ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ലാഭം 75% ഇടിഞ്ഞു, വരുമാനം ₹ 3,215 കോടി
പ്രമുഖ ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ലാഭത്തില്‍ 75% ഇടിവ് രേഖപ്പടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 79.77 കോടി രൂപയില്‍ നിന്ന് ലാഭം 19.85 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ചിലവസാനിച്ച തൊട്ടു മുന്‍ പാദത്തില്‍ 182.59 കോടി രൂപയായിരുന്നു ലാഭം.
അതേസമയം, ഇക്കാലയളവില്‍ ആസ്റ്ററിന്റെ വരുമാനം 3,215 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലിത് 2,669 കോടിരൂപയായിരുന്നു. 21 ശതമാനമാണ് വര്‍ധന.
ജൂണ്‍ പാദത്തില്‍ നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം 33 ശതമാനം വളര്‍ച്ചയോടെ 388 കോടി രൂപയായെന്ന് ആസാദ് ഡി.എം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.
ഏറ്റെടുക്കലുകളും വികസനവും
കഴിഞ്ഞ പാദത്തില്‍ പുതിയ ആശുപത്രികളെ ഏറ്റെടുക്കുന്നതിനൊപ്പം നിലവിലുള്ള ആശുപത്രികളിലെ ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമായെന്ന് ആസാദ് മൂപ്പന്‍ അറിയിച്ചു. കൊല്ലം ശാസ്താം കോട്ടയിലെ പദ്മാവതി ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് 01 മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ഇക്കാലയളവില്‍ വിവിധ ഓഹരി ഉടമകളില്‍ നിന്നായി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലിമിറ്റഡിന്റെ (MIMS) 1.9% ഓഹരികള്‍ അധികമായി ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ മിംമ്‌സിലെ ഓഹരി പങ്കാളിത്തം 76.01 ശതമാനത്തില്‍ നിന്ന് 77.92 ശതമാനമായി ഉയര്‍ന്നു.
കൂടാതെ ആസ്റ്ററിനു കീഴിലുള്ള ഡോ. രമേഷ് കാര്‍ഡിയാക് ആന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സ്, സംഘമിത്ര ഹോസ്പിറ്റല്‍സിന്റെ 1.90% ഓഹരികള്‍ 2.43 കോടിരൂപയ്ക്ക് സ്വന്തമാക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 33 ആശുപത്രികളും 127 ക്ലിനിക്കുകളും 527 ഫാര്‍മസികളുമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിനുള്ളത്. ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യങ്ങളിലായി 229 ലാബുകളും പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകളുമുണ്ട്.
ഓഹരിയില്‍ ഉണര്‍വ്
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഓഹരി ഇന്ന് 1.32% ഉയര്‍ന്ന് 311 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി നഷ്ടത്തിലായിരുന്നു ഓഹരി. ഈ വര്‍ഷം ഇതു വരെ ഓഹരി 35.34% ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.