ഇന്ത്യയില്‍ 7000 കോടി രൂപയുടെ നിക്ഷേപത്തിന് ആമസോണ്‍

Update: 2020-01-16 05:48 GMT

ഇന്ത്യയില്‍ നിന്നും 100 കോടി ഡോളറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ ലോക വിപണിയില്‍ എത്തിക്കുമെന്ന വാഗ്ദാനവുമായി ആമസോണ്‍ മേധാവി ജെഫ് ബെസോസ്. ഇന്ത്യ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബെസോസ്  ക്ഷണിക്കപ്പെട്ട സദസിനെ അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന് 100 കോടി ഡോളര്‍ നിക്ഷേപം ആമസോണ്‍ നടത്തുമെന്നും ബെസോസ് പറഞ്ഞു. നേരത്തെ 550 കോടി ഡോളര്‍ ആമസോണ്‍ ഇന്ത്യയില്‍  നിക്ഷേപിച്ചിരുന്നു.2025 ഓടെയാണ് ഇന്ത്യയില്‍ നിന്നും ആയിരം കോടി ഡോളര്‍ മൂല്യമുള്ള കയറ്റുമതി നടത്താന്‍ സാധിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യം 21ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായക സംഭവമാകുമെന്നും ഇന്ത്യയുടെ നൂറ്റാണ്ടായിരിക്കും ഇതെന്നും ബെസോസ് പറഞ്ഞു.ഇന്ത്യയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും വളര്‍ച്ചയും മികച്ചതാണ്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന് ഏറെ പ്രത്യേകതയുണ്ടെന്നും ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു.

നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണിനെതിരെയും ഫ്‌ളിപ്കാര്‍ട്ടിനെതിരെയും അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ജെഫ് ബെസോസിന്റെ ഇന്ത്യ സന്ദര്‍ശനം.വിപണിയില്‍ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോംപറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടത്.വ്യാപാരി സമൂഹം ആമസോണ്‍ മേധാവിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിലാണ്.   

സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളുമായി ബെസോസ് കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ട്. ബെസോസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയടക്കം പല പ്രമുഖരെയും കാണാന്‍ താല്‍പ്പര്യമുണ്ടെന്നാണ് അറിയുന്നത്. ആരെല്ലാം അദ്ദേഹത്തെ കാണാന്‍ അനുവദിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News