പ്രൈം വീഡിയോസിലൂടെ ഇനി മറ്റ് ഓടിടി പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാം; പുത്തന്‍ നീക്കവുമായി ആമസോണ്‍

മറ്റ് ഓടിടി പ്ലാറ്റ്‌ഫോമുകളുടെ സേവനം ആമസോൺ പ്രൈമിൽ ലഭ്യമാക്കുന്ന "പ്രൈം വീഡിയോ ചാനൽ" ഇന്ത്യയിൽ അവതരിപ്പിച്ചു.

Update: 2021-09-24 09:40 GMT

ലോകത്തില്‍ ഏറ്റവും അധികം സിനിമകൾ നിർമിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. അതേ പോലെ തന്നെ കാഴ്ചക്കാരുടെ എണ്ണത്തിലും രാജ്യം മുൻ നിരയിൽ ഉണ്ട്. കൊവിഡ് വ്യാപനം രാജ്യത്തെ എന്‍റർടെയ്‌ൻമെന്‍റ് മേഖലയിൽ ഉണ്ടാക്കിയ പ്രധാന മാറ്റങ്ങളില്‍ ഒന്നാണ് ഒടിടി പ്ലാറ്റ്ഫോമുകൾ വ്യാപകമായത്.

തീയറ്ററുകൾ അടഞ്ഞ് കിടന്നതോടെ സിനിമകൾ ഓടിടികളില്‍ റിലീസിനെത്തി. ആമസോണ്‍ പ്രൈമും നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറുമൊക്കെ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചു. കൂടാതെ നീം സ്ട്രീമും, സൈന പ്ലേയും പോലുള്ള പ്രാദേശിക ഓടിടി പ്ലാറ്റ്ഫോമുകളും എത്തി. ഇതോടെ ഒടിടി മേഖലയില്‍ മത്സരവും കടുത്തു.
ഇന്ത്യയില്‍ ആമസോണും പ്രൈമും ഹോട്ട് സ്റ്റാറുമാണ് തങ്ങളുടെ എതിരാളികളെന്നും മികച്ച കണ്ടന്‍റുകൾ നൽകുകയാണ് പ്രധാനമെന്നും നെറ്റ്ഫ്ലിക്സ് സ്ഥാപകനും സിഇഒയുമായ റീഡ് ഹേസ്റ്റിങ്സ് പറഞ്ഞിരുന്നു. അക്ഷരാർത്ഥത്തിൽ അത് നടപ്പാക്കുകയാണ് ആമസോണ്‍ ഇന്ത്യയിൽ.
എട്ട് ഒടിടി പ്ലാറ്റ്ഫോമുകൾ ഇനി ആമസോണിൽ
മറ്റ് ഓടിടി സേവന ദാതാക്കൾക്ക് പ്രൈം വീഡിയോസിന്‍റെ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ അവസരം നൽകുകയാണ് പുതിയ നീക്കത്തിലൂടെ അമസോണ്‍. മലയാളത്തിൽ നിന്നുള്ള മനോരമ മാക്സ് കൂടാതെ നിലവിൽ ഡിസ്‌കവറി+, ലയൺസ്‌ഗേറ്റ് പ്ലേ, ഡോക്യുബേ, ഇറോസ് നൗ, മുബി, ഹോയ്ചോയ്, ഷോർട്ട്സ് ടിവി എന്നിങ്ങനെ എട്ട് പ്ലാറ്റ്ഫോമുകളാണ് ആമസോണുമായി കൈകോർക്കുന്നത്. കൂടുതൽ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ നടത്തുകയാണെന്ന് ആമസോണ്‍ അറിയിച്ചു.
പുതിയ നീക്കത്തിലൂടെ പ്രൈം ഉപഭോക്താക്കൾക്ക് കൂടുതൽ കണ്ടന്‍റുകൾ ലഭ്യമാക്കുകയാണ് ആമസോണിന്‍റെ ലക്ഷ്യം. ഇത്തരത്തിൽ ലഭ്യമാകുന്ന പ്ലാറ്റ്ഫോമുകളെകുറിച്ച് ആമസോണ്‍ പ്രൈം നോട്ടിഫിക്കേഷൻ നൽകും. ഈ ഒടിടി പ്ലാറ്റ്ഫോമുകൾ ആഡ്-ഓൺ സബ്സ്ക്രിപ്ഷനുകൾ ഉപയോഗിച്ച് ആക്സസ് ചെയ്യാം. പെയ്‌മെന്‍റും ആമസോണ്‍ പ്രൈമിലൂടെ നടത്താം.
ആമസോണിന്‍റെ ഇ- കൊമോഴ്‌സ് വെബ്സൈറ്റിന് സമാനമായിരിക്കും ഈ സേവനവും. ഉപഭോക്താക്കളും ഒടിടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ഇടനിലക്കാരൻ എന്ന നിലയിലായിരിക്കും ആമസോണ്‍ പ്രൈമിന്‍റെ പ്രവർത്തനം. പകരം കമ്മീഷൻ എന്ന നിലയ്ക്കുള്ള വരുമാനം കമ്പനിക്ക് ലഭിക്കും. അഞ്ച് വർഷം മുമ്പ് യുഎസിലാണ് ആദ്യമായി ആമസോണ്‍ ഈ സേവനം ലഭ്യമാക്കിയത്. നിലവിൽ ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലായി 350ൽ അധികം പ്ലാറ്റ്ഫോമുകളുമായി ആമസോണിന് പങ്കാളിത്വമുണ്ട്.


Tags:    

Similar News