ഇന്‍ഫോസിസിന് ശേഷം ആമസോണിനെതിരെ 'പാഞ്ചജന്യ'

ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ സിനികളും വെബ് സീരിസുകളും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ടെന്ന് ആര്‍ എസ് എസ് മുഖപത്രം

Update: 2021-09-27 11:00 GMT

ഇന്ത്യന്‍ ഐ ടി വമ്പനായ ഇന്‍ഫോസിസിനെതിരെ ആഞ്ഞടിച്ച ശേഷം ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യ ജെഫ് ബെസോസിന്റെ ആമസോണിനെതിരെ രംഗത്ത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പാണ് ആമസോണ്‍ എന്ന് പാഞ്ചജന്യ വിമര്‍ശിക്കുന്നു.

ബിസിനസ് താല്‍പ്പര്യങ്ങളുമായി ഇന്ത്യയില്‍ എത്തി 200 വര്‍ഷത്തോടെ രാജ്യത്തെ അടിമകളാക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന് ആമസോണിനെ വിശേഷിപ്പിക്കുന്ന പാഞ്ചജന്യ, ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും വെബ് സീരിസുകളും ഇന്ത്യന്‍ ഹിന്ദു മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്നും ആരോപണം ഉന്നയിക്കുന്നു.

ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരെ സഹായിക്കാനെന്ന പേരിലാണ് ആമസോണ്‍ ഇവിടെ നിക്ഷേപം നടത്തിയതെങ്കിലും അവര്‍ സ്വന്തമായി കമ്പനികള്‍ തുടങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണെന്നും പാഞ്ചജന്യയുടെ കവര്‍ സ്റ്റോറിയില്‍ പറയുന്നു.

ഇന്‍കം ടാക്‌സ് പോര്‍ട്ടലില്‍ വന്ന ഗുരുതരമായ പ്രശ്‌നങ്ങളുടെ പേരിലാണ് ഇന്‍ഫോസിസിനെതിരെ പാഞ്ചജന്യ വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ഇന്‍ഫോസിസ് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.


Tags:    

Similar News