പ്രവാസികള്‍ക്ക് ഇനി യു.പി.ഐ പണമിടപാട് കൂടുതല്‍ എളുപ്പം; ഈ അക്കൗണ്ട് ഉണ്ടായാല്‍ മതി

വൈദ്യുതി ബില്ലടക്കം അടയ്ക്കാന്‍ ഇനി എളുപ്പ വഴി;

Update:2024-05-07 16:40 IST

Image : Canva and NPCI

ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പ്രവാസികള്‍ക്ക് ഇനി ഇന്ത്യയില്‍ യു.പി.ഐ ഇടപാട് നടത്താം. ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടുള്ള പ്രവാസികള്‍ക്കാണ് ഈ സുവര്‍ണാവസരമൊരുങ്ങുന്നത്. ഇതോടെ വൈദ്യുതി ബില്‍, വെള്ളക്കരം ഉള്‍പ്പെടെ വിവിധ യൂട്ടിലിറ്റി ബില്ലുകള്‍, ഇ-കോമേഴ്സ് ഇടപാടുകള്‍ അടക്കമുള്ള പണമിടപാടുകള്‍ പ്രവാസികള്‍ക്ക് യു.പി.ഐ വഴി നടത്താനാകും.  

ഇത്തരത്തില്‍ യു.പി.ഐ പണമിടപാടുകള്‍ നടത്താനായി ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ എന്‍.ആര്‍.ഇ/ എന്‍.ആര്‍.ഒ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കണം. ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഐമൊബൈല്‍ പേ (iMobile Pay) വഴിയാണ് ഈ സേവനം ലഭ്യമാകുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ടോ, യു.പി.ഐ ഐഡിയിലേക്കോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്കോ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്കോ ഇത്തരത്തില്‍ പണം അയയ്ക്കാം.

പണം അയയ്ക്കാം ഇങ്ങനെ  

ഇത്തരം പണമിടപാട് നടത്തുന്നതിനായി ആദ്യം ഐമൊബൈല്‍ പേ ആപ്പില്‍ ലോഗിന്‍ ചെയ്യണം. ശേഷം 'യു.പി.ഐ പേയ്മെന്റുകള്‍' ക്ലിക്ക് ചെയ്യുക. പിന്നീട് മൊബൈല്‍ നമ്പര്‍ പരിശോധിച്ചുറപ്പിക്കുക. ഇനി മാനേജില്‍ ക്ലിക്ക് ചെയ്ത് മൈ പ്രൊഫൈലില്‍ കയറുക. ഒരു പുതിയ യു.പി.ഐ ഐ.ഡി സൃഷ്ടിക്കുക. ഇന് അക്കൗണ്ട് നമ്പര്‍ തിരഞ്ഞെടുത്തശേഷം സബ്മിറ്റ് ചെയ്യുക.

ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ വേണ്ട

മുമ്പ് യു.എസ്.എ, യു.കെ, യു.എ.ഇ, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിങ്ങനെ 10 രാജ്യങ്ങളില്‍ യു.പി.ഐ ഇടപാടുകള്‍ നടത്തുന്നതിന് പ്രവാസികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു.

ഇപ്പോള്‍ ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചും ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഉപഭോക്താക്കള്‍ക്ക് യു.പി.ഐ ഉപയോഗിച്ച് പണമടയ്ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറിലേക്ക് മാറേണ്ടതില്ലെന്നും ഐ.സി.ഐ.സി.ഐ ബാങ്ക് അറിയിച്ചു. 

Tags:    

Similar News