500 ബ്രാഞ്ചുകൾ, ഐപിഒ: വലിയ ലക്ഷ്യങ്ങളുമായി ഇസാഫ്

Update:2019-07-12 10:31 IST

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഷെയർ മാർക്കറ്റ് ലിസ്റ്റിംഗിനായി ഒരുങ്ങുന്നു. 2021 സെപ്റ്റംബർ മാസം ഐപിഒ എന്ന ലക്ഷ്യം വെച്ചാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ.

അതിനു മുൻപ് ഒരു പ്രീ-ഐപിഒ നടത്താനുള്ള ആലോചനകളും നടന്നു വരുന്നു. 2020 മാർച്ച് ആകുമ്പോൾ 500 ബ്രാഞ്ചുകൾ തുറക്കാനും ബാങ്ക് ലക്ഷ്യം വയ്ക്കുന്നു.

കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ബംഗാൾ, ഒറീസ, ജാർഖണ്ഡ്, ഡൽഹി, ആസാം എന്നീ സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് നിലവിൽ 230 ബ്രാഞ്ചുകളാണുള്ളത്.

രണ്ടു വർഷം കൊണ്ട് 230 ബ്രാഞ്ചുകൾ തുറക്കാനായതു വലിയ നേട്ടമായി കാണുന്നുവെന്ന് ഇസാഫ് സ്മോൾ ഫിനാന്സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് പറയുന്നു.

"മുൻപുണ്ടായിരുന്ന ബ്രാഞ്ചുകളെ -- അൾട്രാ സ്മോൾ ബ്രാഞ്ച് -- പുതിയ ബ്രാഞ്ചായി മാറ്റാൻ മൂന്ന് വർഷം വരെ സാവകാശം ഉണ്ട്. അത് ഘട്ടം ഘട്ടമായി നടന്നു വരുന്നു. ഈ വർഷം അതിനു വേണ്ടുന്ന നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാകും. അങ്ങനെ 2020 മാർച്ച് എത്തുമ്പോൾ ബ്രാഞ്ചുകളുടെ സംഖ്യ 500 എത്തിക്കാൻ ഉള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്. അതോടൊപ്പം 2021 സെപ്റ്റംബർ മാസത്തിൽ ഐപിഒ, അതൊക്കെയാണ് ബാങ്കിന്റെ നിലവിലെ ലക്ഷ്യങ്ങൾ," അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്കിലേക്കുള്ള മാറ്റം അത് ഒരു വലിയ പ്രക്രിയ തന്നെ ആയിരുന്നു, പോൾ തോമസ് ഓർക്കുന്നു. "ബാങ്കിന്റെ നിയമങ്ങൾ, നിയന്ത്രങ്ങണൾ ഒക്കെ കുറച്ചു കൂടി കർക്കശമാണ്. ഒരു വെല്ലുവിളി എന്നത് നമ്മുടെ ബാധ്യതകളും, നിക്ഷേപങ്ങളും എങ്ങനെ മാനേജ് ചെയ്യും എന്ന കാര്യത്തിലായിരുന്നു. എന്നാൽ രണ്ടു വർഷം കൊണ്ട്, 2019 മാർച്ച് 31 ആയപ്പോൾ, 4320 കോടി രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കാൻ കഴിഞ്ഞു. കൂടാതെ പ്രൈവറ്റ് പ്ലേസ്മെന്റ് വഴി 364 കോടി രൂപയുടെ ക്യാപിറ്റൽ രണ്ടു ഘട്ടത്തിലായി 2018ൽ സമാഹരിച്ചു. നല്ല പ്രതികരണമാണ് നമ്മുടെ ഇക്വിറ്റിക്ക് ലഭിച്ചത്."

നിലവിൽ ഇസാഫ് ബാങ്ക് നൽകുന്നതിന്റെ 98 ശതമാനവും ഒരു ലക്ഷം രൂപ അല്ലെങ്കിൽ അതിൽ കുറഞ്ഞ എംഎസ്എംഇ വായ്പകളാണ്. 2020 മാർച്ച് ആകുമ്പോൾ അത് 90 ശതമാനത്തിൽ എത്തിക്കുക, അടുത്ത അഞ്ചു വർഷം കൊണ്ട് അത്തരം വായ്പ്പകൾ 60:40 എന്ന അനുപാതത്തിൽ എത്തിക്കാനാണ് ബാങ്കിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. 

Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ – http://bit.ly/2IjKw5Z OR send ‘START’ to +49 1579 2369 680

Similar News