ഒഎന്‍ജിസിയുടെ ആദ്യ വനിതാ സിഎംഡി ആയി അല്‍ക്ക മിത്തല്‍

ഒഎന്‍ജിസിയുടെ മുതിര്‍ന്ന ബോര്‍ഡ് അംഗമായിരുന്ന അല്‍ക്ക മിത്തല്‍ 1985ല്‍ ആണ് ഒഎന്‍ജിസിയില്‍ ഗ്രാജുവേറ്റ് ട്രെയിനിയായി ചേര്‍ന്നത്.

Update: 2022-01-04 06:35 GMT

IMAGE :ongcindia/Facebook

ഇന്ത്യന്‍ കമ്പനികളുടെ തലപ്പത്തേക്ക് കൂടുതല്‍ വനിതാ രത്‌നങ്ങള്‍, ഏറ്റവും പുതുതായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) ഹ്യൂമന്‍ റിസോഴ്സസ് ഡയറക്ടര്‍ (എച്ച്ആര്‍) ആയിരുന്ന അല്‍ക്ക മിത്തലാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) അധിക ചുമതലയേറ്റത്.

സിഎംഡിയുടെ അധിക ചുമതല വഹിച്ചിരുന്ന ഡയറക്ടര്‍ (ധനകാര്യം) സുഭാഷ് കുമാര്‍ 2021 ഡിസംബര്‍ 31-ന് ജോലിയില്‍ നിന്ന് വിരമിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ പുതിയ തീരുമാനം. ഒഎന്‍ജിസിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ മേധാവി എത്തുന്നത്.

സുഭാഷ് കുമാറിന്റെ വിരമിക്കലിന് ശേഷം ബോര്‍ഡംഗങ്ങളായവരില്‍ ഏറ്റവും മുതിര്‍ന്ന ഒഎന്‍ജിസി ബോര്‍ഡ് അംഗമാണ് അല്‍ക്ക. 2018 നവംബര്‍ 27-ന് ആണ് ഒഎന്‍ജിസി ബോര്‍ഡിലേക്ക് അല്‍ക്ക എത്തുന്നത്.

ഇക്കണോമിക്സ്, എംബിഎ (എച്ച്ആര്‍എം), കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ മിത്തല്‍ 1985-ല്‍ ആണ് ഒഎന്‍ജിസിയില്‍ ഗ്രാജുവേറ്റ് ട്രെയിനിയായി ചേര്‍ന്നത്. ഒഎന്‍ജിസിയുടെ ചെയര്‍മാന്‍ സ്ഥാനം മാത്രമല്ല, ചരിത്രത്തില്‍ തന്നെ മുഴുവന്‍ സമയ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ആദ്യ വനിതയാണ്. കമ്പനിയുടെ ഡയറക്ടറായി (എച്ച്ആര്‍) ചേരുന്നതിന് മുമ്പ് ചീഫ് സ്‌കില്‍ ഡെവലപ്മെന്റ് (സിഎസ്ഡി) പദവി വഹിച്ചിരുന്നു.

തന്ത്രങ്ങളും നയങ്ങളും രൂപപ്പെടുത്തുകയും അവയുടെ പ്രകടനം ആനുകാലികമായി അവലോകനം ചെയ്യുകയും ചെയ്യുന്ന ഡയറക്ടര്‍ ബോര്‍ഡാണ് ഒഎന്‍ജിസിയെ നിയന്ത്രിക്കുന്നത്.

ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) , ഡയറക്ടര്‍ (ഓണ്‍ഷോര്‍), ഡയറക്ടര്‍ (ടെക്‌നോളജി & ഫീല്‍ഡ് സര്‍വീസസ്), ഡയറക്ടര്‍ (ഫിനാന്‍സ്), ഡയറക്ടര്‍ (ഓഫ്‌ഷോര്‍), ഡയറക്ടര്‍ (പര്യവേക്ഷണം), ഡയറക്ടര്‍ (ഹ്യൂമന്‍ റിസോഴ്‌സ്) എന്നിങ്ങനെ എന്നിങ്ങനെ ആറ് മുഴുവന്‍ സമയ ഡയറക്ടര്‍മാരും അടങ്ങുന്നതാണ് ഇത്.

ബോര്‍ഡിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും കമ്പനിയുടെ ദൈനംദിന ബിസിനസ് കാര്യങ്ങളും ഇവരാണ് കൈകാര്യം ചെയ്യുക.

ഒഎന്‍ജിസി

ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ, പ്രകൃതി വാതക കമ്പനിയാണ് മഹാരത്ന ഒഎന്‍ജിസി, ഇന്ത്യന്‍ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏകദേശം 71 ശതമാനം സംഭാവന ചെയ്യുന്നു.

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, നാഫ്ത, പാചക വാതക എല്‍പിജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് IOC, BPCL, HPCL, MRPL (അവസാനത്തെ രണ്ട് ഒഎന്‍ജിസിയുടെ ഉപസ്ഥാപനങ്ങളാണ്) തുടങ്ങിയ കമ്പനികള്‍ ഉപയോഗിക്കുന്നത് ഇവിടുത്തെ ക്രൂഡ് ഓയില്‍ ആണ്.

Tags:    

Similar News