2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ മുന്നേറ്റവുമായി അപ്പോളോ ടയേഴ്സ്

ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3.25 രൂപ (325 ശതമാനം) എന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു

Update:2022-05-13 15:02 IST

2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തില്‍ വന്‍ മുന്നേറ്റവുമായി അപ്പോളോ ടയേഴ്‌സ്. ടയര്‍ കമ്പനിയുടെ അറ്റാദായം 2020-21 ലെ 350 കോടി രൂപയില്‍ നിന്ന് 82 ശതമാനം വര്‍ധിച്ച് 639 കോടി രൂപയായി. അതേസമയം, മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇടിവുണ്ടായി. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞപാദത്തിലെ അറ്റാദായം 61 ശതമാനം ഇടിഞ്ഞ് 113 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 287 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ 5,026 കോടിയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 5,578 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 17,397 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 20,948 കോടി രൂപയായി.
കമ്പനിയുടെ യൂറോപ്യന്‍ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് നാലാം പാദത്തില്‍ ഉണ്ടായ ശക്തമായ ഡിമാന്‍ഡും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയിലെ ആരോഗ്യകരമായ വളര്‍ച്ചയും, ഏകീകൃത വരുമാനത്തില്‍ വര്‍ധനവിന് കാരണമായതായി അപ്പോളോ ടയേഴ്‌സ് ചെയര്‍മാന്‍ ഓങ്കാര്‍ കന്‍വാര്‍ പറഞ്ഞു. ഇന്ത്യയില്‍, പ്രത്യേകിച്ച് സിവി സെഗ്മെന്റില്‍ അടുത്തിടെയുണ്ടായ ഡിമാന്‍ഡിലെ വര്‍ധനയാണ് ഇതിന് സഹായകമായത്.
കൂടാതെ, ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 3.25 രൂപ (325 ശതമാനം) എന്ന നിരക്കില്‍ ലാഭവിഹിതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കമ്പനി അറിയിച്ചു. ഇന്ന് (13-05-2022, 2.40 pm) അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വില 2.78 ശതമാനം വര്‍ധിച്ച് 201.45 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.


Tags:    

Similar News