ആസ്റ്റര്‍ ഡി.എം ദുബൈയിലും സൗദിയിലും ലിസ്റ്റ് ചെയ്യും, ഇന്ത്യയില്‍ ₹2,000 കോടി നിക്ഷേപം

ഡിവിഡന്‍ഡ് തീരുമാനം ഈ മാസം അന്തിമമാക്കും

Update:2024-01-31 16:55 IST

Image : asterhospitals.ae /canva

രാജ്യത്തെ പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖലയായ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ ഇന്ത്യയില്‍ വികസനിത്തിനായി 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ആസാദ് മൂപ്പന്‍. വിദേശ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഡോ.മൂപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ-ഗള്‍ഫ് ബിസിനസുകള്‍ വേര്‍പെടുത്തിയ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ യു.എ.ഇയിലും സൗദി അറേബ്യയിലും കമ്പനിയുടെ ലിസ്റ്റിംഗ് നടത്താനും ഉദ്ദേശിക്കുന്നുണ്ട്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലിസ്റ്റിംഗ് പ്രതീക്ഷിക്കാമെന്ന് മൂപ്പന്‍ പറയുന്നു. ഗള്‍ഫ് ബിസിനസ് വിറ്റഴിച്ച് സമാഹരിച്ച തുകയില്‍ 70-80 ശതമാനം ഡിവിഡന്‍ഡായി നല്‍കാനുപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ തന്നെ ഇതില്‍ തീരുമാനമാകും.
ഗള്‍ഫ് സാന്നിധ്യം കൂട്ടും
ഇന്ത്യ-ഗള്‍ഫ് ബിസിനസുകള്‍ വേര്‍പെടുത്തിയ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് ഗള്‍ഫ് ബിസിനസില്‍ 35 ശതമാനം പങ്കാളിത്തമാണ് നിലവിലുള്ളത്. 65 ശതമാനം ഓഹരികള്‍ ദുബൈയിലെ ഫജര്‍ ക്യാപിറ്റലിനു കീഴിലുള്ള കണ്‍സോര്‍ഷ്യമായ ആല്‍ഫ ഡി.സി.സി ഹോള്‍ഡിംഗ്‌സിനാണ്. അതില്‍ നിന്നായിരിക്കും പൊതുവിപണിയ്ക്കായി ഓഹരി ലഭ്യമാക്കുക. ഡോ.മൂപ്പന്റെ കുടുംബം നിലവിലുള്ള ഓഹരി തുടര്‍ന്നേക്കും. എന്നാല്‍ ചെറിയൊരു ഭാഗം ഓഫര്‍ ഫോര്‍ സെയില്‍ വഴി വില്‍പ്പന നടത്തിയേക്കും.
കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും വളര്‍ച്ചനേടുന്നതിന്റെ ഭാഗമായാണ് ഈ നയപരമായ തീരുമാനം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗള്‍ഫില്‍ 250 ഫാര്‍മസികള്‍ തുറക്കാനും കമ്പനി പദ്ധിയിടുന്നുണ്ട്.
ഇന്ത്യയിലെയും ഗള്‍ഫിലെയും ബിസിനസുകളുടെ മൊത്തം വിപണി മൂല്യം ഏകദേശം 200 കോടി ഡോളറാണ്. ഇതില്‍ ജി.സി.സി ബിസിനസ് മാത്രം 170 കോടി ഡോളര്‍ വരും.
ഇന്ത്യയില്‍ 6,000 കിടക്കകള്‍
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,190 കോടി രൂപ വരുമാനം നേടിയ കമ്പനി അടുത്ത രണ്ട് വര്‍ഷത്തില്‍ രാജ്യത്ത് കൂടുതല്‍ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ (GDP) മൂന്ന് ശതമാനമാണ് ആരോഗ്യസംരക്ഷണ മേഖലയുടേത്. വരും വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണെന്നും ആസാദ് മൂപ്പന്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി 19 ആശുപത്രികളും 13 ക്ലിനിക്കുകളും 226 ഫാര്‍മസികളും ആസ്റ്ററിനുണ്ട്. വിപുലീകരണത്തിന്റെ ഭാഗമായി 1,500 ഓളം കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മൊത്തം കിടക്കകളുടെ എണ്ണം 6,000 ആക്കി ഉയര്‍ത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കലുകളിലൂടെ കൂടുതല്‍ ഹോസ്പിറ്റലുകള്‍ കൂട്ടിച്ചേര്‍ക്കുന്നതു കൂടാതെ പുതിയ ഹോസ്പിറ്റലുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിനായി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളെ ആശ്രയിക്കുമെന്നും ഡോ.മൂപ്പന്‍ വ്യക്തമാക്കുന്നു.
Tags:    

Similar News