ആകാശ എയറും ഓഹരി വിപണിയിലേക്ക്; രാജ്യാന്തര സര്‍വീസ് ഈ വര്‍ഷാവസാനം തുടങ്ങും
പുതിയ 76 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി
രാജ്യത്തെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയര്‍ ഈ വര്‍ഷം തന്നെ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ പറഞ്ഞു. ഇതിനായി പുതിയ വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം ന്യൂസ് ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും മാത്രമാണ് വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യോമയാന കമ്പനികള്‍. സാമ്പത്തിക പ്രതിസന്ധി മൂലം 2019ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ പ്രശ്‌നത്തിലകപ്പെട്ട ഗോ ഫസ്റ്റ് ഐ.പി.ഒയ്ക്ക് തയാറെടുത്തിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല. എയറും
അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ്
14 മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ആകാശ എയര്‍ നിലവില്‍ മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ 16 ആഭ്യന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതു കൂടാതെ റിയാദ്, ജിദ്ദ, ദോഹ, കുവൈത്ത് എന്നീ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഈ റൂട്ടുകളില്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും.
76 പുതിയ വിമാനങ്ങള്‍
അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായി 76 പുതിയ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്കാണ് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. 2027 പകുതിയോടെ ഇവ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 20 എയര്‍ക്രാഫ്റ്റുകളാണ് ആകാശ എയറിനുള്ളത്.
2027ഓടെ കൂടുതല്‍ വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അതിനു ശേഷം ഓഹരി വിപിണിയിലേക്കിറങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നുമാണ് ദുബെ പറയുന്നത്.
ഈ വര്‍ഷം തന്നെ രണ്ട് പുതിയ എയര്‍ ക്രാഫ്റ്റുകള്‍ കമ്പനിക്ക് ലഭിക്കും. ഇതോടെ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം എയര്‍ക്രാഫ്റ്റുകളുടെ എണ്ണം 25 ആകും. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 40 ആക്കി ഉയര്‍ത്താനാകുമെന്നും ദുബെ പറഞ്ഞു.
കമ്പനിയുടെ കാഷ് ഫ്‌ളോ മികച്ചതാണെന്നും വിമാനങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യത്തിന് പണം കമ്പനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 5.17 ലക്ഷം യാത്രക്കാര്‍ക്കാണ് ആകാശ എയര്‍ സേവനം നല്‍കിയത്. 4.2 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം.