പ്രതീക്ഷകളെയും മറികടന്ന് ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം, ഒന്നാമനായി ആപ്പിള്‍
പി.എല്‍.ഐ പദ്ധതി പ്രകാരം കൂടുതല്‍ ആനുകൂല്യങ്ങള്‍ കമ്പനിക്ക് ലഭിച്ചേക്കും
അമേരിക്കന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മിച്ചത് ഒരു ലക്ഷം കോടി രൂപ മൂല്യം വരുന്ന ഐഫോണുകള്‍. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനയാണ് ഉത്പാദനത്തിലുണ്ടായിരിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 65,000 കോടി രൂപ മൂല്യം വരുന്ന ഐഫോണുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് മോഡലുകള്‍
2023ല്‍ ആപ്പിള്‍ അഞ്ച് ഐഫോണ്‍ മോഡലുകളാണ് (11, 12, 13, 14, 15 ) ഉത്പാദിപ്പിച്ച് കയറ്റുമതി നടത്തിയത്. യു.എസ്, യൂറോപ്പ്. പശ്ചിമേഷ്യ എന്നിവിടങ്ങളാണ് മുഖ്യ വിപണി. 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തു നിന്ന് 5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) കയറ്റുമതി നടത്തിയ ഏക ബ്രാന്‍ഡാണ് ആപ്പിള്‍. രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ കയറ്റുമതി ഇക്കാലയളവില്‍ 90,000 കോടി രൂപയുടേതായിരിന്നു. രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ അഞ്ചാം സ്ഥാനത്താണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍.