ആന്ധ്രയിലെ രമേശ് ഹോസ്പിറ്റല്‍ ആസ്റ്റര്‍ എടുക്കുന്നു; 200 കോടി നിക്ഷേപം

ആശുപത്രി ശൃംഖലയിലെ മൊത്തം ബെഡുകളുടെ എണ്ണം 4,317 ആകും

Update:2023-07-15 15:47 IST

Image : asterhospitals.in

മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ ഉമടസ്ഥതയിലുള്ള ആശുപത്രി ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ആന്ധ്രാപ്രദേശിലെ രമേഷ് ഹോസ്പിറ്റലിന്റെ 57.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 200 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍.

710 ബെഡുകള്‍ ഉള്ള ആശപുത്രിയെ ഏറ്റെടുക്കുന്നതോടെ ഡി.എം ഹെല്‍ത്ത്‌കെയര്‍ ആശുപത്രി ശൃംഖലയിലുള്ള ബെഡുകളുടെ എണ്ണം 4,317 ആയി വര്‍ധിക്കും. മൊത്തം അഞ്ച് ആശുപത്രികളാണ് രമേഷ് ഹോസ്പിറ്റലിനു കീഴിലുള്ളത്. ഇനി ഇതില്‍ നാല് ആശുപത്രികള്‍ ആസ്റ്റര്‍ രമേഷ് ഹോസ്പിറ്റല്‍ എന്ന് പേരുമാറ്റും.
ദക്ഷിണേന്ത്യയിലെ സാന്നിധ്യം
കഴിഞ്ഞ വര്‍ഷം കര്‍ണാടക മാണ്ഡ്യയിലുള്ള ജി മാഡെഗൗഡ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ആന്ധ്രാപ്രദേശി തിരുപ്പതിയിലുള്ള നാരായണാദ്രി ഹോസിപിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.എച്ച്.ആര്‍.ഐ) എന്നിവയുമായി പ്രവര്‍ത്തന-നിയന്ത്രണ കരാറില്‍ (Operation and Management Agreement /O&M) ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഏര്‍പ്പെട്ടിരുന്നു.
ആസ്റ്ററിന് ഇന്ത്യയില്‍ 17 ആശുപത്രികള്‍, 257 ഫാര്‍മസികള്‍, 205 ലാബുകളുമുണ്ട്. റീബ്രാന്‍ഡിംഗോടെ അത്യാധുനിക ക്ലിനിക്കല്‍ സേവനങ്ങള്‍ നല്‍കുന്ന ദക്ഷിണേന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ മാറുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍വ്യക്തമാക്കി.
അടുത്തിടെ ആസാദ് മൂപ്പന്റെ കുടുംബം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിലെ ഓഹരി പങ്കാളിത്തം 41.88 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. 460 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്. വെള്ളിയാഴ്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ഓഹരിവില 4.78% ഉയര്‍ന്ന് 316.50 രൂപയായി.
Tags:    

Similar News