ലയനം: ബാങ്ക് ഓഫീസര്‍മാര്‍ 26 നും 27 നും പണിമുടക്കും

Update: 2019-09-13 10:04 GMT

പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഓഫീസര്‍മാരുടെ നാല് യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നു. ഈ മാസം 26, 27 തീയതികളല്‍ മുഴുവന്‍ ബാങ്കുകളിലുമായുള്ള സൂചനാ പണിമുടക്കിനു ശേഷം നവംബര്‍ രണ്ടാം വാരം മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എഐബിഒസി അറിയിച്ചു. ഈ മാസം 20-ന് പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

ലയനത്തിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് സംഘടനകളുടെ തീരുമാനം. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ഭീമ ഹര്‍ജി സമര്‍പ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.വേതന പരിഷ്‌കരണം വൈകിക്കരുതെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഓഫീസര്‍ കേഡറിനു പുറത്തുള്ള ജീവനക്കാരുടെ യൂണിയനുകള്‍ പണിമുടക്കു കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യന്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക്, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്ന് ഓഗസ്റ്റ് 30-ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിശദീകരിച്ചു.ലാഭകരമല്ലാത്ത പൊതുമേഖലാ ബാങ്കുകളെ വമ്പന്‍ പൊതുമേഖലാ ബാങ്കുകളുമായാണ് ലയിപ്പിക്കുന്നത്. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ ഇതുവഴി നാലെണ്ണമാക്കും.

ലയനം രാജ്യത്തിനും ബാങ്കിംഗ് വ്യവസായത്തിനും ജീവനക്കാര്‍ക്കും ദോഷകരമാണെന്ന് മുന്‍ ലയനങ്ങളുടെ ഫലം ചൂണ്ടിക്കാട്ടി യൂണിയന്‍ നേതാക്കള്‍ വാദിക്കുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. 2017-ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചു.

Similar News