വനിതാ പൈലറ്റുമാരുടെ ചിറകിലേറി എയര്‍ ഇന്ത്യ

90ലേറെ വിമാന സര്‍വീസുകളില്‍ വനിതാ ക്രൂ മാത്രം

Update: 2023-03-08 11:36 GMT

Photo credit: facebook.com/AirIndia

ടാറ്റയുടെ തറവാട്ടിലേക്ക് തിരിച്ചെത്തിയ നാള്‍ മുതല്‍ ശ്രദ്ധേയ ചുവടുവയ്പ്പുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ബോയിംഗ്, എയര്‍ബസ് എന്നിവയില്‍ നിന്ന് 480 പുത്തന്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായി. ലോക വനിതാദിനമായ ഇന്ന് വനിതകള്‍ മാത്രം ക്രൂ അംഗങ്ങളായ 90ലധികം വിമാനസര്‍വീസുകളാണ് ടാറ്റയുടെ വിമാനക്കമ്പനികള്‍ നടത്തിയത്. ഇതില്‍ 40 സര്‍വീസുകളും എയര്‍ ഇന്ത്യയുടേതായിരുന്നു.

വനിതകളുടെ ചിറകിലേറി

ഇന്ത്യയ്ക്കുള്ളിലും വിദേശത്തേക്കും വനിതകളുടെ ചിറകിലേറി എയര്‍ ഇന്ത്യ പറന്നു. ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര സര്‍വീസിന് പുറമേ ഗള്‍ഫിലേക്കുമായി 10 സര്‍വീസുകള്‍ നടത്തി. എയര്‍ഏഷ്യ ഇന്ത്യ 40 ആഭ്യന്തര സവീസുകളും നടത്തി.

പൈലറ്റുമാരില്‍ 15 ശതമാനവും

എയര്‍ഇന്ത്യയുടെ മൊത്തം പൈലറ്റുമാരില്‍ 15 ശതമാനവും വനിതകളാണെന്നും ലോകത്ത് ഏറ്റവുമധികം വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്നും എയര്‍ഇന്ത്യ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ഇന്ത്യയുടെ 1825 പൈലറ്റുമാരില്‍ 275 പേര്‍ (15 ശതമാനം) വനിതകളാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ്, എയര്‍ഏഷ്യ ഇന്ത്യ എന്നിവയില്‍ മാത്രം 97 വനിതാ പൈലറ്റുമാരുണ്ട്.

വിവിധ മേഖലകളില്‍

ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും എയര്‍ഇന്ത്യ വലിയമൂല്യമാണ് കല്‍പ്പിക്കുന്നത്. വനിതാജീവനക്കാര്‍ എയര്‍ഇന്ത്യയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഫിനാന്‍സ്, എച്ച്.ആര്‍, ഉപഭോക്തൃസേവനം, ട്രെയിനിംഗ്, ടെക്‌നോളജി, എന്‍ജിനിയറിംഗ്, സേഫ്റ്റി ആന്‍ഡ് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ തുടങ്ങിയ മേഖലകളിലും വനിതകളുടെ ശ്രദ്ധേയ സന്നിദ്ധ്യമുണ്ട്.

Tags:    

Similar News