അദാനിയുടെ എട്ടാം വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്ക്; ആദ്യഘട്ടച്ചെലവ് ₹17,000 കോടി
തിരുവനന്തപുരം അടക്കം 7 വിമാനത്താവളങ്ങള്‍ നിലവില്‍ അദാനിയുടെ നിയന്ത്രണത്തിലാണ്
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ പുതിയൊരു വിമാനത്താവളം സജ്ജമാകുന്നു. നവി മുംബൈയില്‍ 17,000 കോടി രൂപ ആദ്യഘട്ട നിക്ഷേപത്തോടെ സജ്ജമാകുന്ന എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം 2024 ഡിസംബറോടെ ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (NMIAL) എയര്‍ഫീല്‍ഡിന്റെ നിര്‍മ്മാണം 60 ശതമാനം പൂര്‍ത്തിയായെന്ന് അധികൃതര്‍ വ്യക്തമാക്കി. റണ്‍വേ, ടാക്‌സിവേ, ഏപ്രണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് എയര്‍ഫീല്‍ഡ്. റണ്‍വേ നിര്‍മ്മാണത്തിന്റെ 70 ശതമാനം പിന്നിട്ടുകഴിഞ്ഞു.
അദാനിയും മുംബൈയും
അദാനി ഗ്രൂപ്പിന്റെ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് നിലവില്‍ മുംബൈ വിമാനത്താവളത്തിന്റെ (MIAL) പ്രവര്‍ത്തനം.
നവി മുംബൈ വിമാനത്താവളത്തില്‍ മിയാലിന് 74 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കി സിഡ്‌കോയ്ക്കാണ് (Cidco).
രണ്ടുകോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുംവിധമാണ് നവി മുംബൈ വിമാനത്താവളത്തിന്റെ ആദ്യഘട്ടം ഒരുങ്ങുന്നത്. പ്രവര്‍ത്തനം തുടങ്ങിയശേഷം ആദ്യവര്‍ഷം പ്രതീക്ഷിക്കുന്നത് പക്ഷേ 1.2 കോടി യാത്രികരെയാണ്.
മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നവി മുംബൈ വിമാനത്താവളം നിര്‍മ്മിക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം വൈകാതെ 6 കോടി ഭേദിക്കുമെന്നാണ് വിലയിരുത്തല്‍.
അദാനിയുടെ എട്ടാം വിമാനത്താവളം
തിരുവനന്തപുരം അടക്കം നിലവില്‍ രാജ്യത്ത് 7 വിമാനത്താവളങ്ങള്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് നിയന്ത്രിക്കുന്നുണ്ട്. അഹമ്മദാബാദ്, ലക്‌നൗ, മംഗളൂരു, മുംബൈ, ജയ്പൂര്‍, ഗുവഹാത്തി എന്നിവയാണ് അദാനിയുടെ നിയന്ത്രണത്തിലുള്ളത്. കേന്ദ്രസര്‍ക്കാരില്‍ നിന്നാണ് ടെന്‍ഡറിലൂടെ അദാനി ഈ വിമാനത്താവളങ്ങളുടെ നിയന്ത്രണാധികാരം സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലേക്കാണ് എട്ടാം അംഗമായി നവി മുംബൈ വിമാനത്താവളം ഒരുങ്ങുന്നത്.