തിരിച്ചുകയറി കേരളത്തിലെ വാഹന വിപണി
2023 തുടങ്ങിയ ശേഷം കേരളത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 18,000ല്‍ അധികം വാഹനങ്ങളാണ്.
2022ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 7,83,154 വാഹനങ്ങളാണ്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.29 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2021നെ അപേക്ഷിച്ച് 17,570 വാഹനങ്ങള്‍ 2022ല്‍ അധികമായി നിരത്തിലെത്തി. കഴിഞ്ഞ രണ്ട് കൊല്ലങ്ങളായി വാഹന വില്‍പ്പന ക്രമേണ ഉയരുകയാണ്.
എന്നാല്‍ കോവിഡിന് മുമ്പത്തെ നിലയിലേക്ക് ഇതുവരെ വില്‍പ്പന എത്തിയിട്ടില്ല. 2019ല്‍ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ 9,14,075 ആയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ ഇത് 29.90 ശതമാനത്തോളം ഇടിയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 39,521 ഇലക്ട്രിക് വാഹനങ്ങളാണ് . 12,297 ഹൈബ്രിഡ് വാഹനങ്ങളും നിരത്തുകളിലെത്തി. സിഎന്‍ജി വാഹനങ്ങളുടെ എണ്ണം 14,139 ആണ്.
നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍വരെ 1.51 ലക്ഷം പാസഞ്ചര്‍ കാറുകളാണ് സംസ്ഥാനത്ത് വിറ്റത്. ഈ മേഖലയില്‍ ഉണ്ടായത് മൂന്ന് ശതമാനത്തോളം വളര്‍ച്ചയാണ്. 10 ശതമാനത്തോളം വളര്‍ച്ചയാണ് 2022-23 കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. തിരുവനന്തപുരം ആര്‍ടിഒയ്ക്ക് കീഴിലാണ് 2022ല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട്, എറണാകുളം ആര്‍ടിഒകളാണ് പിന്നാലെ.
അതേ സമയം അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും യഥാക്രമം 12.26 ശതമാനം, 30.02 ശതമാനം വളര്‍ച്ചയാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായത്. തമിഴ്‌നാട്ടില്‍ 17,00,621 വാഹനങ്ങളും കര്‍ണാടകയില്‍ 15,31,022 വാഹനങ്ങളും 2022ല്‍ നിരത്തിലെത്തി. യുപി, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത് എന്നിവയാണ് പുതിയ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. 2023 തുടങ്ങിയ ശേഷം ഒമ്പത് ദിവസത്തിനുള്ളില്‍ കേരളത്തില്‍ പുതുതായി നിരത്തിലെത്തിയ വാഹനങ്ങളുടെ എണ്ണം 18,008 കടന്നു. അതില്‍ ഇവികളുടെ എണ്ണം 1164 ആണ്.
പഴയ വാഹനങ്ങള്‍ക്കും ഡിമാന്‍ഡ്; സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമുകള്‍ വ്യാപകമാവുന്നു
കോവിഡിന് ശേഷം സംസ്ഥാനത്തെ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി വലിയ വളര്‍ച്ചയാണ് നേടുന്നത്. യൂസ്ഡ് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമായുള്ള വലിയ ഷോറൂമുകള്‍ കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ വ്യാപകമാണ്. കമ്പനികള്‍ അടിക്കടി വില വര്‍ധിപ്പിക്കുന്നത്, ഉയര്‍ന്ന പലിശ- നികുതി നിരക്കുകള്‍ തുടങ്ങിയവ ഇടത്തരും കുടുംബങ്ങളെ യൂസ്ഡ് വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂസ്ഡ് കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കും വലിയ ഡിമാന്‍ഡാണ് കേരളത്തില്‍. 2022-27 കാലയളവില്‍ രാജ്യത്തെ പഴയ കാറുകളുടെ വിപണി 16 ശതമാനം നിരക്കില്‍ വളരുമെന്നാണ് ഒഎല്‍എക്‌സ് റിപ്പോര്‍ട്ട്.