മുതിര്‍ന്ന യാത്രക്കാര്‍ക്ക് പകുതി ടിക്കറ്റ് നിരക്ക്; പുതിയ തീരുമാനവുമായി എയര്‍ ഇന്ത്യ

ബേസിക് ഫെയറിന്‍റെ 50 ശതമാനമായിരിക്കും 60 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇനി ഇക്കോണമി ക്ലാസിലെ പുതുക്കിയ യാത്രാ നിരക്കുകള്‍

Update: 2020-11-13 03:32 GMT

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്ന 60 വയസ് പൂര്‍ത്തിയായ വ്യക്തികള്‍ക്ക് യാത്രാ ടിക്കറ്റില്‍ 50 ശതമാനം ഇളവ് നല്‍കുന്നതായി പ്രഖ്യാപിച്ചു. ബേസിക് ഫെയറിന്‍റെ 50 ശതമാനമായിരിക്കും ഇത്തരക്കാര്‍ക്ക് ഇനി ഇക്കോണമി ക്ലാസിലെ പുതുക്കിയ യാത്രാ നിരക്കുകള്‍. ഇക്കോണമി ക്ലാസുകളിലെ തെരഞ്ഞെടുത്ത സീറ്റുകളിലാകും ഈ നിരക്കില്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുക.

എന്നാല്‍ നിരക്ക് കുറവ് നേടാന്‍ മുതിര്‍ന്ന യാത്രക്കാര്‍ കണ്‍സെഷന്‍ ടിക്കറ്റ് എടുക്കേണ്ടി വരും. ഇതിനായി ഫോട്ടോ പതിപ്പിച്ച ഐഡി, അതായത് വയസ്സു തെളിയിക്കുന്ന വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, എയര്‍ ഇന്ത്യയുടെ സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവയിലേതെങ്കിലും നല്‍കണം.

ആഭ്യന്തര വിമാന സര്‍വീസിലായിരിക്കും നിരക്ക് കുറവ് ലഭ്യമാകുക. കണ്‍സെഷന്‍ എടുത്ത് ഒരു വര്‍ഷം വരെ ഉപയോഗിക്കാവുന്നതാണ്. യാത്ര ചെയ്യുന്നതിന് ഏഴ് ദിവസം മുന്പെങ്കിലും അതാത് യാത്രയ്ക്കുള്ള കണ്‍സെഷന്‍ പ്രകാരമുള്ള നിരക്കിലുള്ള ടിക്കറ്റ് എടുത്തിരിക്കണം.

ഇത് കൂടാതെ രണ്ട് വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ കൂടെ കൂട്ടുന്നത് രണ്ട് വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടിയാണ് എങ്കില്‍ 1250 രൂപയും നികുതിയുമാകും കുട്ടിയുടെ ടിക്കറ്റ് നിരക്ക്.

ഏതെങ്കിലും തരത്തില്‍ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാല്‍ ചെറിയ തുക യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്നും എയര്‍ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നു. തടസ്സമില്ലാത്ത യാത്രയ്ക്ക് പേരും വയസ്സും തെളിയിക്കുന്ന രേഖകള്‍ കയ്യില്‍ കരുതുക.

Tags:    

Similar News