിരീയഡ്) ഗുവാഹത്തി എയര്‍പോര്‍ട്ടിന് 172.8 കോടി രൂപയും ജയ്പൂര്‍ എയര്‍പോര്‍ട്ടിന് 644.17 രൂപയും തിരുവനന്തപുരം എയര്‍പോര്‍ട്ടിന് 789.29 കോടി രൂപയുമാണ് വരുമാന പരിധി നിശ്ചിയിച്ചിരുന്നത്. ഇതനുസരിച്ചാണ് അദാനി 2,800 കോടി രൂപ നല്‍കേണ്ടതതെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു.
Tags:    

Similar News