അനിൽ അംബാനി 'ബില്യണയർ ക്ലബ്ബിൽ' നിന്ന് പുറത്ത് 

Update:2019-06-18 15:37 IST

2008-ൽ ലോകത്തെ ആറാമത്തെ അതിസമ്പന്നനായ വ്യക്തിയായിരുന്നു അനിൽ അംബാനി. പതിനൊന്നു വർഷങ്ങൾക്കിപ്പുറം ശതകോടീശ്വരൻമാരുടെ പട്ടികയിൽ നിന്നും അദ്ദേഹം പുറത്തായിരിക്കുന്നു.

അനിൽ അംബാനിയുടെ ആറു കമ്പനികളുടെയും കൂടി മാർക്കറ്റ് ക്യാപ് ഇപ്പോൾ വെറും 6,196 കോടി രൂപയായി ഇടിഞ്ഞിരിക്കുകയാണ്. നാലുമാസം മുൻപ് ഇത് 8000 കോടിയായിരുന്നു.

ചെയർമാൻ അനിൽ അംബാനിയുടെ നെറ്റ് വർത്ത് ഇതോടെ ഒരു ബില്യൺ ഡോളറിന് (100 കോടി) താഴെയായി. ബാങ്കുകളിൽ ഈട് വെച്ചിരിക്കുന്ന പ്രൊമോട്ടർ ഹോൾഡിങ് കൂടി കണക്കിലെടുത്താൽ ഇതിലും താഴെയായിരിക്കും മൂല്യം.

14 മാസത്തിനുള്ളിൽ 35,000 കോടി രൂപയുടെ വായ്പകൾ ഗ്രൂപ്പ് തിരിച്ചടച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞയാഴ്ച അനിൽ അംബാനി പറഞ്ഞത്. മാത്രമല്ല, ഇനി അടക്കാനുള്ള കടങ്ങളും സമയബന്ധിതമായി തിരിച്ചടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റിലയൻസ് ക്യാപിറ്റലിന്റെയും റിലയൻസ് ഹോം ഫിനാൻസിന്റെയും ഓഡിറ്റർ പദവിയിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് & കോ. രാജിവെച്ചത്. ഫണ്ട് വകമാറ്റൽ സംബന്ധമായ ചില സംശയങ്ങൾ നിരത്തിയാണ് കമ്പനി പിന്മാറിയത്.

READ MORE: അനില്‍ അംബാനി: കുതിപ്പും കിതപ്പും: കഥ ഇതുവരെ

2018 സെപ്റ്റംബറിലെ കണക്ക് പ്രകാരം അനില്‍ അംബാനി ഗ്രൂപ്പിന്റെ മൊത്തം കടം 1.72 ലക്ഷം കോടി രൂപയാണ്. റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നീ നാല് കമ്പനികളാണ് ഈ കടഭാരത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്തിരിക്കുന്നത്.

2000ത്തിന്റെ ആദ്യ നാളുകളില്‍ ലഭിച്ചിരുന്ന ചെലവ് കുറഞ്ഞ ഫണ്ടുകള്‍ യഥേഷ്ടം സമാഹരിച്ച് മോഹം തോന്നിയ മേഖലകളിലെല്ലാം പതിനായിരക്കണക്കിന് കോടികള്‍ നിക്ഷേപിച്ച് നടത്തിയ യാത്രയുടെ സ്വാഭാവികമായ അന്ത്യം കൂടിയാണ് ഇപ്പോള്‍ കാണുന്നത്.

Similar News