പറക്കാന്‍ ചെലവേറും; ഒറ്റദിവസം കൊണ്ട് വിമാന ഇന്ധന വിലയില്‍ 4,481 രൂപയുടെ വര്‍ധന
രണ്ട് മാസം കൊണ്ട് വര്‍ധിച്ചത് 16,497.38 രൂപ
രാജ്യത്തെ വിമാന ഇന്ധന വില (ജെറ്റ് ഇന്ധനം- Aviation Turbine Fuel) ബുധനാഴ്ച ഏക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ ജെറ്റ് ഇന്ധന വിപണിയിലും പ്രതിഫലിച്ചത്. ഒറ്റ ദിവസം കൊണ്ട് 5.2 ശതമാനം ഉയര്‍ച്ചയാണ് ജെറ്റ് ഇന്ധന വിലയില്‍ ഉണ്ടായത്. 4,481.63 രൂപ വര്‍ധിച്ച് നിലവില്‍ 90519.79 രൂപയാണ് ഒരു കിലോ ലിറ്റര്‍ ജെറ്റ് ഇന്ധനത്തിന്റെ വില.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. 2022 തുടങ്ങിയ ശേഷം മാത്രം ജെറ്റ് ഇന്ധന വില 16,497.38 രൂപയാണ് കൂടിയത്. 2021 നവംബറില്‍ വില കിലോ ലിറ്ററിന് 80,835.04ല്‍ എത്തിയിരുന്നു. 2008ല്‍ ജെറ്റ് ഇന്ധന വില 71,028.26ല്‍ എത്തിയപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 147 യുഎസ് ഡോളറായിരുന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 93.87 യുഎസ് ഡോളറാണ് വില.
തുടര്‍ച്ചയായ 103-ാം ദിവസവും പെട്രോള്‍-ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ജെറ്റ് ഇന്ധന വില വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനവികാരം കണക്കിലെടുത്ത് കേന്ദ്രം പെട്രോള്‍- ഡീസല്‍ വില നിയന്ത്രിക്കുകയാണ്. രണ്ടാഴ്ച്ച കാലത്തെ അന്താരാഷ്ട്ര തലത്തിലെ ശരാശരി വിലയെ അടിസ്ഥാനമാക്കി എല്ലാ മാസവും 1, 16 തീയതികളിലാണ് ജെറ്റ് ഇന്ധന വില പരിഷ്‌കരിക്കുന്നത്.