മൂണ്‍ലൈറ്റിംഗ് അനീതി, അനുകൂലിക്കുന്നത് വെറും 19% പേര്‍

തൊഴില്‍ നഷ്ടമുണ്ടായാല്‍ അതില്‍ നിന്നും പരിരക്ഷ നേടുന്നതിനാണ് മൂണ്‍ലൈറ്റിംഗെന്ന് വലിയൊരു വിഭാഗവും പറയുന്നു

Update: 2022-11-22 06:12 GMT

സ്ഥിര ജോലിക്ക് പുറമെ ആളുകള്‍ രണ്ടാമതൊരു ജോലി കൂടി ചെയ്യുന്ന മൂണ്‍ലൈറ്റിംഗ് എന്ന ആശയം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ജീവനക്കാര്‍ക്കിടയില്‍ മൂണ്‍ലൈറ്റിംഗിനുള്ള സ്വീകാര്യതയുമായി ബന്ധപ്പെട്ട് ഒരു സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് 81 ശതമാനം ജീവനക്കാരും മൂണ്‍ലൈറ്റിംഗില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് അനീതിയാണെന്ന് കരുതുന്നതായും വാല്യുവോക്‌സ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 19 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഈ പ്രവണതയെ അനുകൂലിക്കുന്നത്. 2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 1,281 തൊഴിലുടമകളിലും 1,533 തൊഴിലന്വേഷകരിലും ജീവനക്കാരിലും നടത്തിയ സര്‍വേയാണിത്. പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടമുണ്ടായാല്‍ അതില്‍ നിന്നും പരിരക്ഷ നേടുന്നതിനാണ് മൂണ്‍ലൈറ്റിംഗെന്ന് 37 ശതമാനം ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.

27 ശതമാനം ജീവനക്കാര്‍ മൂണ്‍ലൈറ്റിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണ്ടെത്തിയത് അധിക വരുമാനമാണ്. 29 ശതമാനം ജീവനക്കാര്‍ ജോലിയില്‍ അമിതഭാരം അനുഭവപ്പെടുന്നതായി പറയുന്നു. അതേസമയം 23 ശതമാനം പേര്‍ മാനേജര്‍മാരുടെയോ മേലധികാരികളുടെയോ പിന്തുണയുടെ അഭാവമാണ് ഈ പ്രവണതയുടെ വളര്‍ച്ചയിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നു.

തൊഴില്‍ദാതാക്കള്‍ക്ക് ഈ പ്രവണതയെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ജീവനക്കാര്‍ക്ക് അവരുടെ തൊഴിലില്‍ വേണ്ടത്ര താല്‍പ്പര്യമില്ലാത്തതിനാലാണ് മൂണ്‍ലൈറ്റിംഗ് തിരഞ്ഞെടുക്കുന്നതെന്ന് 31 ശതനമാനം തൊഴിലുടമകളും പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ക്ക് രണ്ടാമത്തെ ജോലിക്ക് വേണ്ടത്ര സമയമുണ്ടെന്ന് 23 ശതമാനം തൊഴിലുടമകളും അവകാശപ്പെട്ടു. 21 ശതമാനം പേര്‍ ഇത് പ്രതിബദ്ധതയില്ലായ്മയാണെന്ന് കാണുന്നു.

മൂണ്‍ലൈറ്റിംഗ് അനുവദനീയമല്ലെന്ന നിലപാടാണ് ഐടി കമ്പനികള്‍ക്കുള്ളത്. ഇത്തരം പ്രവണതകള്‍ തങ്ങളുടെ പ്രൊജക്ട് വിവരങ്ങള്‍ പുറത്തുപോകാന്‍ വഴിവയ്ക്കുമെന്നാണു ഇവരുടെ വാദം. രാജ്യത്തെ ഒട്ടുമിക്ക ഐടി സ്ഥപനങ്ങളും ഇത്തരം പ്രവണതയെ പ്രോല്‍സാഹിപ്പിക്കുന്നില്ല. നിരവധി കമ്പനികള്‍ ഇതിനോടകം മൂണ്‍ലൈറ്റിംഗിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

Tags:    

Similar News