2022 സാമ്പത്തിക വര്‍ഷത്തില്‍ സേവന കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 254 ബില്യണ്‍ ഡോളറിന്റെ സേവന കയറ്റുമതിയാണ് രാജ്യത്തുനിന്ന് നടത്തിയത്

Update:2022-05-05 11:15 IST

2022 സാമ്പത്തിക വര്‍ഷത്തില്‍ സേവന കയറ്റുമതിയില്‍ രാജ്യം തൊട്ടത് റെക്കോര്‍ഡ് നേട്ടം. ടൂറിസം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും സേവന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 254.4 ബില്യണ്‍ ഡോളറിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മാര്‍ച്ചിലെ സേവന കയറ്റുമതി 26.9 ബില്യണ്‍ ഡോളറാണ്, ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 29.3 ശതമാനത്തിന്റെ വര്‍ധന. കൂടാതെ, മാര്‍ച്ചില്‍ ഇറക്കുമതി 25 ശതമാനം വര്‍ധിച്ച് 15.3 ബില്യണ്‍ ഡോളറിലെത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍ & ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, മറ്റ് ബിസിനസ് സേവനങ്ങള്‍ എന്നിവയാണ് 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ സേവന കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്.

2021 സാമ്പത്തിക വര്‍ഷത്തില്‍ സേവന കയറ്റുമതി 206 ബില്യണ്‍ ഡോളറായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 225 ബില്യണ്‍ ഡോളറിന്റെ സേവന കയറ്റുമതിയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ബിപിഒ സേവനങ്ങള്‍ക്കപ്പുറം മറ്റ് സേവന മേഖലകളില്‍ കൂടി ഇന്ത്യ മുന്നേറി.
2021 ഏപ്രിലിനും ഡിസംബറിനുമിടയില്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍ എന്നിവയുടെ കയറ്റുമതി 91.95 ബില്യണ്‍ ഡോളറായിരുന്നു. പ്രൊഫഷണല്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സേവനങ്ങളും സാങ്കേതികവും വ്യാപാരവുമായി ബന്ധപ്പെട്ടതും മറ്റ് ബിസിനസ്സ് സേവനങ്ങളും ഉള്‍പ്പെടുന്ന 'മറ്റ് ബിസിനസ് സേവനങ്ങളുടെ' കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 42.13 ബില്യണ്‍ ഡോളറിലെത്തി.


Tags:    

Similar News