7,017 കോടിയുടെ ഏറ്റെടുക്കലുമായി ഈ അദാനി കമ്പനി
ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന് കീഴിലുള്ള പ്ലാന്റുകളാണ് ഏറ്റെടുക്കുന്നത്
ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പിന് (Dainik Bhaskar Group) കീഴിലുള്ള ഡിബി പവറിനെ (DB Power) ഏറ്റെടുക്കാന്‍ ഒരുങ്ങി അദാനി പവര്‍ (Adani Power). ഛത്തീസ്ഗഢില്‍ 600 മെഗാവാട്ട് ശേഷിയുള്ള രണ്ട് താപവൈദ്യുതി നിലയങ്ങളാണ് ഡിബി പവറിന് ഉള്ളത്. 7,017 കോടി രൂപയ്ക്കാണ് ഡിബി പവറിനെ അദാനി സ്വന്തമാക്കുന്നത്.
Also Read : വിപണിയില്‍ പവര്‍ കാട്ടി അദാനി കമ്പനി, ആറ് മാസത്തിനിടെ സമ്മാനിച്ചത് 237 ശതമാനം നേട്ടം
2006ല്‍ ആരംഭിച്ച ഡിബി പവറിന് കോള്‍ ഇന്ത്യയുമായി 923.5 മെഗാവാട്ടിന്റെ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഉണ്ട്. 2021-22 സാമ്പത്തിക വര്‍ഷം 3,488 കോടിയുടെ വിറ്റുവരവാണ് ഡിബി പവര്‍ നേടിയത്. താപവൈദ്യുതി മേഖലയില്‍, ഛത്തീസ് ഗഢിലെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഏറ്റെടുക്കല്‍ സഹായിക്കുമെന്ന് അദാനി പവര്‍ വ്യക്തമാക്കി.
അംബുജ സിമന്റിനെയും (Ambuja Cements) എസിസിയെയും ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ (Adani Group) 31,139 കോടിയുടെ (3.8 ബില്യണ്‍ ഡോളര്‍) ഓപ്പണ്‍ ഓഫറിന് കഴിഞ്ഞ ദിവസം സെബി അനുമതി നല്‍കിയിരുന്നു. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ ഓഫര്‍ ആവും അദാനി ഗ്രൂപ്പിന്റേത്. ടാര്‍ഗെറ്റ് കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ഏറ്റെടുക്കുന്ന ഗ്രൂപ്പ് നല്‍കുന്ന ഓഫറാണ് 'ഓപ്പണ്‍ ഓഫര്‍'. ഓഹരികള്‍ ഒരു പ്രത്യേക വിലയ്ക്ക് ടെന്‍ഡര്‍ ചെയ്യാനുള്ള അവസരമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.