എയര്‍ ഇന്ത്യ ശമ്പളം പുതുക്കി; പൈലറ്റിന് മാസം 8.5 ലക്ഷം വരെ

കാബിന്‍ ക്രൂവിന് ശമ്പളം 78,000 രൂപ; അടുത്തവര്‍ഷം മുതല്‍ ശമ്പളം വര്‍ഷന്തോറും പുതുക്കും

Update:2023-04-18 13:23 IST

representational image 

പൈലറ്റുമാരുടെയും കാബിന്‍ക്രൂവിന്റെയും ശമ്പളം പുതുക്കി എയര്‍ ഇന്ത്യ. അഞ്ചുവര്‍ഷത്തിനകം എയര്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായി മാറ്റാനുള്ള ടാറ്റാ ഗ്രൂപ്പിന്റെ പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണിത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ 2,700ഓളം പൈലറ്റുമാര്‍ക്കും 5,600 ഓളം കാബിന്‍ ക്രൂവിനും ഗുണകരമാണ് നടപടി. പുതുക്കിയ ശമ്പളഘടന ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. വ്യോമയാന മേഖലയിലെ ശമ്പളഘടനയ്ക്ക് അനുസൃതമായി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വേതനം വര്‍ഷന്തോറും പുതുക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

പറക്കല്‍ അലവന്‍സ് ഇനി 40 മണിക്കൂര്‍
പൈലറ്റുമാരുടെ ഉറപ്പായ ഫ്‌ളൈയിംഗ് അലവന്‍സ് (Guaranteed Flying Allowance) നിലവിലെ 20 മണിക്കൂറില്‍ നിന്ന് 40 മണിക്കൂറായി ഉയര്‍ത്തിയതാണ് ശ്രദ്ധേയ തീരുമാനം. പൈലറ്റുമാരുടെ ശമ്പളത്തിന്റെ മുന്തിയപങ്കും (ഏകദേശം 70 ശതമാനത്തോളം) ഫ്‌ളൈയിംഗ് അലവന്‍സാണ്. ഇത് കൂടുന്നതിന് ആനുപാതികമായി മൊത്തം ശമ്പളവും വര്‍ദ്ധിക്കും. എന്നാല്‍, കൊവിഡിന് മുമ്പ് ഫ്‌ളൈയിംഗ് അലവന്‍സ് 70 മണിക്കൂര്‍ ആയിരുന്നു. കൊവിഡിന് മുമ്പത്തെ നിലയിലേക്ക് ഫ്‌ളൈയിംഗ് അലവന്‍സ് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം പൈലറ്റുമാരുടെ അസോസിയേഷനുകള്‍ ഉന്നയിച്ചിട്ടുണ്ട്.

40 മണിക്കൂറായാണ് എയര്‍ ഇന്ത്യ ഫ്‌ളൈയിംഗ് അലവന്‍സ് പുതുക്കിയിട്ടുള്ളത്. അതായത്, പൈലറ്റിനും കാബിന്‍ ക്രൂവിനും കുറഞ്ഞത് 40 മണിക്കൂര്‍ ജോലിസമയം കണക്കാക്കി ഉറപ്പായും മിനിമം വേതനം നല്‍കും. മൊത്തം ശമ്പളത്തിലെ ഒരു പ്രധാന വിഹിതമാണ് ഫ്‌ളൈയിംഗ് അലവന്‍സ്. 40 മണിക്കൂറിനുമേല്‍ ജോലി ചെയ്താല്‍ അതിനനുസരിച്ച് ശമ്പളം കൂടും.

 പൈലറ്റുമാര്‍ക്കും കുടുംബത്തിനും ഇനി പരിധിയില്ലാത്ത സൗജന്യ യാത്രാടിക്കറ്റുകളും ലഭ്യമാക്കും. കാബിന്‍ ക്രൂവിന് പ്രവര്‍ത്തന ക്ഷമതയും പ്രകടനവും വിലയിരുത്തിയുള്ള പ്രത്യേക ബോണസും ലഭ്യമാക്കും. പൈലറ്റുമാര്‍ക്ക് കമ്പനിയിലെ പ്രവൃത്തിപരിചയത്തിന്റെ അളവനുസരിച്ചും കൂടുതല്‍ റിവാര്‍ഡ് നേടാനും കഴിയും.
ശമ്പളം 8.5 ലക്ഷം വരെ
ജൂനിയര്‍ ഫസ്റ്റ് ഓഫീസര്‍, സീനിയര്‍ കമാന്‍ഡര്‍ എന്നീ പുതിയ തസ്തികകളും പൈലറ്റ് വിഭാഗത്തില്‍ എയര്‍ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. ട്രെയിനി പൈലറ്റിന് പ്രതിമാസ ശമ്പളം 50,000 രൂപയായിരിക്കും. ജൂനിയര്‍ ഫസ്റ്റ് ഓഫീസര്‍ക്ക് 2.35 ലക്ഷം രൂപ, ഫസ്റ്റ് ഓഫീസര്‍ക്ക് 3.45 ലക്ഷം രൂപ, ക്യാപ്റ്റന് 4.75 ലക്ഷം രൂപ, കമാന്‍ഡറിന് 7.5 ലക്ഷം രൂപ, സീനിയര്‍ കമാന്‍ഡറിന് 8.5 ലക്ഷം രൂപ എന്നിങ്ങനെയുമാണ് ശമ്പളം പുതുക്കിയത്.
കാബിന്‍ ക്രൂവിനും ഫ്‌ളൈയിംഗ് അലവന്‍സ്
പൈലറ്റുമാര്‍ക്കുള്ള 40 മണിക്കൂര്‍ ഫ്‌ളൈയിംഗ് അലവന്‍സ് കാബിന്‍ ക്രൂവിനും (വിമാനത്തിന് ഉള്ളിലെ ജീവനക്കാർ) ബാധകമാക്കി. 25,000 രൂപയാണ് ട്രെയിനി കാബിന്‍ ക്രൂവിന് പ്രതിമാസ ശമ്പളം. സീനിയര്‍ കാബിന് 64,000 രൂപയും കാബിന്‍ എക്‌സിക്യുട്ടീവിന് 78,000 രൂപയും ലഭിക്കും. ഈവര്‍ഷം 4,200 പുതിയ കാബിന്‍ ക്രൂവിനെയും 900 പൈലറ്റുമാരെയും നിയമിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ബോയിംഗ്, എയര്‍ബസ് എന്നിവയില്‍ നിന്നായി പുതിയ 470 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും എയര്‍ ഇന്ത്യ ഏര്‍പ്പെട്ടിട്ടുണ്ട്.
Tags:    

Similar News