ആപ്പിള്‍ എന്തുകൊണ്ടാണ് സിഇഒ ടിം കുക്കിന്റെ ശമ്പളം വെട്ടിക്കുറച്ചത് ?

കഴിഞ്ഞ വര്‍ഷം ഓഹരി ഉടമകളുടെ യോഗത്തില്‍ 64 ശതമാനം പേര്‍ മാത്രമാണ് സിഇഒയുടെ ശമ്പളത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്

Update:2023-01-14 10:40 IST

ബിസിനസ് ലോകത്ത് അധികം കേട്ട് കേള്‍വിയില്ലാത്ത ഒന്നാണ് കഴിഞ്ഞ ദിവസം ആപ്പിള്‍ സിഇഒ ടിം കൂക്ക് ചെയ്തത്. ശമ്പളം കുറയ്ക്കണമെന്ന് ടിം കുക്ക് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ടിം കൂക്കിന്റെ ശമ്പളം ആപ്പിള്‍ 40 ശതമാനത്തോളം കുറയ്ക്കും.

കഴിഞ്ഞ വര്‍ഷം 84 മില്യണ്‍ ഡോളറായിരുന്നു ആപ്പിള്‍ സിഇഒ ശമ്പളമായി വാങ്ങിയത്. ആപ്പിളിലെ ഒരു ജീവനക്കാരന്റെ ശരാശരി ശമ്പളത്തെക്കാള്‍ ഏകദേശം 1400 ഇരട്ടി. ഓഹരി ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ശമ്പളം കുറയ്ക്കാനുള്ള തീരുമാനം എന്നാണ് വിവരം. 2022ല്‍ ഓഹരി ഉടമകളുടെ യോഗത്തില്‍ 64 ശതമാനം പേര്‍ മാത്രമാണ് ടിം കൂക്കിന്റെ ശമ്പളത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.  മുന്‍വര്‍ഷം 94 ശതമാനവും അനുകൂലിച്ച സ്ഥാനത്തായിരുന്നു ഈ ഇടിവ്.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് പകരക്കാരനായി 2011ല്‍ ആണ് ടിം കുക്ക് സിഇഒ സ്ഥാനത്തേക്ക് എത്തുന്നത്. കുക്കിന്റെ നേതൃത്വത്തിലാണ് മൂന്ന് ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തെ ആദ്യ കമ്പനിയായി ആപ്പിള്‍ മാറിയത്. നിലവില്‍ 2.14 ട്രില്യണ്‍ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികള്‍ക്ക് 20 ശതമാനത്തിലധികം ഇടിവുണ്ടായി. കമ്പനി സിഇഒയുടെ ശമ്പളത്തിന്റെ വലിയൊരു ശതമാനവും തീരുമാനിക്കപ്പെടുന്നത് ഓഹരി വിപണിയിലെ പ്രകടനത്തെ ആശ്രയിച്ചാണ്. അതേ സമയം കുക്കിന്റെ അടിസ്ഥാന ശമ്പളത്തിലും (3 മില്യണ്‍ ഡോളര്‍) ആനുകൂല്യങ്ങള്‍ക്കും (6 മില്യണ്‍ ഡോളര്‍) മാറ്റമുണ്ടാകില്ല.

ആഗോള തലത്തില്‍ സിഇഒമാര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. 2021ല്‍ ഒരു സാധാരണ ജീവനക്കാരന് ശരാശി ലഭിക്കുന്നതിലും 399 ഇരട്ടിയായിരുന്നു സിഇഒമാരുടെ ശമ്പളം. ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 1978-2022 കാലയളവില്‍ സിഇഒമാരുടെ ശമ്പള വര്‍ധന 1460 ശതമാനത്തോളം ആണ്.

Tags:    

Similar News