'എക്സ്പ്രസ് എഹെഡു'മായി എയര്‍ ഇന്ത്യ; ഇനി ചെക്ക്-ഇന്‍ കൗണ്ടറിലെ ക്യൂ ഒഴിവാക്കാം

എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും 'എക്‌സ്പ്രസ് എഹെഡ്' സേവനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്

Update:2023-07-04 15:38 IST

Image:air india express

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കായി 'എക്സ്പ്രസ് എഹെഡ്' എന്ന പേരിലുള്ള മുന്‍ഗണനാ സേവനങ്ങള്‍ തുടങ്ങുന്നു. ചെക്ക്-ഇന്‍ മുതല്‍ ലാന്‍ഡിംഗ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുന്‍ഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ് 'എക്സ്പ്രസ് എഹെഡ്'.

ഇനി മുതല്‍ ചെറിയ തുക അടക്കുന്നവര്‍ക്ക് ചെക്ക്-ഇന്‍ കൗണ്ടറിന് മുമ്പിലെ ക്യൂ നില്‍ക്കലും ബാഗേജിനായള്ള കാത്തുനില്‍പ്പും ഒഴിവാക്കാം.'എക്സ്പ്രസ് എഹെഡ്' യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക്-ഇന്‍ കൗണ്ടറുകളുണ്ടാകും. അവര്‍ക്ക് ബോര്‍ഡിംഗിലും അവരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും മുന്‍ഗണന ലഭിക്കും. കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ അവരുടെ ബാഗേജുകള്‍ ആദ്യം ലഭിക്കുകയും ചെയ്യും.

വാങ്ങാം ഇവിടെ നിന്ന്

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറില്‍ നിന്ന് 'എക്‌സ്പ്രസ് എഹെഡ്' സേവനങ്ങള്‍ വാങ്ങാന്‍ കഴിയും. കൗണ്ടര്‍ അടയ്ക്കുന്നത് വരെ ഇതിന് സമയമുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ഈ സേവനം ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ ഇന്ത്യ എക്സ്പ്രസ് ഉടന്‍ ലഭ്യമാക്കും.

ആഭ്യന്തര യാത്രയ്ക്കായി എയര്‍ ഇന്ത്യ ഗ്രൂപ്പ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൊബൈല്‍ അപ്ലിക്കേഷനിലോ ഏകീകൃത എയര്‍ലൈന്‍ വെബ്‌സൈറ്റായ airindiaexpress.com വഴിയോ ഈ സേവനം മുന്‍കൂട്ടി ബുക്ക് ചെയ്യാനാകും. കൂടാതെ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും 'എക്‌സ്പ്രസ് എഹെഡ്' സേവനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

Tags:    

Similar News