ഓഹരി വിപണിയില്‍ വീണ്ടും അദാനി വില്‍മറിന്റെ മുന്നേറ്റം, തിരിച്ചുകയറുന്നത് 25 ശതമാനം ഇടിവിന് ശേഷം
ഇന്ന് ഓഹരി വില ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് പരിധിയിലെത്തി
എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയായ ഫെബ്രുവരി 11 ലെ 419 ല്‍നിന്ന് 25 ശതമാനം തിരുത്തലിലേക്ക് വീണ അദാനി വില്‍മര്‍ ലിമിറ്റഡ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ട് പരിധിയിലെത്തി. 10 ശതമാനത്തോളം, അതായത് 31.40 രൂപയാണ് ഇന്ന് അദാനി വില്‍മറിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധനവ്. തിരുത്തലിനൊടുവില്‍ എഡിബ്ള്‍ ഓയ്ല്‍ നിര്‍മാതാക്കളോട് നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടിയതോടെയാണ് ഓഹരി വില അപ്പര്‍ സര്‍ക്യൂട്ട് പരിധിയിലെത്തിയത്. ഫെബ്രുവരി എട്ടിന് 227 രൂപയ്ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത അദാനി വില്‍മറിന്റെ ഓഹരി വില 90 ശതമാനം വര്‍ധിച്ചാണ് ഫെബ്രുവരി 11ന് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ഒന്നാം ദിനം 267.35 രൂപയിലും രണ്ടാംദിനം 321.90 രൂപയിലും മൂന്നാം ദിനം 386.35 രൂപയിലുമായിരുന്നു അദാനി വില്‍മര്‍ വ്യാപാരം അവസാനിപ്പിച്ചത്.
റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷഭീതിയില്‍ ഓഹരി വിപണി ഇടിഞ്ഞതോടെയാണ് അദാനി വില്‍മറിന്റെ ഓഹരി വില 25 ശതമാനത്തോളം ഇടിഞ്ഞത്. ഇന്ന് 10 ശതമാനത്തോളം ഉയര്‍ന്നതോടെ അദാനി വില്‍മറിന്റെ ഓഹരി വില 345.70 രൂപയായി. 326 രൂപയ്ക്കായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനി 2021 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ അറ്റാദായത്തില്‍ 66 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന വില്‍പ്പനയുടെ പശ്ചാത്തലത്തില്‍ 211.41 കോടി രൂപയായിരുന്നു അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 127.39 കോടി രൂപയായിരുന്നു അറ്റാദായം.