കൃത്രിമം കാണിച്ചതായി പരാതി; ഇന്ത്യയിലുള്ള ഗൂഗിള്‍ പേ ആപ്പ് സി.സി.ഐയുടെ നിരീക്ഷണത്തില്‍

Update: 2020-05-29 13:57 GMT

ആല്‍ഫബെറ്റ് ഐ.എന്‍.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിള്‍ പേ ആപ്പ് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട. ഗൂഗ്‌ളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറില്‍ ഗൂഗ്ള്‍ പേ ആപ്പ് മറ്റ് പേമെന്റ് ആപ്പുകളെക്കാള്‍ പ്രാധാന്യത്തോടെ നല്‍കിയെന്നും ഇത് ഉപഭോക്താക്കളെയും മറ്റു പേമെന്റ് ആപ്പുകളെയും ബാധിച്ചെന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പരാതി സംബന്ധിച്ച് ഗൂഗിളിന് സി.സി.ഐ. നോട്ടീസ് അയച്ചിട്ടുണ്ട്. ഇതില്‍ ഗൂഗ്ള്‍ പേയുടെ സുരക്ഷിതത്വത്തെക്കുറിച്ചിട്ടും സൂചന നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ച പരാതി സി.സി.ഐ. യുടെ പരിശോധനാ ഘട്ടത്തിലാണുള്ളത്. ഗൂഗിളിന്റെ വിശദീകരണംകൂടി ലഭിച്ചശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ. കഴമ്പുള്ളതാണെന്നു കണ്ടാല്‍ വിശദമായ അന്വേഷണം നടത്താനാണ് സിസിഐയുടെ തീരുമാനം. ആന്‍ഡ്രോയ്ഡ് വിപണയിലെ സ്വാധീനമുപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഗൂഗിള്‍ പേ ആപ്പിന് പ്ലേ സ്റ്റോര്‍ വഴി കൂടുതല്‍ പ്രചാരം നല്‍കിയെന്നാണ് പ്രധാന ആരോപണം. പ്ലേ സ്റ്റോര്‍ സെര്‍ച്ചില്‍ കൃത്രിമം കാട്ടിയതായും റേറ്റിംഗ് ഉയര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്ല. ഗൂഗ്ള്‍ ഇതിനോട് പ്രതികരിച്ചിട്ടുമില്ല.

ഇന്ത്യയില്‍ സി.സി.ഐ. മുന്‍പാകെ ഗൂഗിളിനെതിരേ എത്തുന്ന മൂന്നാമത്തെ പരാതിയാണിത്. 2018-ല്‍ കന്പനിയുടെ വാണിജ്യ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സേര്‍ച്ച് എന്‍ജിനില്‍ വിവരങ്ങള്‍ ലിസ്റ്റ് ചെയ്യുന്നുവെന്ന പരാതി വന്നിരുന്നുയ ഇതില്‍ 2.1 കോടി ഡോളര്‍ (ഏകദേശം 135.86 കോടി രൂപ) പിഴയിടുകയും ചെയ്തിരുന്നു. മൊബൈല്‍ കന്പനികളെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കുന്നതില്‍ ഗൂഗിള്‍ സ്വാധീനം ചെലുത്തുന്നവെന്നായിരുന്നു 2019-ല്‍ ലഭിച്ച പരാതി. അത് പോലെ ആന്‍ഡ്രോയ്ഡിലൂടെ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തുന്നവര്‍ക്ക് ഇത് ഓട്ടോമാറ്റിക് സജഷനില്‍ ആദ്യ സ്ഥാനം നല്‍കുകയും ചെയ്തുവെന്നാണ് ആറോപണം.

ലോക്ഡൗണ്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് യു.പി.ഐ. അധിഷ്ടിത ആപ്പുകളില്‍ ഏറ്റവും മുന്നിലാണ് ഗൂഗിള്‍ പേയുടെ സ്ഥാനം. 2017-ല്‍ ടെസ് എന്ന പേരില്‍ പുറത്തിറക്കിയ ആപ്പില്‍ മാസംതോറും ആറു കോടിയിലധികം ഉപഭോക്താക്കള്‍ ഇടപാടുകള്‍ നടത്തുന്നതായാണ് കണക്കുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News